തൃശ്ശൂർ. മേയർ സുരേഷ് ഗോപി സൗഹൃദത്തിൽ എൽഡിഎഫിൽ കടുത്ത അതൃപ്തി. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീത് ചെയ്തിട്ടും തുടരുന്ന സൗഹൃദത്തിൽ സിപിഐഎമ്മിന് ശക്തമായ വിയോജിപ്പാണ് ഉള്ളത്. മേയർക്കുള്ള പിന്തുണ പിൻവലിക്കണമെന്ന ആവശ്യം സിപിഐയിലും ശക്തം. അതിനിടെ എം കെ വർഗീസ് ബിജെപിയിലേക്ക് പോയേക്കുമെന്ന് അഭ്യൂഹങ്ങളുമുണ്ട്.
തെരഞ്ഞെടുപ്പുകാലത്ത് എൽഡിഎഫിനെ തൃശൂരിൽ ഒരുപോലെ വെട്ടിലാക്കുന്നത് ആയിരുന്നു സുരേഷ് ഗോപിയെ പ്രകീർത്തിച്ചുള്ള ഫിറ്റ് പ്രയോഗം. മേയറുടെ ഈ പ്രതികരണം തോൽവിക്ക് പോലും ഇടയാക്കി എന്ന വികാരമാണ് സിപിഐയിൽ അടക്കമുള്ളത്. അതിനിടയിലായിരുന്നു തൃശ്ശൂരിലെ ഭാരത് ഹോട്ടലിൽ മേയർ എം കെ വർഗീസിനെ സുരേഷ് ഗോപിയുമായി കൂടിക്കാഴ്ച നടത്തിയത്. പിന്നാലെ വി എസ് സുനിൽകുമാർ തന്നെ പരസ്യമായി വിമർശിച്ച് രംഗത്തെത്തിയതോടെ സിപിഐഎം ഇടപെട്ടു. ജില്ലാ കമ്മിറ്റി ഓഫീസിലേക്ക് വിളിച്ചുവരുത്തി താക്കീത്. പക്ഷേ അവിടംകൊണ്ടും സൗഹൃദം കൈവിടാൻ മേയർ തയ്യാറായിരുന്നില്ല എന്നതാണ് ഇന്നലത്തെ പ്രതികരണം.
മേയറുടെ ഈ പ്രതികരണമാണ് സിപിഐയെയും സിപിഐഎമ്മിനെയും ഒരുപോലെ ചൊടിപ്പിച്ചത്. മേയർക്കുള്ള പിന്തുണ പിൻവലിക്കണമെന്ന് സിപിഐയിൽ ആവശ്യം ശക്തമായി. സിപിഐഎമാകട്ടെ തുടർച്ചയായി വെട്ടിലാക്കുന്ന എം കെ വർഗീസിനെ പിന്തുണയ്ക്കേണ്ടതുണ്ടോ എന്ന പുനർചിന്തനയിലുമാണ്. അതിനിടെ എം കെ വർഗീസ് ബിജെപിയിലേക്ക് പോകുമെന്ന് അഭ്യൂഹങ്ങളും ശക്തമാണ്.