കണ്ണൂർ .കെപിസിസി ഇനി കൂടോത്രം പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആകുമോ, അധ്യക്ഷൻ കെ സുധാകരന്റെ കണ്ണൂർ നാടാലിലെ വീട്ടിൽനിന്ന് കൂടോത്ര അവശിഷ്ടങ്ങൾ കണ്ടെത്തി. രാജ്മോഹൻ ഉണ്ണിത്താൻ എംപിയുടെയും കെ സുധാകരന്റെയും സാന്നിധ്യത്തിൽ ആത്മീയ ആചാര്യനാണ് കൂടോത്രം പുറത്തെടുത്തത്. ഉണ്ണിത്താന്റെ നിർദ്ദേശപ്രകാരം മൂന്നുമാസം മുൻപ് നടത്തിയ പരിശോധനയിലാണ് വീടിന് സമീപത്ത് കുഴിച്ചിട്ട രൂപങ്ങളും തകിടുകളും കണ്ടെടുത്തത്.
തുടർച്ചയായി ആരോഗ്യപ്രശ്നങ്ങൾ വേട്ടയാടിയ കെപിസിസി അധ്യക്ഷൻ കെ സുധാകരനോട് കൂടോത്ര സംശയം പങ്കുവെച്ചത് കാസർകോട് എം പി രാജ്മോഹൻ ഉണ്ണിത്താൻ. പിന്നാലെ ഉണ്ണിത്താൻ തന്നെ എത്തിച്ച ആത്മീയ ആചാര്യൻ്റെ പരിശോധന. കണ്ണൂർ നടാലിലെ വീടിൻ്റെ കന്നിമൂലയിൽ കുഴിച്ചിട്ട നിലയിൽ തെയ്യത്തിന്റെ മാതൃകയിലുള്ള രൂപവും തകിടുകളും കണ്ടെത്തി. രാജ്മോഹൻ ഉണ്ണിത്താന്റെയും കെ സുധാകരന്റെയും സാന്നിധ്യത്തിൽ ആയിരുന്നു കൂടോത്രം പരിശോധന. ഈ ഘട്ടത്തിലെ ഇരുവരുടെയും ശബ്ദസംഭാഷണങ്ങളും പുറത്തുവന്നു.
പിന്നീടും കെ സുധാകരന് ആരോഗ്യപ്രശ്നങ്ങൾ തുടർന്നതോടെ രാജ് മോഹൻ ഉണ്ണിത്താൻ ആത്മീയ ആചാര്യനെ വീണ്ടും എത്തിച്ചു. തിരുവനന്തപുരത്തെ വസതിയിൽ നിന്നും സമാന തകിടുകളിൽ കണ്ടെത്തി. വിശ്വാസമായാലും അന്ധവിശ്വാസമായാലും കൂടോത്രം ചില്ലറ പൊല്ലപ്പല്ല ഉണ്ടാക്കിയത്. കോൺഗ്രസ് നടപടിയെടുത്ത ബാലകൃഷ്ണൻ പെരിയരയുടെ ദുർമന്ത്രവാദ ആരോപണത്തിന് പിന്നാലെയാണ് ദൃശ്യങ്ങൾ പുറത്തുവന്നത്. കൂടോത്ര രാഷ്ട്രീയത്തിന് പിന്നിലാരെന്ന സംശയം ബാക്കി.