ന്യൂഡെല്‍ഹി. കേരളത്തിൽ ബി.ജെ.പിയിലേക്കുള്ള വോട്ടു ചോർച്ച സമ്മതിച്ച് സിപിഎം കേന്ദ്രകമ്മിറ്റി.തൃശൂരിൽ പരമ്പരാഗത പാർട്ടി വോട്ടുകളും ബിജെപിയിലേക്ക് പോയെന്ന് സ്ഥിരീകരണം . ബിജെപി രാഷ്ട്രീയത്തെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കുന്നതിൽ വീഴ്ചയെന്നും വിമർശനം. പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും അഴിമതി വർധിച്ചുവെന്നും,കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നുവെന്നും കേന്ദ്ര കമ്മറ്റി അംഗീകരിച്ച റിപ്പോർട്ടിൽ പറയുന്നു.
സിപിഎമ്മിൽ നിന്നും ബിജെപിയിലേക്ക് വോട്ടു ചോർന്നു വെന്ന് അംഗീകരിക്കുന്നതാണ് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം അവലോകനം ചെയ്ത കേന്ദ്ര കമ്മിറ്റി അംഗീകരിച്ച രേഖ.
തൃശ്ശൂരിൽ ബി ജെ.പിയുടെ വിജയത്തിന് പ്രധാന കാരണം കോൺഗ്രസ് അടിത്തറ ഇളകിയത്.എന്നാൽ തൃശൂരിൽ പലയിടത്തും പാർട്ടിയുടെ പരമ്പരാഗത വോട്ടുകൾ ബിജെപിക്ക് പോയി.
ആറ്റിങ്ങൽ, ആലപ്പുഴ എന്നിവിടങ്ങളിലും വോട്ട് ചോർച്ച ഉണ്ടായി.
ഹിന്ദു വികാരങ്ങളും” ജാതി സ്വാധീനവും മറ്റ് സീറ്റുകളിലും പാർട്ടി അടിത്തറയെ ഒരു പരിധിവരെ ബാധിച്ചു.
ബിജെപി രാഷ്ട്രീയത്തെയും പ്രവർത്തനങ്ങളെയും പ്രതിരോധിക്കാൻ വേണ്ടത്ര ശ്രദ്ധ നൽകിയില്ല.ജാതി, വർഗീയ സംഘടനകൾ ഈ തെരഞ്ഞെടുപ്പിൽ വലിയ പങ്കുവഹിച്ചു.എസ്എൻഡിപി നേതൃത്വം ബിജെപിക്ക് അനുകൂലമായി പ്രവർത്തിച്ചു.ജമാഅത്തെ ഇസ്ലാമിയും എസ്ഡിപിഐയും കോൺഗ്രസിന് വേണ്ടി പ്രവർത്തിച്ചു. ക്രിസ്ത്യൻ സഭയിലെ ഒരു വിഭാഗം ബിജെപിക്ക് അനുകൂലമായി.സഭയ്ക്കുള്ളിൽ വളർന്നുവരുന്ന മുസ്ലീം വിരുദ്ധ വികാരം ബിജെപി മുതലെടുത്തുവെന്നും സി പി ഐ എം വിലയിരുത്തി. പാർട്ടിയുടെ കണക്കുകൂട്ടലും ഫലവും തമ്മിൽ വൻ അന്തരമുണ്ട്.
ജന മനസ്സ് മനസ്സിലാക്കാൻ കീഴ്ഘടകങ്ങൾക്ക് കഴിയുന്നില്ല
പഞ്ചായത്തുകളിലും സഹകരണ സ്ഥാപനങ്ങളിലും അഴിമതി വർധിച്ചു. കേഡർമാരുടെ ധിക്കാരപരമായ പെരുമാറ്റം ജനങ്ങളെ പാർട്ടിയിൽ നിന്നും അകറ്റുന്നുവെന്നും പാർട്ടി സ്വയം വിമർശനം നടത്തിയിട്ടുണ്ട്.
തെറ്റായ പ്രവണതകളും പെരുമാറ്റവും ഇല്ലാതാക്കാൻ തിരുത്തൽ വേണം.കോൺഗ്രസിൻ്റെ അവസരവാദ നിലപാട് തുറന്നുകാട്ടുന്നത് തുടരണം. സാമൂഹ്യക്ഷേമ പെൻഷനുകളും മറ്റ് ആനുകൂല്യങ്ങളും തൊഴിലാളികൾക്ക് തടസ്സമില്ലാതെഎത്തിക്കാൻ സർക്കാർ മുൻഗണന നൽകണം എന്നിവയാണ് കേന്ദ്ര കമ്മറ്റിയുടെ നിർദേശങ്ങൾ.