സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആ​ഗ്രഹം സഫലമാകുന്നു

Advertisement

തൃക്കുന്നപ്പുഴയിൽ സാധാരണക്കാർക്ക് വേണ്ടി ക്ലിനിക് പണിയണമെന്ന ഡോ. വന്ദന ദാസിന്റെ ആ​ഗ്രഹം സഫലമാകുന്നു. വന്ദനയുടെ പേരിൽ മാതാപിതാക്കളായ കെ.ജി മോഹൻദാസും ടി. വസന്തകുമാരിയും ചേർന്നാണ് ക്ലിനിക് നിർമ്മിക്കുന്നത്. വന്ദനയുടെ വിവാഹച്ചെലവുകൾക്കായി മാതാപിതാക്കൾ കരുതി വച്ചിരുന്ന പണമുപയോ​ഗിച്ചാണ് ഇവിടെ ക്ലിനിക് പണിയുന്നത്.
തൃക്കുന്നപ്പുഴയിൽ വസന്തകുമാരിക്ക് കുടുംബ ഓഹരി കിട്ടിയ സ്ഥലത്താണ് ക്ലിനിക് നിർമ്മിക്കുന്നത്. ഡോ. വന്ദന ദാസ് മെമ്മോറിയൽ ക്ലിനിക് എന്ന പേരിലാകും ക്ലിനിക് പ്രവർത്തിക്കുക. ചെറുപ്പം മുതലേ കടുത്തുരുത്തിയിലെ സ്വന്തം വീട്ടിൽ നിന്ന് അമ്മയുടെ വീടായ തൃക്കുന്നപ്പുഴയിലേക്കു പോകാൻ ഡോ. വന്ദനയ്ക്കു താൽപര്യമുണ്ടായിരുന്നെന്ന് അമ്മ വസന്തകുമാരി പറഞ്ഞു.

ഇവിടുത്തെ നാട്ടുകാർക്കായി ക്ലിനിക് പണിയണമെന്നും വന്ദന മാതാപിതാക്കളോട് ആ​ഗ്രഹം പറഞ്ഞിരുന്നു. ആഴ്ചയിൽ രണ്ടു ദിവസമെങ്കിലും സൗജന്യ സേവനം നടത്താനും വന്ദനയ്ക്ക് ആ​ഗ്രഹമുണ്ടായിരുന്നു. ചിങ്ങ മാസത്തിൽ ക്ലിനിക് ഉദ്ഘാടനം ചെയ്യാനാണു ശ്രമം. കെട്ടിടത്തിന്റെ നിർമാണം 70 ശതമാനത്തോളം പൂർത്തിയായി.
മുൻപുണ്ടായിരുന്ന കെട്ടിടം പുതുക്കി നിർമിച്ചാണു ക്ലിനിക് നിർമിക്കുന്നത്. ക്ലിനിക്കിന്റെ രജിസ്ട്രേഷനും ലൈസൻസും ഉൾപ്പെടെയുള്ള നടപടിക്രമങ്ങൾ പൂർത്തിയാകാനുണ്ട്. 2023 മെയ് 10 നാണ് കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ച പ്രതി സന്ദീപ് ഡോ. വന്ദനയെ കുത്തിക്കൊലപ്പെടുത്തിയത്.