അടിയുംകൊണ്ടു..,പുളിയും കുടിച്ചു.., ഡിജിപി ഭൂമി ഇടപാട് കേസ് ഒത്തു തീര്‍പ്പാക്കി

Advertisement

തിരുവനന്തപുരം . ഡിജിപി ഷെയ്ക്ക് ദർവേഷ് സാഹിബ് ഉൾപ്പെട്ട ഭൂമി ഇടപാട് കേസ് ഒത്തുതീർപ്പായി. പരാതിക്കാരനായ പ്രവാസി ഉമർ ഷെരീഫിന് ഡിജിപി വാങ്ങിയ അഡ്വാൻസ് തുക തിരികെ നൽകിയതോടെയാണ് സമവായമായത്. പണം കിട്ടിയ കാര്യം പരാതിക്കാരൻ തിരുവനന്തപുരം അഡീഷണൽ കോടതിയെ അറിയിച്ചു.

സർക്കാരിൻറെയും പൊലീസിൻറെയും മുഖം രക്ഷിക്കാൻ പരാതിക്കാരനുമായി രണ്ടു ദിവസം തുടർച്ചയായി നടത്തിയ ചർച്ചക്കൊടുവിലാണ് ഒത്തുതീർപ്പിലെത്തിയത്. ഉമർ ഷെരീഫിൻറെ കയ്യിൽ നിന്നും മൂന്ന് തവണകളായി വാങ്ങിയ മുപ്പത് ലക്ഷവും പലിശയും അടക്കമുള്ള തുക തിരിച്ചു നൽകി. പണം കിട്ടിയ വിവരം ഇതോടെ ഉമർ ഷെരീഫ് വക്കീൽ മുഖേന കോടതി അറിയിച്ചു, രമ്യ ഹർജി ഫയൽ ചെയ്തു. മെയ് 28നാണ് തിരുവനന്തപുരം അഡീഷണൽ സബ് കോടതി ഡിജിപി ഷെക്ക് ദർവേഷ് സാഹിബിൻറെ ഭാര്യയുടെ പേരിലുള്ള 10.8 സെൻറ് സ്ഥലം ജപ്തി ചെയ്തത്. ബാധ്യത ഉണ്ടെന്നുള്ള വിവരം മറച്ചു വച്ച് വിൽപന നടത്തിയതിനാണ് കോടതി നടപടി. പരാതിക്കാരന് പണം നൽകുന്ന പക്ഷം ജപ്തി പിൻവലിക്കുമെന്നും വിധിയിലുണ്ടായിരുന്നു. പണം തിരിച്ച് നൽകിയതോടെ സംസ്ഥാന പൊലീസിനും ആഭ്യന്തര വകുപ്പിനും നാണക്കേടായ സംഭവത്തിനാണ് തിരിശ്ശീല വീഴുന്നത്.