ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്തെ ചിക്കന്‍ ബിരിയാണി സല്‍ക്കാരം; വിമര്‍ശനം ഉന്നയിച്ച് ശശികല ടീച്ചര്‍

Advertisement

തിരുവനന്തപുരം:
ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് നടന്നത് അത്യന്തം നിര്‍ഭാഗ്യകരമായ സംഭവമാണന്ന് ശശികല ടീച്ചർ. ക്ഷേത്രത്തിലെ ജീവനക്കാര്‍ക്ക് ആചാര മര്യാദകള്‍ അറിയില്ലെന്ന് പറഞ്ഞാല്‍ അത് വിശ്വസിക്കാന്‍ കഴിയില്ല. ക്ഷേത്ര മര്യാദകള്‍ അറിഞ്ഞുകൊണ്ട് ലംഘിച്ചുവെന്നാണ് ഇതില്‍ നിന്ന് മനസ്സിലാകുന്നത്.

വളരെ ഗുരുതരമായ കുറ്റമാണിത്. ഭഗവാന്റ ശരീരമായാണ് ക്ഷേത്രത്തെ കാണുന്നത്. ശ്രീകോവില്‍ പോലെ ഓരോ ഭാഗവും പരിശുദ്ധമായി സൂക്ഷിക്കേണ്ടതാണ്. അങ്ങനെയുള്ളിടത്ത് ബിരിയാണി ട്രീറ്റ് നടത്തിയെന്ന പറഞ്ഞാല്‍ അംഗീകരിക്കാന്‍ സാധിക്കില്ല.

ജീവനക്കാര്‍ മാംസം കഴിക്കുന്നത് അവരുടെ വ്യക്തിപരമായ സ്വാതന്ത്ര്യമാണ്. എന്നാല്‍ ക്ഷേത്രത്തിനകത്തേക്ക് ഇത് കൊണ്ടുവന്നത് ഒരിക്കലും അംഗീകരിക്കാന്‍ കഴിയില്ല. അവര്‍ക്ക് തരിമ്പു പോലും വിശ്വാസമില്ലെന്നും ആചാരങ്ങള്‍ ലംഘിക്കാന്‍ യാതൊരു മടിയില്ലെന്നും ഇതോടെ കൂടുതല്‍ വ്യക്തമായി. കേവലം ഒരു ശിക്ഷ നടപടികള്‍ ഇതിന് പരിഹാരമില്ല. ഭക്തര്‍ മര്യാദകള്‍ പാലിക്കുന്നുണ്ടോയന്ന് ശ്രദ്ധിക്കേണ്ട ജീവനക്കാരാണ് ഇത് ചെയ്തത്. അവര്‍ ഇതിനെ ഒരു തൊഴിലായാണ് കാണുന്നത്. ഉത്തരവാദികള്‍ക്ക് സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല’, ശശികല ടീച്ചര്‍ ചൂണ്ടിക്കാട്ടി.

ജൂലൈ ആറിനാണ് ശ്രീപത്മനാഭ സ്വാമി ക്ഷേത്ര പരിസരത്ത് ചിക്കന്‍ ബിരിയാണി സല്‍ക്കാരം നടന്നത്. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ കാര്യാലയത്തിലാണ് മാംസം വിളമ്പിയത്. ജീവനക്കാരന്റെ മകന് ജോലി ലഭിച്ചതുമായി ബന്ധപ്പെട്ടായിരുന്നു ആഘോഷം നടന്നത്. വിവരം ദൃശ്യങ്ങള്‍ സഹിതം പുറത്ത് വന്നതിന് പിന്നാലെ വിശ്വാസികളും ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി.

Advertisement