ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധന്‍കര്‍ കൊല്ലത്ത് എത്തി

Advertisement

ഉപരാഷ്ട്രപതി ഡോ. ജഗദീപ് ധന്‍കര്‍ സംസ്ഥാനത്തെത്തി. രണ്ട് ദിവസത്തെ സന്ദര്‍ശത്തിനായാണ് ഉപരാഷ്ട്രപതിയെത്തിയത്. തിരുവനന്തപുരത്തെ പരിപാടിക്ക് ശേഷം സ്വകാര്യ സന്ദര്‍ശനത്തിനായി കൊല്ലത്ത് എത്തി. ഞായറാഴ്ച രാവിലെയോടെ ഉപരാഷ്ട്രപതി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് തിരിക്കും.
രാവിലെ 10.55 ന് വ്യോമസേനയുടെ പ്രത്യേക വിമാനത്തില്‍ തിരുവനന്തപുരം അന്തരാഷ്ട്ര വിമാത്താവളത്തിലാണ് ഉപരാഷ്ട്രപതി ജഗദീപ് ധന്‍കര്‍ എത്തിയത്. പത്‌നി സുധേഷ് ധന്‍കറും ഉപരാഷ്ട്രപതിയെ അനുഗമിച്ചു. വിമാനത്താവളത്തില്‍ എത്തിയ ഉപരാഷ്ട്രപതിക്കും ഭാര്യക്കും സര്‍ക്കാര്‍ ഔദ്യോഗിക സ്വീകരണം നല്‍കി.
മുഖ്യമന്ത്രി പിണറായി വിജയന്‍ ബൊക്ക നല്‍കി സ്വീകരിച്ചു. സ്വീകരണത്തിന് ശേഷം വലിയമലയിലെ ഇന്ത്യന്‍ ഇന്‍സ്റ്റ്യൂട്ട് ഓഫ് സ്പേസ് സയന്‍സ് ആന്റ് ടെക്നോളജിയിലെ ബിരുദദാന ചടങ്ങില്‍ പങ്കെടുത്തു. മികവുറ്റ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ മെഡല്‍ ഓഫ് എക്സലന്‍സ് സമ്മാനിച്ചു. ഐഎസ്എസ്ടിയിലെ ബിരുദദാന ചടങ്ങ് വ്യത്യസ്തമാണെന്ന് ഉപരാഷ്ട്രപതി അഭിപ്രായപ്പട്ടു. ആഗോള തലത്തില്‍ ഐഎസ്എസ്ടി ഒന്നാമതെത്തുമെന്നും ഡോ. ജഗദീപ് ധന്‍കര്‍ പറഞ്ഞു.
ഐഎസ്ആര്‍ഒ ചെയര്‍മാനും ഐഐഎസ്ടി ഗവേണിംഗ് ബോഡി ചെയര്‍മാനുമായ എസ്. സോമനാഥ്, ചാന്‍സലര്‍ ഡോ. ബി.എന്‍ സുരേഷ്, ഐഐഎസ്ടി ഡയറക്ടര്‍ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ തുടങ്ങിയവരും പരിപാടിയില്‍ പങ്കെടുത്തു. വൈകുന്നേരം അദ്ദേഹം അഷ്ടമുടി കായലില്‍ ബോട്ട് ക്രൂയിസ് നടത്തും. തുടര്‍ന്ന് കൊല്ലത്തായിരിക്കും ഉപരാഷ്ട്രപതിയുടെ താമസം. എന്നാല്‍ ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തോടെ കൊല്ലം അഷ്ടമുടിക്കായലില്‍ ഹൗസ് ബോട്ടുകള്‍ക്ക് വിലക്കേര്‍പ്പെടുത്തി. വിലക്കിനെതിരെ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രംഗത്തെത്തി. സംഭവവുമായി ബന്ധപ്പെട്ട് ടൂര്‍ ഓപ്പറേറ്റര്‍മാര്‍ രാഷ്ട്രപതിക്ക് പരാതി കൈമാറിയിട്ടുണ്ട്. ഞായറാഴ്ച രാവിലെ 9.15ന് കൊല്ലത്ത് നിന്ന് ഹെലികോപ്റ്ററില്‍ തിരുവനന്തപുരത്ത് മടങ്ങിയെത്തുന്ന അദ്ദേഹം രാവിലെ 9.45-ഓടെ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് ഡല്‍ഹിക്ക് മടങ്ങും. ഉപരാഷ്ട്രപതി എത്തിയതോടെ തിരുവനന്തപുരം, കൊല്ലം നഗരങ്ങളില്‍ ജില്ലാ ഭരണകൂടം ഗതാഗത നിയന്ത്രണമേര്‍പ്പെടുത്തി.

Advertisement