അടൂര്‍. അത്യാവശ്യത്തിന് ലോ ഫ്‌ളോറില്‍ കയറാനെത്തുന്നവരെ പരിഹസിക്കുകയാണ് കെഎഎസ്ആര്‍ടിസി. ബുക്ക് ചെയ്ത് കയറാമെന്നും വാഹനം എത്തുന്നതിന് അരമണിക്കൂര്‍മുമ്പ് വിവരം അറിയിക്കുമെന്നും കണ്ടക്ടറെ വിളിപ്പുറത്തുകിട്ടുമെന്നുമൊക്കെയുള്ള വാക്കു വിശ്വസിച്ച് ബസ് ബുക്ക് ചെയ്യുന്നവരെ വഴിയില്‍ കാത്തുനിര്‍ത്തുന്നത് ഒന്നര മണിക്കൂറിലേറെ. പണം അടച്ചതിനാല്‍ കാത്തുനില്‍ക്കാതെ തരമില്ലെന്നതാണ് സ്ഥിതി. പ്രഖ്യാപിച്ച സമയം കഴിഞ്ഞ് ഒരുമണിക്കൂറും രണ്ടുമണിക്കൂറും കഴിയുമ്പോഴേ വണ്ടി പുറപ്പെടൂ. വിളിച്ചാല്‍ കൃത്യമായ മറുപടിയും കിട്ടില്ല. കണ്ടക്ടറുടേതെന്ന് പറഞ്ഞ് നല്‍കുന്ന നമ്പരില്‍ ആളെകിട്ടില്ല. തിരക്കില്‍ സീറ്റു പിടിച്ചുപോകാമെന്ന് കരുതി ഇതിനെ ആശ്രയിക്കുന്ന വയോധികരാണ് ഏറെ കുഴങ്ങുന്നത്. ബസ് സ്‌റ്റോപ്പില്‍ നിന്ന് നരകിക്കേണ്ടിവരും. ആളില്ലാത്തത് ഒന്നുമല്ല പ്രശ്നം. മിക്കവാറും എല്ലാ സീറ്റും ബുക്കിംങ് ആണ്.
സാധാരണ ഫാസ്റ്റിലും സൂപ്പര്‍ ഫാസ്റ്റിലും എല്ലാം കൃത്യത പാലിക്കുകയും അതിനുവേണ്ടി പരക്കം പാച്ചില്‍ നടത്തുകയും ചെയ്യുന്ന കോര്‍പറേഷന്‍ എന്തിനാണ് ഈ വെറുപ്പിക്കല്‍ നടത്തി ആളെ അകറ്റുന്നതെന്ന് മനസിലാകുന്നില്ലെന്ന് യാത്രക്കാര്‍ പറയുന്നു. മന്ത്രി പ്രശ്‌നത്തില്‍ ഇടപെടണമെന്നും ആധുനികമാക്കിയെന്നു പറയുന്ന സംവിധാനം അപമാനമായെന്നും യാത്രക്കാര്‍ പറയുന്നു.