വാർത്താനോട്ടം

Advertisement

2024  ജൂലൈ 09 ചൊവ്വ

🌴 കേരളീയം 🌴
🙏 മോട്ടോര്‍ വാഹന നിയമം ലംഘിച്ച് ഷുഹൈബ് വധക്കേസ് പ്രതിയായ ആകാശ് തില്ലങ്കേരി. സീറ്റ് ബെല്‍റ്റ് ധരിക്കാതെ നമ്പര്‍ പ്ലേറ്റില്ലാത്ത, രൂപമാറ്റം വരുത്തിയ ജീപ്പില്‍ യാത്ര ചെയ്യുന്ന വീഡിയോ ആണ് പുറത്ത് വന്നത്. വയനാട്ടില്‍ യാത്ര നടത്തുന്ന ദൃശ്യങ്ങള്‍ ആകാശ് തില്ലങ്കേരി തന്നെയാണ് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്തത്.

🙏 ആകാശ് തില്ലങ്കേരി നിയമംലംഘിച്ച് നടത്തിയ ജീപ്പ് യാത്രക്കെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. പനമരം ആര്‍ടിഓയ്ക്കാണ് കണ്ണൂരിലെ യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫര്‍സീന്‍ മജീദ് പരാതി നല്‍കിയത്. ആകാശ് തില്ലങ്കേരിയ്ക്കെതിരെ നടപടി എടുക്കണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

🙏 കണ്ടല സഹകരണ ബാങ്ക് തട്ടിപ്പ് കേസ്  റദ്ദാക്കണമെന്നാവശ്യപ്പെട്ട് മുന്‍ പ്രസിഡന്റ് എസ് ഭാസുരാംഗന്‍ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. കണ്ടല സ്വദേശി അയ്യപ്പന്‍ നായരുടെ പരാതിയില്‍ മാറനല്ലൂര്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിനെതിരെയായിരുന്നു ഹര്‍ജി. ബാങ്കിനെ തകര്‍ച്ചയിലേക്ക് നയിച്ച 100 കോടി രൂപയുടെ തട്ടിപ്പാണ് നടന്നതെന്ന പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ചാണ് കോടതി ഉത്തരവ്. ഭാസുരാംഗനും മകനും നിലവില്‍ റിമാന്‍ഡിലാണ്.

🙏 തിരുവമ്പാടിയില്‍ വൈദ്യുത ബന്ധം വിച്ഛേദിച്ച സംഭവത്തില്‍ കെഎസ്ഇബി ചെയര്‍മാന്‍ ബിജു പ്രഭാകറിനെതിരെ വിമര്‍ശനവുമായി സിപിഎം . ബിജു പ്രഭാകര്‍ ചെയ്ത കുറ്റം സര്‍ക്കാരിന് ഏറ്റെടുക്കാനാവില്ലെന്നു സിപിഎം തിരുവമ്പാടി ഏരിയ സെക്രട്ടറി വികെ വിനോദ് പറഞ്ഞു.


🙏 ആലപ്പുഴ ജില്ലയിലെ  സിപിഎമ്മിലുള്ള  കളകള്‍ പറിക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ . സിപിഎം ആലപ്പുഴ ജില്ലാ തല റിപ്പോര്‍ട്ടിങ്ങിലാണ് ഗോവിന്ദന്റെ  മുന്നറിയിപ്പ്. പുന്നപ്ര വയലാറിന്റെ മണ്ണിലാണ്  ‘കളകള്‍ ‘ ഉള്ളതെന്നും അവരെ ഒഴിവാക്കുന്നതിന്റെ  പേരില്‍ എന്ത് നഷ്ടം ഉണ്ടായാലും പാര്‍ട്ടിക്ക് പ്രശ്നമല്ലെന്നും സംസ്ഥാന സെക്രട്ടറി വ്യക്തമാക്കി.

🙏പൗരത്വ ഭേദഗതിക്കെതിരായ സമരത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 835 കേസുകള്‍  രജിസ്റ്റര്‍ ചെയ്തെന്ന് മന്ത്രി വി അബ്ദുല്‍ റഹ്‌മാന്‍. ഇതില്‍ 194 കേസുകള്‍ കോടതിയുടെ പരിഗണനയിലാണെന്നും മന്ത്രി നിയമസഭയില്‍ അറിയിച്ചു. 84 കേസില്‍ നിരാക്ഷേപപത്രം നല്‍കിയിട്ടുണ്ട്. 259 കേസുകള്‍ തീര്‍പ്പായി. 262 കേസുകള്‍ പൊതു അടിസ്ഥാനത്തില്‍ അവസാനിപ്പിച്ചുവെന്നും ഒരു കേസാണ് ഇനി അവശേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

