വാർത്താനോട്ടം

Advertisement

2024 ജൂലൈ 03 ബുധൻ

🌴കേരളീയം🌴

🙏 സൗദി അറേബ്യന്‍ ജയിലില്‍ കഴിയുന്ന അബ്ദുല്‍ റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്തു. റിയാദ് ക്രിമിനല്‍ കോടതിയുടേതാണ് ഉത്തരവ്. രേഖകളെല്ലാം പരിശോധിച്ചതിന് ശേഷമാണ് കോടതി വധശിക്ഷ റദ്ദ് ചെയ്ത ഉത്തരവില്‍ ഒപ്പ് വെച്ചത്.

🙏 ആലപ്പുഴ മാന്നാറില്‍ നിന്ന് 15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല കൊല്ലപ്പെട്ടെന്ന് സ്ഥിരീകരിച്ച് ആലപ്പുഴ എസ്പി ചൈത്ര തെരേസ ജോണ്‍. അമ്പലപ്പുഴ പൊലീസ് സ്റ്റേഷനില്‍ ലഭിച്ച കത്തിലെ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണം ആരംഭിച്ചത്. ശ്രീകലയുടെ ഭര്‍ത്താവ് അനിലാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലിസിന്റെ നിഗമനം.

🙏 സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത. ഇടിമിന്നല്‍ എപ്പോഴും ദൃശ്യമാകണമെന്നില്ലാത്തതിനാല്‍ മുന്‍കരുതല്‍ സ്വീകരിക്കുന്നതില്‍ നിന്നും വിട്ടുനില്‍ക്കരുതെന്നും കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നല്‍കി. വടക്കന്‍ കേരളത്തില്‍ വരും ദിവസങ്ങളില്‍ മഴ തുടരുമെന്നാണ് കേന്ദ്ര കാലാവസ്ഥാ റിപ്പോര്‍ട്ട്. കേരള തീരത്തും, തമിഴ്‌നാട് തീരത്തും ഇന്ന് രാത്രി 11.30 വരെ കള്ളക്കടല്‍ പ്രതിഭാസത്തിനും, ഉയര്‍ന്ന തിരമാലയ്ക്കും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രവും അറിയിച്ചു.

🙏 സംസ്ഥാനത്തെ 49 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ജൂലൈ 30 ന് ഉപതെരഞ്ഞെടുപ്പ് നടത്തുമെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ എ ഷാജഹാന്‍. ജൂലൈ നാലിന് തെരഞ്ഞെടുപ്പ് വിജ്ഞാപനം പുറപ്പെടുവിക്കും. നാമനിര്‍ദ്ദേശപത്രിക ജൂലൈ നാല് മുതല്‍ 11 വരെ സമര്‍പ്പിക്കാം. വോട്ടെണ്ണല്‍ ജൂലൈ 31 ന് രാവിലെ 10 മണിക്ക് നടക്കും.

🙏തിരുവനന്തപുരം കാര്യവട്ടം ക്യാമ്പസില്‍ കെഎസ്യു പ്രവര്‍ത്തകനെ എസ്എഫ്ഐക്കാര്‍ തട്ടിക്കൊണ്ടുപ്പോയി ഇടിമുറിയില്‍ കൊണ്ടുപോയി പൂട്ടിയിട്ട് മര്‍ദിച്ചെന്ന് പരാതി. കെഎസ്യു ജില്ലാ ജനറല്‍ സെക്രട്ടറി സാന്‍ജോസിനെയാണ് മര്‍ദിച്ചത്.

🇳🇪 ദേശീയം 🇳🇪

🙏 പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധിയെ ബാലബുദ്ധിയെന്നും കോണ്‍ഗ്രസിനെ പരാന്ന ഭോജിയെന്നും പരിഹസിച്ച് രാഷ്ട്രപതിയുടെ അഭിസംബോധനയ്ക്കുള്ള നന്ദിപ്രമേയ ചര്‍ച്ചയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ 2.15 മണിക്കൂര്‍ നീണ്ട മറുപടി പ്രസംഗം. സഖ്യകക്ഷികളുടെ വോട്ടു തിന്നുന്ന പരാന്നഭോജിയാണ് കോണ്‍ഗ്രസ് എന്നും അദ്ദേഹം പറഞ്ഞു.

