ആക്രമിച്ചതിന് ഇരുട്ടത്താക്കി ,തിരുവമ്പാടി കെ എസ്‌ ഇ ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം

Advertisement

കോഴിക്കോട്. തിരുവമ്പാടി കെ എസ്‌ ഇ ബി ഓഫീസിന് മുന്നിൽ മെഴുകുതിരി കത്തിച്ചു പ്രതിഷേധം. ജീവനക്കാരെ ആക്രമിച്ച പ്രതി യൂത്ത് കോൺഗ്രസ് നേതാവ് അജ്മലിന്റെ മാതാപിതാക്കളാണ് പ്രതിഷേധിച്ചത്. ഇതിനിടെ കുഴഞ്ഞുവീണ അജ്മലിന്റെ പിതാവ് റസാഖിനെ ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ നിയമനടപടിയുമായി മുന്നോട്ടെന്ന് മന്ത്രി കെ കൃഷ്ണൻകുട്ടി പ്രതികരിച്ചു.


അജ്മൽ ചെയ്ത തെറ്റിന് പിതാവ് റസാക്കിന്റെ പേരിലുള്ള വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചതിലാണ് പ്രതിഷേധം ഉണ്ടായത്. പിതാവ് റസാക്കും മാതാവ് മറിയുമാണ് പ്രതിഷേധിച്ചത്. വൈദ്യുതി ബന്ധം പുനസ്ഥാപിക്കാതെ മടങ്ങില്ലെന്ന് ഇവർ നിലപാടെടുത്തു. അതിനിടെ റസാക്ക് കുഴഞ്ഞുവീണു. ഇദ്ദേഹത്തെ തിരുവമ്പാടിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രതികളുടെ വൈദ്യുതി കണക്ഷൻ വിച്ഛേദിച്ചത് ശക്തമായ സന്ദേശം നൽകാനെന് വൈദ്യുത മന്ത്രി കെ കൃഷ്ണൻകുട്ടി പറഞ്ഞു.

വ്യാഴാഴ്ചയായിരുന്നു ബിൽ തുക അടക്കാത്തതിനാൽ യു.സി അജ്മലിന്റെ വീട്ടിലെ വൈദ്യുത ബന്ധം വിച്ഛേദിച്ചത്. പണം അടച്ചതോടെ വെള്ളിയാഴ്ച വൈദ്യുതി പുന:സ്ഥാപിച്ചു. അജ്മലും സഹോദരൻ ഷഹദാദും ഇന്ന് രാവിലെയാണ് തിരുവമ്പാടിയിലെ കെഎസ്ഇബി ഓഫീസിലെത്തി അക്രമം നടത്തിയത്. അസിസ്റ്റന്റ് എൻജിനീയർ പ്രശാന്ത് ഉൾപ്പെടെയുള്ളവർക്ക് അക്രമത്തിൽ പരുക്കേറ്റിരുന്നു. പിന്നാലെ ഇന്ന് വൈകിട്ട് വീണ്ടും വൈദ്യുതി വിച്ഛേദിക്കുകയായിരുന്നു.