നീറ്റ് പരീക്ഷാ ക്രമക്കേട്: നാളെ എസ് എഫ് ഐ, എ ഐ എസ് എഫ് വിദ്യാഭ്യാസ ബന്ദ്

Advertisement

തിരുവനന്തപുരം: നീറ്റ് പരീക്ഷയിലെ ക്രമക്കേട് ഉന്നയിച്ച്‌ നാളെ ഇടതുവിദ്യാര്‍ഥി സംഘടനകള്‍ നാളെ ദേശീയ വിദ്യാഭ്യാസബന്ദ് നടത്തും.

എസ്‌എഫ്‌ഐ, എഐഎസ്‌എഫ് സംഘടനകളാണ് വിദ്യാഭ്യാസബന്ദിന് ആഹ്വാനം ചെയ്തത്.

കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവയ്ക്കണമെന്നാവശ്യപ്പെട്ടാണ് എസ്‌എഫ്‌ഐ- എഐഎസ്‌എഫ് സംയുക്തമായി ദേശീയ വിദ്യാഭ്യാസബന്ദ് നടത്തുന്നത്. സ്‌കൂളുകളില്‍ ഉള്‍പ്പടെ പഠിപ്പ് മുടക്കാനാണ് ആഹ്വാനം. അതിനുശേഷം ജില്ലാ കേന്ദ്രങ്ങളിലേക്കും സെക്രട്ടേറിയറ്റിലേക്കും പ്രകടനങ്ങള്‍ നടത്തും.

നീറ്റിനെതിരെ ദേശീയതലത്തില്‍ വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് ഇടത് വിദ്യാര്‍ഥി സംഘടനകളുടെ തീരൂമാനം. ടെസ്റ്റിങ് ഏജന്‍സി പിരിച്ചുവിടണമെന്നും പുന:പരീക്ഷ നടത്തണമെന്നും ആവശ്യപ്പെട്ട് ഇന്ന് വിദ്യാര്‍ഥി സംഘടനകള്‍ പാര്‍ലമെന്റിലേക്ക് സംയുക്ത മാര്‍ച്ച്‌ നടത്തും. എന്‍എസ്‌യുഐ, ഐസ, എസ്‌എഫ്‌ഐ, എഐഎസ്‌എഫ്, സമാജ് വാദി ഛത്രസഭ എന്നീ സംഘടനകളാണ് മാര്‍ച്ചില്‍ പങ്കെടുക്കുന്നത്.

നീറ്റ് ക്രമക്കേട്, പരീക്ഷകള്‍ ന്യായമായും സുതാര്യമായും നടത്താനുള്ള എന്‍ടിഎയുടെ കഴിവില്ലായ്മയുടെ വ്യക്തമായ ഉദാഹരണമാണെന്ന് സംഘടനകള്‍ ചൂണ്ടിക്കാട്ടി. അതിനാല്‍ ഈ നിര്‍ണായക പരീക്ഷകള്‍ നടത്താന്‍ പുതിയതും വിശ്വസനീയവുമായ ഒരു ഏജന്‍സി സ്ഥാപിക്കണമെന്നാണ് സംഘടനകളുടെ ആവശ്യം.