കോഴിക്കോട്. തിരുവമ്പാടി കെഎസ്ഇബി ഓഫീസിൽ പരാക്രമം നടത്തിയ യൂത്ത് കോൺഗ്രസ് നേതാവിനും കുടുംബത്തിനുമെതിരെ കടുത്ത നടപടിയുമായി കെഎസ്ഇബി . പ്രതിയുടെ വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. കെഎസ്ഇബി ചെയർമാൻ്റെ നിർദേശത്തെ തുടർന്നാണ് നടപടി.
ബിൽ തുക അടക്കാത്തതിനാൽ യു.സി അജ്മലിന്റെ വീട്ടിലെ വൈദ്യുത ബന്ധം കെഎസ്ഇബി ഉദ്യോഗസ്ഥർ വിച്ഛേദിച്ചിരുന്നു. വ്യാഴാഴ്ച പണം അടച്ചതോടെ വെള്ളിയാഴ്ച വൈദ്യുതി പുന:സ്ഥാപിച്ചു. അതിനിടെ മർദിക്കാൻ ശ്രമിക്കുകയും അസഭ്യം പറയുകയും ചെയ്ത അജ്മലിന് എതിരെ ഉദ്യോഗസ്ഥർ പൊലീസിൽ പരാതി നൽകി. ഇതിൽ പ്രകോപിതനായ അജ്മലും സഹോദരൻ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ പ്രശാന്ത് ഉൾപ്പെടെയുള്ളവർക്ക് പരുക്കേറ്റിരുന്നു. സംഭവത്തിലാണ് കെഎസ്ഇബി യുടെ നടപടി. വീട്ടിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു. അതേസമയം അജ്മൽ ചെയ്ത തെറ്റിന്, പിതാവ് ഉള്ളാട്ടിൽ റസാഖിൻ്റെ പേരിലുള്ള കണക്ഷൻ വിച്ഛേദിച്ച നടപടി വിചിത്രമെന്ന് യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം പ്രസിഡന്റ് പ്രതികരിച്ചു.
യൂത്ത് കോൺഗ്രസ് തിരുവമ്പാടി മണ്ഡലം മുൻ പ്രസിഡണ്ട് ആണ് മുഖ്യ പ്രതി യു സി അജ്മൽ. സംഭവത്തിൽ അജ്മലിനെയും സഹോദരൻ ഷഹദാദിനേയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു.