ആലപ്പുഴ: കല്ലുവരെ പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ ടാങ്കില്‍ ഒഴിച്ചിരുന്നതായി കുഴിയെടുത്ത സോമന്‍.
മാന്നാറിലെ കൊലപാതകവുമായി ബന്ധപ്പെട്ട് മരിച്ച യുവതിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കള്‍ സെപ്റ്റിക് ടാങ്കില്‍ കണ്ടെത്തിയെന്ന് സോമന്‍ പറയുന്നു.
‘ടാങ്ക് പൊളിച്ചപ്പോള്‍ അസ്ഥിയുടേതെന്ന് തോന്നിപ്പിക്കുന്ന ചില വസ്തുക്കളാണ് കിട്ടിയത്. അടിവസ്ത്രത്തിലെ ഇലാസ്റ്റിക്, ഒരു ക്ലിപ്പ്, ലോക്കറ്റ് പോലെയുള്ള സാധനങ്ങളും കിട്ടി. കല്ലുപോലും പൊടിഞ്ഞ് പോകുന്ന രാസവസ്തുക്കള്‍ കുഴിയില്‍ ഇട്ടിട്ടുണ്ട്. അത് കാരണം എന്താണെന്ന് കൃത്യമായി പറയാന്‍ കഴിയില്ല, സെപ്റ്റിക് ടാങ്കില്‍ നിന്ന് ഇനിയൊന്നും കിട്ടാന്‍ സാധ്യതയില്ല’ – സോമന്‍ മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, അമ്മ മരിച്ചെന്ന് കരുതുന്നില്ലെന്ന് മാന്നാറില്‍ കൊല്ലപ്പെട്ട ശ്രീകലയുടെ മകന്‍ പറഞ്ഞു അമ്മ ജീവനോടെ ഉണ്ടെന്നാണ് വിശ്വാസം. അമ്മയെ തിരിച്ചു കൊണ്ടുവരും എന്നാണ് കരുതുന്നത്. ടെന്‍ഷന്‍ അടിക്കേണ്ടെന്ന് അച്ഛന്‍ പറഞ്ഞു. പൊലീസ് അന്വേഷണത്തില്‍ ഒന്നും കിട്ടില്ല. പൊലീസ് അന്വേഷണം തെറ്റായ വഴിക്കാണെന്ന് അച്ഛന്‍ പറഞ്ഞതായും ശ്രീകലയുടെ മകന്‍ മാധ്യമങ്ങളോട് പറഞ്ഞു.
15 വര്‍ഷം മുന്‍പ് കാണാതായ ശ്രീകല എന്ന കലയെ ഭര്‍ത്താവ് അനില്‍ കൊലപ്പെടുത്തിയത് യുവതിക്ക് മറ്റൊരാളുമായി ബന്ധമുണ്ടെന്ന സംശയത്തിന്റെ പേരിലാണെന്നാണ് പൊലീസിന്റെ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട്. കേസില്‍ കലയുടെ ഭര്‍ത്താവ് അനിലാണ് ഒന്നാം പ്രതി. പെരുമ്ബുഴ പാലത്തില്‍വച്ച് അനിലും മറ്റു പ്രതികളും ചേര്‍ന്ന് കലയെ കൊലപ്പെടുത്തിയെന്നാണ് കേസ്. ശേഷം കാറില്‍ മൃതദേഹം കൊണ്ടുപോയി മറവ് ചെയ്യുകയായിരുന്നു. പിന്നീട് തെളിവെല്ലാം പ്രതികള്‍ നശിപ്പിച്ചു. 2009ലായിരുന്നു സംഭവം.