വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12ന്

Advertisement

വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ട്രയല്‍ റണ്‍ ജൂലൈ 12ന് നടത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍. മുഖ്യമന്ത്രി പിണറായി വിജയനാണ് ട്രയല്‍ റണ്‍ നടത്തുക. തുറമുഖം അവലോകനയോഗത്തിനു ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു തുറമുഖ വകുപ്പ് മന്ത്രി വാസവന്‍.
ഈ വര്‍ഷം തന്നെ കമ്മീഷനിങ് നടത്തുമെന്നും മന്ത്രി പറഞ്ഞു. തുറമുഖത്തിലേക്ക് ഈ മാസം 11ന് കപ്പല്‍ എത്തുമെന്ന് മന്ത്രി വി.എന്‍. വാസവന്‍ അറിയിച്ചു. ഏകദേശം 1500 കണ്ടെയ്‌നര്‍ ഉള്ള കപ്പലാണ് വരുന്നത്. ട്രയല്‍ റണ്ണിന് കേന്ദ്ര ഷിപ്പിങ് വകുപ്പ് മന്ത്രിയുടെ സാന്നിധ്യമുണ്ടാകും. ജനങ്ങളുടെ പങ്കാളിത്തത്തോടെയാകും പരിപാടിയെന്നും മന്ത്രി പറഞ്ഞു.
വിഴിഞ്ഞത്തേക്ക് ചൈനയില്‍ നിന്നുമെത്തിയ 32 ക്രെയിനുകള്‍ അടുത്ത മാസം കമ്മീഷന്‍ ചെയ്യാനാകും. കസ്റ്റംസ് പോര്‍ട്ടിന് ഉള്‍പ്പെടെ ലഭിക്കേണ്ട എല്ലാ പ്രധാന അനുമതികളും ഇതിനോടകം ലഭിച്ചിട്ടുണ്ട്. റെയില്‍വേ കണക്റ്റിവിറ്റി, നാഷണല്‍ ഹൈവേ എന്നിവയ്ക്ക് അനുമതിയായിട്ടുണ്ട്. വിഴിഞ്ഞം തുറമുഖം പ്രവര്‍ത്തനമാരംഭിക്കുന്നതോടെ കേരളത്തിന്റെ സ്വപ്‌നം യഥാര്‍ഥ്യമാവുകയാണെന്നും മന്ത്രി പറഞ്ഞു.