കേൾവിയുടെ കുലീനമായ സംസ്ക്കാരത്തിലേക്ക് ഇവിടെ ഒരു ഗ്രാമവും പള്ളിക്കൂടവും

Advertisement

മാവേലിക്കര. തഴക്കര ഗ്രാമ പഞ്ചായത്തിലെ 4-ാം വാർഡും ഈ വാർഡിൽ നിലകൊള്ളുന്ന വിദ്യാലയ മുത്തശ്ശിയായ ആത്മാനന്ദവിലാസം യു.പി
സ്കൂളും റേഡിയോ സംസ്ക്കാരത്തിലേക്ക് മടങ്ങുന്നു. സ്കൂളിലെ മുഴുവൻ വിദ്യാർത്ഥികൾക്കും അദ്ധ്യാപകർക്കും
അനദ്ധ്യാപകർക്കും റേഡിയോ നൽകി കൊണ്ട് ഈ ആഗസ്റ്റ് മാസത്തോടെ വിജ്ഞാനത്തിൻ്റെയും
വിനോദത്തിൻ്റെയും വാർത്തയുടെതുമായ കേൾവിയുടെ കുലീനമായ സംസ്ക്കാരത്തിലേക്ക് സ്കൂളിനെയും വിദ്യാർത്ഥികളേയും ചേർത്തു നിർത്തുകയെന്നതാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റിയും, അദ്ധ്യാപക
രക്ഷാകർത്തൃ സംഘടനയും ചേർന്നാണ് രചനാത്മകമായ ഈ പദ്ധതി നടപ്പാക്കുന്നത്. സ്ക്കൂളിൽ എല്ലാവർക്കും റേഡിയോ ലഭ്യമാക്കി കഴിഞ്ഞാൽ സ്ക്കൂൾ സ്ഥിതിചെയ്യുന്ന വാർഡിലെ റേഡിയോ ഇല്ലാത്ത എല്ലാ വീടുകളിലും
റേഡിയോ ഉണ്ടാവണം എന്നതാണ് രണ്ടാംഘട്ട പ്രവർത്തന ലക്ഷ്യം!
വിദ്യാർത്ഥികളും അദ്ധ്യാപകരും ചേർന്ന് ഗ്രാമ പഞ്ചായത്ത് അംഗം
ഉഷയുടെ നേതൃത്വത്തിൽ ഒരു പ്രാഥമിക സർവേ നടത്തുന്നതാണ്. ആദ്യം കിടപ്പു രോഗികളുള്ള
വീടുകളിൽ റേഡിയോ നൽകി കൊണ്ട് വാർഡു
തല റേഡിയോഗ്രാമം പദ്ധതിക്ക് തുടക്കമിടുന്നതാണ്. അദ്ധ്യാപകർ, പൂർവവിദ്യാർത്ഥികൾ,
പൂർവാദ്ധ്യാപകർ, സ്ക്കൂൾ മാനേജ്മെൻ്റ്,പി.ടി.എ, സ്ക്കൂൾ മാനേജ്മെൻ്റ് കമ്മിറ്റി,വിവിധ സാമൂഹ്യ സാംസ്കാരിക പ്രസ്ഥാനങ്ങൾ തുടങ്ങി എല്ലാവരുടെയും പങ്കാളിത്തത്തോടെയാണ്
സമ്പൂർണ്ണ റേഡിയോഗ്രാമം പദ്ധതി യാഥാർത്ഥ്യമാക്കാൻ ഉദ്ദേശിക്കുന്നതെന്ന് സംഘാടകര്‍ പറയുന്നു.