കടുവയെ പിടികൂടി, പുലിവാലുപിടിച്ച് വനംവകുപ്പ്

Advertisement

വയനാട് . കേണിച്ചിറയില്‍ ഭീതിപരത്തിയ കടുവയെ പിടിച്ചെങ്കിലും പുലിവാലുപിടിച്ച് വനംവകുപ്പ്. ചെതലയം റേഞ്ചിന് കീഴിലുള്ള ഇരുളം ഫോറസ്റ്റ് സ്റ്റേഷന്‍വളപ്പിലെ കൂട്ടിലാണ് ഇപ്പോഴും കടുവയുള്ളത്. കടുവയെ നെയ്യാറിലേക്ക് കൊണ്ടുപോകുമെന്ന് പറഞ്ഞിരുന്നെങ്കിലും ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവിറങ്ങാത്തതാണ് പ്രതിസന്ധി.

കേണിച്ചിറയിലെ കടുവ കൂട്ടിലായത് കഴിഞ്ഞ 23ന്. അവശനിലയിലായിരുന്ന കടുവയ്ക്ക് ചികിത്സ നല്‍കി. ഇനി വനത്തില്‍വിടുക സാധ്യമല്ലാത്തതിനാല്‍ നെയ്യാറിലേക്ക് കൊണ്ടുപോകാനാണ് നീക്കം. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍റെ ഉത്തരവിറങ്ങാത്തത് പ്രതിസന്ധി. ഇരുളം ഫോറസ്റ്റ് ഓഫീസില്‍ ഉള്ള ചെറിയ കൂട്ടിലാണ് ഇപ്പോഴും കടുവ. ഭക്ഷണം നല്‍കുന്നതും കൂടുവൃത്തിയാക്കുന്നതും അപകടം പിടിച്ച പണിയാണ്. ജീവനക്കാര്‍ മരണഭയത്തോടെയാണ് ഇക്കാര്യം നിര്‍വഹിക്കുന്നത്.

പച്ചാടിയിലെ സംരക്ഷണ കേന്ദ്രത്തില്‍ പരമാവധി പാര്‍പ്പിക്കാവുന്ന കടുവകളേക്കേള്‍ അധികം ഇപ്പോള്‍ തന്നെയുണ്ട്. നാല് കടുവകളെ പാര്‍പ്പിക്കാന്‍ സൌകര്യമുള്ളിടത്തിപ്പോള്‍ എണ്ണം ഏഴാണ്. ഇതാണ് ഇരുളത്ത് തന്നെ കടുവയെ സംരക്ഷിക്കാന്‍ കാരണം. കടുവയുള്ളതിനാല്‍ സദാസമയവും വനംവകുപ്പ് ജീവനക്കാരുടെ ശ്രദ്ധ ഇവിടെ വേണം. വനംവകുപ്പ് ഓഫീസിലേക്ക് വിവിധ ആവശ്യങ്ങള്‍ക്ക് ആളുകളെത്തുന്നതും കടുവയെ കാണാനായി ആളുകളെത്തുന്നതുമെല്ലാം പ്രതിസന്ധിയാണ്. കടുവയുടെ ആരോഗ്യനില എന്നും പരിശോധിക്കുന്നുണ്ട്. എല്ലാ റിപ്പോര്‍ട്ടുകളും കണ്ണൂര്‍ സിസിഎഫ് വഴി ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന് കൈമാറിയതാണ്. നിയമസഭാ സമ്മേളനം നടക്കുന്നതാണ് ഉത്തരവിറങ്ങാന്‍വൈകാന്‍ കാരണമെന്നാണ് സൂചന.

Advertisement