നന്തൻകോട് കൂട്ടക്കൊലപാതകം: കേഡലിന് മാനസികപ്രാപ്തിയുണ്ടെന്ന് റിപ്പോർട്ട്; ഇന്ന് കുറ്റപത്രം വായിക്കും

Advertisement

തിരുവനന്തപുരം:
സംസ്ഥാനത്തെയാകെ ഞെട്ടിച്ച തിരുവനന്തപുരം നന്തൻകോട് കൂട്ടക്കൊലപാതക കേസിൽ ഇന്ന് കുറ്റപത്രം വായിക്കും. വിചാരണ നേരിടാനുള്ള മാനസിക പ്രാപ്തി പ്രതി കേഡൽ ജിൻസൺ രാജയ്ക്ക് ഉണ്ടെന്ന ഡോക്ടർമാരുടെ റിപ്പോർട്ടിനെ തുടർന്നാണ് കുറ്റപത്രം വായിക്കാൻ കോടതി നിശ്ചയിച്ചത്. ഇതുസംബന്ധിച്ച ആരോഗ്യ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരുന്നു.

തിരുവനന്തപുരം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. കൊലപാതകം, തെളിവ് നശിപ്പിക്കൽ, മാരകായുധങ്ങൾ ഉപയോഗിച്ച് പരുക്കേൽപ്പിക്കൽ, വീട് നശിപ്പിക്കൽ വകുപ്പുകളാണ് പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. 2017 ഏപ്രിൽ എട്ടിനാണ് സംഭവം നടന്നത്.

മാതാപിതാക്കളെയും സഹോദരിയെയും ബന്ധുവായ വൃദ്ധയെയുമടക്കം നാല് പേരെയാണ് കേഡൽ അതിദാരുണമായി കൊലപ്പെടുത്തിയത്. ഡോ. ജീൻ പത്മ(58), ഭർത്താവ് റിട്ട. പ്രൊഫസർ രാജ തങ്കം(60), മകൾ കരോലീന(26), ജീന്റെ ബന്ധു ലളിത(70) എന്നിവരാണ് കൊല്ലപ്പെട്ടത്. ആത്മാവ് ശരീരത്തിൽ നിന്ന് വേർപിരിക്കുന്ന ആസ്ട്രൽ പ്രൊജക്ഷന്റെ ഭാഗമായാണ് താൻ കൊലപാതകങ്ങൾ ചെയ്തതെന്നാണ് കേഡൽ പറഞ്ഞത്.