🙏 പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ലോക്സഭയില്‍ പ്രതിപക്ഷ ബഹളം. രാഷ്ട്രപതി ദ്രൗപദി മുര്‍മുവിന്റെ നയപ്രഖ്യാപന പ്രസംഗത്തിനുള്ള നന്ദി പ്രമേയ ചര്‍ച്ചയില്‍ ആണ് പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പ്രതിപക്ഷ അംഗങ്ങള്‍ മുദ്രാവാക്യം മുഴക്കി പ്രതിഷേധിച്ചത്.

🙏 ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ മതപരിപാടിക്കിടെ തിക്കിലും തിരക്കിലും പെട്ട് 116 മരണം. ഭോലെ ബാബ എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ സത്സംഗം പരിപാടിക്കിടെയാണ് അതിദാരുണസംഭവം. ഒരു ലക്ഷത്തോളം പേര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

🙏 ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ ദുരന്തത്തിനിടയാക്കിയത് പ്രഭാഷകന്റെ വാഹനം കടന്നുപോകുന്നതുവരെ ജനങ്ങളെ തടഞ്ഞുനിര്‍ത്തിയതെന്ന് റിപ്പോര്‍ട്ടുകള്‍. ചടങ്ങുകള്‍ പൂര്‍ത്തിയായി ആളുകള്‍ മടങ്ങുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് രക്ഷപ്പെട്ടവരില്‍ ഒരാള്‍ വെളിപ്പെടുത്തിയതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🙏 ഉത്തര്‍പ്രദേശിലെ ഹാഥ്‌റസില്‍ സാകര്‍ വിശ്വഹരി എന്നും ഭോലെ ബാബ എന്നും അറിയപ്പെടുന്ന നാരായണ്‍ സാകര്‍ ഹരി നടത്തിയ ഒരു ‘സത്സംഗി’ന്റെ സമാപനത്തിലാണ് ദുരന്തമുണ്ടായത്. സ്വയംപ്രഖ്യാപിത ആള്‍ദൈവമായ ഇയാള്‍ മുന്‍ ഇന്റലിജന്‍സ് ബ്യൂറോ (ഐബി) ഉദ്യോഗസ്ഥനാണെന്നാണ് അവകാശപ്പെട്ടിരുന്നത്.

🙏 മംഗലാപുരം – നാഗര്‍കോവില്‍ പരശുറാം എക്‌സ്പ്രസ് കന്യാകുമാരിയിലേക്ക് നീട്ടി. രണ്ട് കോച്ചുകള്‍ അധികമായി ഘടിപ്പിച്ച് കൊണ്ടാണ് മാറ്റം. നാഗര്‍കോവില്‍ ജങ്ഷനില്‍ പണി നടക്കുന്നത് കൊണ്ടാണ് മാറ്റമെന്നാണ് റെയില്‍വെ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചത്.

🙏ലോക്സഭയില്‍ നന്ദി പ്രമേയ ചര്‍ച്ചക്കിടെ കോണ്‍ഗ്രസ് എംപി ഹൈബി ഈഡന് പ്രധാനമന്ത്രി നരേന്ദ്ര മോദി വെള്ളം നല്‍കി. അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചപ്പോഴാണ് ഹൈബി ഈഡന് പ്രധാനമന്ത്രി വെള്ളം നല്‍കിയത്. ഹൈബി വെള്ളം വാങ്ങി കുടിക്കുകയും ചെയ്തു.

🙏 സംസ്ഥാനത്തിന്റെ സാമ്പത്തിക സ്ഥിതി കണക്കിലെടുത്ത് തന്റെ ശമ്പളവും ഓഫീസിലേക്കുള്ള പുതിയ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെയുള്ള അലവന്‍സുകളും വേണ്ടെന്ന് ആന്ധ്രാപ്രദേശ് ഉപമുഖ്യമന്ത്രി പവന്‍ കല്യാണ്‍. ആവശ്യമെങ്കില്‍ സ്വന്തമായി കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷന്‍ വിതരണ പരിപാടിയില്‍ പങ്കെടുത്ത ശേഷം യോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

🙏 ടീഷര്‍ട്ട്, ജേഴ്സി, കീറിയ ഡിസൈനുള്ള ജീന്‍സ്, ശരീരം വെളിപ്പെടുത്തുന്ന വസ്ത്രങ്ങള്‍ എന്നിവ കോളേജില്‍ നിരോധിച്ച് മഹാരാഷ്ട്രയിലെ ചെമ്പൂരിലെ ആചാര്യ & മറാഠേ കോളേജിലെ പ്രിന്‍സിപ്പാള്‍ ഡ്രസ് കോഡ് വ്യക്തമാക്കി സര്‍ക്കുലര്‍ ഇറക്കി.

🙏 തമിഴ്നാട്ടിലെ ഫോക്സ്‌കോണിന്റെ ഐഫോണ്‍ നിര്‍മ്മാണ ഫാക്ടറിയില്‍ വിവാഹിതരായ സ്ത്രീകള്‍ക്ക് തൊഴില്‍ നിഷേധിക്കുന്നുവെന്ന വാര്‍ത്തയില്‍ ദേശീയ മനുഷ്യാവകാശ കമ്മീഷന്‍ നോട്ടീസ്. കേന്ദ്ര തൊഴില്‍ മന്ത്രാലയത്തിനും തമിഴ്നാട് സര്‍ക്കാരിനും ആണ് നോട്ടീസ് നല്‍കിയിരിക്കുന്നത്. ഒരാഴ്ചയ്ക്കകം അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദ്ദേശം.

🇦🇽 അന്തർ ദേശീയം 🇦🇴

🙏 വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 40 ഓളം യാത്രക്കാര്‍ക്ക് പരിക്ക്. സ്‌പെയിനിന്റെ തലസ്ഥാനമായ മാഡ്രിഡില്‍ നിന്ന് ഉറുഗ്വേയുടെ തലസ്ഥാനമായ മോണ്ടെവീഡിയോയിലേക്കുള്ള യാത്രക്കിടെയാണ് എയര്‍ യൂറോപ്പ വിമാനം ശക്തമായ ആകാശച്ചുഴിയില്‍ പെട്ടത്. വിമാനത്തില്‍ 325 യാത്രക്കാരുണ്ടായിരുന്നുവെന്നും പരിക്കേറ്റവരെ ഉടന്‍ തന്നെ ആശുപത്രികളിലേക്ക് മാറ്റിയെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

🏏 കായികം 🏏

🙏 യൂറോ കപ്പ് ഫുട്ബോളിലെ പ്രീക്വര്‍ട്ടര്‍ മത്സരത്തില്‍ റൊമാനിയയെ തോല്‍പ്പിച്ച് നെതര്‍ലന്‍ഡ്‌സ് ക്വാര്‍ട്ടറിലേക്ക് മുന്നേറി. എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് ഡച്ച് പടയുടെ ജയം. ആവേശം അവസാനമിനിറ്റുവരെ നീണ്ട മറ്റൊരു മത്സരത്തില്‍ ഓസ്ട്രിയയെ കീഴടക്കി തുര്‍ക്കി ക്വാര്‍ട്ടറില്‍. ഒന്നിനെതിരേ രണ്ടുഗോളുകള്‍ക്കാണ് തുര്‍ക്കിയുടെ ജയം.

🙏 പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ പൂര്‍ത്തിയായതോടെ 2024ലെ യൂറോ കപ്പിന്റെ ക്വാര്‍ട്ടര്‍ ചിത്രം തെളിഞ്ഞു. സ്പെയിന്‍ – ജര്‍മനി, പോര്‍ച്ചുഗല്‍ – ഫ്രാന്‍സ്, ഇംഗ്ലണ്ട് – സ്വിറ്റ്സര്‍ലണ്ട്, നെതര്‍ലണ്ട്സ് – തുര്‍ക്കി എന്നിങ്ങനെയാണ് മത്സരങ്ങള്‍. വെള്ളി, ശനി ദിവസങ്ങളിലായി ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരങ്ങള്‍ അരങ്ങേറും.

Advertisement

LEAVE A REPLY

Please enter your comment!
Please enter your name here