കലയുടെ കൊലപാതകം, കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും

Advertisement

മാന്നാര്‍. കലയുടെ കൊലപാതകത്തിൽ കസ്റ്റഡിയിൽ വാങ്ങിയ മൂന്ന് പ്രതികളെയും ഇന്ന് വിശദമായി ചോദ്യം ചെയ്യും. കാറിൽ മൃതദേഹം എത്തിച്ച വലിയ പെരുമ്പുഴ പാലത്തിന് സമീപവും അനിൽകുമാറിന്റെ വീട്ടിലുമെത്തിച്ചു തെളിവെടുപ്പ് നടത്തിയേക്കും. കൊലപാതകത്തിന്റെ മുഖ്യസൂത്രധാരൻ ഒന്നാം പ്രതി കലയുടെ ഭർത്താവ് അനിൽകുമാറിനെ ഇസ്രയേലിൽ നിന്ന് നാട്ടിലെത്തിക്കാനുള്ള നടപടികൾ പോലീസ് വേഗത്തിലാക്കി. ഇപ്പോൾ കസ്റ്റഡിയിലുള്ള പ്രതികളുടെ ആറ് ദിവസത്തെ കസ്റ്റഡി കാലാവധി കഴിയും മുമ്പ് നാട്ടിലെത്തിക്കാനാണ് പോലീസ് നീക്കം.
അനിലിനെ കൂടി കസ്റ്റഡിയിൽ കിട്ടിയാൽ മാത്രമേ കൊലപാതകം എങ്ങനെ നടന്നു എന്ന വ്യക്തമായ ചിത്രം പോലീസിന് ലഭിക്കു. കല കൊല്ലപ്പെടുന്നത് 2009 ലാണെന്ന് പറയുമ്പോഴും കൃത്യം നടന്ന സ്ഥലമോ തിയ്യതിയോ പോലീസിന്റെ പക്കൽ ഇല്ല. കലയുടെ മൃതദേഹം കുഴിച്ചു മൂടിയത് എവിടെയാണെന്ന് പോലിസ് സ്ഥിരീകരിച്ചിട്ടില്ല. നിലവിൽ സെപ്റ്റിക് ടാങ്കിൽ നിന്ന് കണ്ടെത്തിയ വസ്തുക്കളുടെ രാസ പരിശോധന ഫലം ലഭിച്ചെങ്കിൽ മാത്രമേ കലയുടെ മൃതദേഹം ഇവിടെയാണ് കുഴിച്ചു മൂടിയതെന്ന് സ്ഥിരീകരിക്കാനാകൂ. രാസ പരിശോധന ഫലം മറിച്ചായാൽ പോലീസിന് തിരിച്ചടിയാകും. കലയുടെ മൃതദേഹം കൊണ്ടുവന്ന കാറുൾപ്പടെ പല തെളിവുകളും ഇനിയും കണ്ടെത്തേണ്ടതുണ്ട്.