തിരുവനന്തപുരം. ക്രിക്കറ്റ് കോച്ച് പരിശീലനത്തിന് എത്തിയ വിദ്യാർഥികളെ പീഡിപ്പിച്ച സംഭവത്തിൽ മനുഷ്യാവകാശ കമ്മീഷൻ ഇടപെടൽ. പീഡനക്കേസിൽ കോച്ച് പ്രതിയായ സാഹചര്യം കെ.സി.എ വിശദീകരിക്കണമെന്ന് മനുഷ്യാവകാശ കമ്മീഷൻ നോട്ടീസ്. പരിശീലനത്തിന് എത്തിയ നിരവധി പെൺകുട്ടികളെ കോച്ചായ മനു പീഡിപ്പിച്ചതായും നഗ്നചിത്രങ്ങൾ പകർത്തിയതായും പൊലീസ് കണ്ടെത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് ക്രിക്കറ്റ് പരിശീലനത്തിന് എത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ കോച്ച് പീഡിപ്പിച്ചെന്ന വാർത്ത പുറത്തായത്. പിന്നാലെ മനുഷ്യാവകാശ കമ്മീഷൻ വിഷയത്തിൽ കേസെടുത്തു. കോച്ച് പീഡനക്കേസിൽ പ്രതിയായ സാഹചര്യം വിശദീകരിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇപ്പോൾ കെസിഎക്ക് കത്ത് നൽകിയിരിക്കുന്നത്. ഇത്തരം സംഭവം ഉണ്ടാകാനിടയായ സാഹചര്യത്തിന് കെ.സി.എയും ഉത്തരവാദികളാണ്. പ്രതീക്ഷയോടെ ക്രിക്കറ്റ് പരിശീലനത്തിന് എത്തുന്ന കുട്ടികളെയാണ് ഇയാൾ പീഡിപ്പിക്കുന്നത്. ഇരയായ കുട്ടികളും രക്ഷിതാക്കളും മാനസിക സമ്മർദ്ദത്തിലാണ്. എന്നാൽ ഇതൊന്നും കെ.സി.എ അറിഞ്ഞില്ലെന്നാണ് പറയുന്നത്. ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും മനുഷ്യാവകാശ കമ്മീഷൻ നിരീക്ഷിക്കുന്നു.
കുട്ടികളുടെ നഗ്നചിത്രങ്ങൾ ഇയാൾ പകർത്തി എന്നും ആരോപണമുണ്ട്. മനു എന്ന പരിശീലകനെതിരെ ഒരു പെൺകുട്ടിയാണ് ആദ്യം പരാതിയുമായി വന്നത്. ആദ്യ പരാതിക്ക് പിന്നാലെ കൂട്ടത്തോടെ ഇയാൾക്കെതിരെ പരാതി എത്തി. പോക്സോ കേസിൽ പ്രതിയായ മനു റിമാൻഡിലാണ്.