ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാൻ വിവരാവകാശ കമ്മീഷൻറെ നിർണായക ഉത്തരവ്

Advertisement

തിരുവനന്തപുരം. സിനിമ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങളെ കുറിച്ച് പഠിച്ച് ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടാന്‍ വിവരാവകാശ കമ്മീഷൻറെ നിർണായക ഉത്തരവ്. വ്യക്തികളുടെ സ്വകാര്യതയിലേക്ക് കടക്കാതെ റിപ്പോർട്ട് പുറത്തുവിടാനാണ് വിവരാവകാശ കമ്മീഷണർ ഡോ. എ അബ്ധുൾ ഹക്കീം ഉത്തരവിട്ടത്. ഒരു വർഷത്തോളം പഠനം നടത്തി 2019ൽ സമർപ്പിച്ച റിപ്പോർട്ടാണ് ഇടത് സർക്കാർ നാലര വർഷത്തോളം പൂഴ്ത്തിയത്. ഉത്തരവിനോട് സാംസ്കാരിക വകുപ്പ് ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഹേമ കമ്മിറ്റി റിപ്പോർട്ടിന് ഒടുവിൽ വെളിച്ചം വീഴുന്നു. മുൻനിര നായികമാർ മുതൽ സാങ്കേതിക പ്രവർത്തകരായ സ്ത്രീകൾ വരെ സിനിമ മേഖലയിൽ നേരിടുന്ന പ്രശ്നങ്ങളാണ് ഹേമ കമ്മിഷൻ പഠിച്ചത്. സമഗ്രമായ അന്വേഷണത്തിനൊടുവിൽ 2019 ഡിസംബർ 31നാണ് റിപ്പോർട്ട് നൽകിയത്. എന്നാൽ സിനിമയിലെ പല പ്രമുഖർക്കുമെതിരെ പരാതി ഉണ്ടെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ സർക്കാർ റിപ്പോർട്ട് പൂഴ്ത്തി. വ്യക്തികൾക്കെതിരെ മൊഴി ഉണ്ടെന്ന സൂചനകൾ ശരിവെച്ചുകൊണ്ടാണ് റിപ്പോർട്ട് പുറത്തുവിടണമെന്നുള്ള വിവരാവകാശ കമ്മീഷൻ ഉത്തരവ്. റിപ്പോർട്ടിലെ വ്യക്തി വിവരങ്ങൾ ഉൾക്കൊള്ളുന്ന പാരഗ്രാഫുകൾ ഒഴിവാക്കി അപേക്ഷകർക്ക് റിപ്പോർട്ടിൻറെ പകർപ്പ് നൽകാനാണ് ഉത്തരവ്. ജൂലൈ 25നകം ഉത്തരവ് നടപ്പിലാക്കണമെന്ന് നടിയെ ആക്രമിച്ച സംഭവത്തിന് പിന്നാലെ ഡബ്ളുസിസി മുഖ്യമന്ത്രിക്ക് നിവേദനം നൽകിയതോടെയാണ് ജസ്റ്റിസ് ഹേമ കമ്മിറ്റി ഉണ്ടാക്കിയത്.

ഇന്ത്യയിൽ തന്നെ സിനിമാ മേഖലയിലെ സ്ത്രീകളുടെ പ്രശ്നങ്ങൾ പഠിക്കാനുള്ള ആദ്യ കമ്മിറ്റി. അത് വലിയ നേട്ടമായി ഇടത് സർക്കാർ ഉയർത്തിക്കാട്ടി. ഡബ്ല്യുസിസിയും വനിതാ സംഘടനകളും പലവട്ടം ആവശ്യപ്പെട്ടിട്ടും സ്വകാര്യതാ പ്രശ്നം ഉയർത്തി സർക്കാർ ഒഴിഞ്ഞുമാറി. ഒടുവിൽ വിവരാവകാശ കമ്മീഷന് മുന്നിൽ അപേക്ഷ എത്തിയപ്പോഴും സർക്കാർ ഒളിച്ചുകളി തുടർന്നു. രണ്ട് തവണ ഹിയറിംഗിന് വിളിച്ചപ്പോഴും റിപ്പോർട്ട് കൈമാറാൻ ആകില്ലെന്ന നിലപാടിലായിരുന്നു സംസ്കാരിക വകുപ്പ്. അവസാനം ജുഡീഷ്യൽ അധികാരം ഉപയോഗിച്ചാണ് റിപ്പോർട്ട് സർക്കാരിൽ നിന്ന് കമ്മീഷൻ വാങ്ങിയത്. സംസ്കാരിക വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെയും ഉത്തരവിൽ വിമർശനമുണ്ട്. ഉത്തരവ് നടപ്പാക്കുന്നുണ്ടെന്ന് വകുപ്പ് സെക്രട്ടറിയോട് ഉറപ്പ് വരുത്താനും കമ്മീഷൻ നിർദേശിച്ചിട്ടുണ്ട്.

Advertisement