മുംബൈ നഗരം കേരളത്തില്‍ നിന്നുള്ള തീവണ്ടിയാത്രക്കാര്‍ക്ക് അന്യമാകുന്നു

Advertisement

മുംബൈ. നഗരത്തില്‍ നിന്ന് കേരളത്തിലേക്കുള്ള ട്രെയിനുകളുടെ യാത്ര മഹാരാഷ്ട്രയിലെ പൻവേലിൽ നിന്നാക്കാൻ റെയിൽവേയുടെ നീക്കം. നഗരത്തിലെ സ്റ്റേഷനുകളെ ഒഴിവാക്കിയാണ് റായ്ഗഡ് ജില്ലയിലെ പൻവേലിലേക്ക് ട്രെയിനുകൾ മാറ്റാൻ നീക്കം നടക്കുന്നത്. നീക്കവുമായി മുന്നോട്ടെങ്കിൽ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് മുംബൈയിലെ മലയാളി സംഘടനകൾ.

മുംബൈയിൽ നിന്ന് കേരളത്തിലേക്കുള്ള ഏക പ്രതിദിന ട്രെയിനാണ് നേത്രാവതി. മുംബൈ നഗരത്തിലെ കുർളയിൽ നിന്ന് പുറപ്പെട്ടിരുന്ന ട്രെയിൻ ഇപ്പോൾ പുറപ്പെടുന്നത് റായ്ഗഡ് ജില്ലയിലെ പൻവേലിൽ നിന്ന്. വീരാർ മുതൽ കൊളാബ വരെയുള്ളവർക്കും താനെയിനും ഡോംബിവലിയിലുമെല്ലാമുള്ള മലയാളികൾക്ക് യാത്ര ഇതോടെ കടുത്ത ദുരിതമായി.

വലിയ സാമ്പത്തിക ബാധ്യത സഹിച്ച് ഏറെ നേരത്തെ യാത്രയ്ക്കൊടുവിൽ പൻവേലിൽ എത്തിയാലും ദുരിതം തീരില്ല. സ്റ്റേഷനിൽ നിന്ന് ഏറെ അകലെയാണ് വാഹനങ്ങൾക്കുള്ള അനുമതി. അവിടെ നിന്ന് ബാഗുകളും തൂക്കി നടന്ന് വേണം സ്റ്റേഷനിലേക്ക് എത്താൻ. മഴക്കാലത്ത് ദുരിതം ഇരട്ടി


നേത്രാവതിക്ക് പുറമെ കൊച്ചുവേളി കുർള എക്സ്പ്രസും പൻവേലിൽ നിന്നാണ് ഇപ്പോൾ പുറപ്പെടുന്നത്. കുർളയിൽ പ്ലാറ്റ്ഫോം പണി നടക്കുന്നതിനാൽ താത്കാലിക മാറ്റമെന്നാണ് റെയിൽവേ ഔദ്യോഗികമായി അറിയിക്കുന്നത്. എന്നാൽ പൻവേലിൽ പുതിയ ടെർമിനലിന്ർറെ പണി പൂർത്തിയാവുന്നതോടെ കൊങ്കണ്‍ വഴി കേരളത്തിലേക്കുള്ള ട്രെയിനുകൾ പൻവേലിലേക്ക് മാറ്റാനുള്ള ആലോചന നടക്കുന്നുണ്ട്. ഉത്തരേന്ത്യൻ ട്രെയിനുകൾ മുംബൈയിൽ നിന്നും ദക്ഷിണേന്ത്യയിലേക്ക് കൊങ്കൺ വഴിയുള്ള ട്രെയിനുകൾ പൻവേലിൽ നിന്നും എന്നതാണ് റെയിൽവേയുടെ ദീർഘകാല പദ്ധതിയെന്ന് റെയിൽവേയിൽ ഉന്നത കേന്ദ്രങ്ങൾ തന്നെ സൂചന നൽകുന്നു. നീക്കവുമായി മുന്നോട്ടെങ്കിൽ വലിയ പ്രതിഷേധത്തിന് ഒരുങ്ങുകയാണ് മലയാളി സംഘടനകൾ