പത്തനംതിട്ട: നഗരസഭ ഓഫീസിനുള്ളിൽ റീൽസ് ചിത്രീകരിച്ച ജീവനക്കാർക്കെതിരെ നടപടി. തിരുവല്ല നഗരസഭയിലെ റവന്യൂ വിഭാഗത്തിലെ എട്ട് ജീവനക്കാർക്കെതിരെയാണ് നടപടി. മുനിസിപ്പൽ സെക്രട്ടറി ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകി.
മോഹൻലാൽ നായകനായ ‘ദേവദൂതൻ’ എന്ന സിനിമയിലെ പൂവേ പൂവേ പാലപ്പൂവേ എന്ന പാട്ടിലാണ് ജീവനക്കാർ റീൽസ് ചിത്രീകരിച്ചത്.
സംഭവത്തിൽ മൂന്നുദിവസത്തിനകം വിശദീകരണം നൽകണമെന്നാണ് നഗരസഭ സെക്രട്ടറി നിർദേശിച്ചിരിക്കുന്നത്. നഗരസഭയിൽ പൊതുജനങ്ങൾ ഉള്ള സമയത്തും ഓഫീസ് സമയത്തുമാണ് റീൽസ് ചിത്രീകരിച്ചതെങ്കിൽ മുനിസിപ്പൽ ചട്ടങ്ങൾ പ്രകാരം നിയമലംഘനമാണെന്ന് സെക്രട്ടറി വ്യക്തമാക്കി. ഇക്കാര്യം അന്വേഷിക്കും. ഓഫീസ് സമയത്തിനുശേഷമാണ് റീൽസ് ചിത്രീകരിച്ചതെങ്കിൽ പ്രശ്‌നമില്ല.
എന്നാൽ പൊതുജനങ്ങൾക്കുള്ള സേവനം തടസപ്പെട്ടുവെങ്കിലും നടപടിയുണ്ടാവും. റീൽസ് സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ചതിനുമാണ് നടപടിയെന്നും സെക്രട്ടറി പറഞ്ഞു.