🙏ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സുരേഷ് ഗോപിയെ വീണ്ടും വീണ്ടും പുകഴ്ത്തുന്ന തൃശൂര്‍ മേയര്‍ എംകെ വര്‍ഗീസ് സ്ഥാനം ഒഴിയണമെന്ന് സിപിഐ ജില്ലാ സെക്രട്ടറി കെകെ വത്സരാജ്. മുന്‍ധാരണ പ്രകാരം മേയര്‍ സ്ഥാനം രാജിവെച്ച് മുന്നണിയില്‍ തുടരാന്‍ എംകെ. വര്‍ഗീസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

🙏 ഇരിഞ്ഞാലക്കുട കൂടല്‍ മാണിക്യം ക്ഷേത്രത്തില്‍ കൂത്ത് അവതരിപ്പിക്കാനുള്ള അവകാശം അമ്മന്നൂര്‍ കുടുംബാംഗങ്ങള്‍ക്ക് മാത്രമാണെന്ന് ഹൈക്കോടതി. ഹിന്ദുക്കളായ കലാകാരന്മാര്‍ക്ക് കൂത്ത് അവതരിപ്പിക്കാന്‍ അനുമതി നല്‍കിയ തീരുമാനം കോടതി റദ്ദാക്കി.

🇳🇪 ദേശീയം 🇳🇪

🙏 ജമ്മു കശ്മീരിലെ കത്വയില്‍ ഭീകരരും സൈന്യവും തമ്മില്‍ ഏറ്റുമുട്ടല്‍. 5 സൈനികര്‍ക്ക് വീരമൃത്യു. 3 പേര്‍ക്ക് പരിക്കേറ്റതായാണ് വിവരം. വൈകീട്ട് ഗ്രാമത്തിലൂടെ പട്രോളിംഗ് നടത്തുകയായിരുന്ന സൈനിക വ്യൂഹത്തിന് നേരെ ഭീകരര്‍ ഗ്രനേഡ് ഏറിയുകയും വെടിയുതിര്‍ക്കുകയായിരുന്നു.

🙏 ഒരു മാസത്തില്‍ നടക്കുന്ന അഞ്ചാമത്തെ ഭീകരാക്രമണം രാജ്യസുരക്ഷയ്ക്ക് ഭീഷണിയാണെന്നും പൊള്ളയായ പ്രസംഗങ്ങളും വ്യാജ വാഗ്ദാനങ്ങളുമല്ല ശക്തമായ നടപടികളാണ് പരിഹാരമെന്നും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി.


🙏 മണിപ്പൂര്‍ സന്ദര്‍ശിക്കുന്നതിന് പ്രധാനമന്ത്രി നരേന്ദ്രമോദി സമയം കണ്ടെത്തണമെന്ന് അഭ്യര്‍ത്ഥിച്ച് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി. അത് സംസ്ഥാനത്തെ ജനങ്ങള്‍ക്ക് വലിയ ആശ്വാസമാകുമെന്നും മണിപ്പൂരിനെ ശാന്തമാക്കുന്ന ഏത് നടപടിയേയും പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.


🙏 നീറ്റ് യുജി ചോദ്യപ്പേപ്പര്‍ ചോര്‍ന്നുവെന്നകാര്യം വ്യക്തമായിക്കഴിഞ്ഞുവെന്നും എങ്ങനെ ചോര്‍ന്നുവെന്നതാണ് ഇനി അറിയാനുള്ളതെന്നും സുപ്രീംകോടതി.  ടെലഗ്രാം പോലെയുള്ള സാമൂഹിക മാധ്യമങ്ങളിലൂടെയാണ് ചോര്‍ച്ചയുണ്ടായതെങ്കില്‍ അതിന്റെ പ്രത്യാഘാതം വ്യാപകമായിരിക്കുമെന്നും സുപ്രീം കോടതി ചൂണ്ടിക്കാട്ടി.



🙏 എല്‍പിജി ഉടമകള്‍ക്ക് വാര്‍ഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും മസ്റ്ററിങിനായി പ്രത്യേക സംവിധാനം ഒരുക്കണമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. ഗ്യാസ് ഏജന്‍സിയിലെത്തി മസ്റ്ററിങ് പൂര്‍ത്തിയാക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ നിര്‍ദ്ദേശം വയോധികരും സ്ത്രീകളും ഉള്‍പ്പെടെയുള്ളവര്‍ക്കുണ്ടാക്കുന്ന ബുദ്ധിമുട്ട് ചൂണ്ടിക്കാട്ടി കേന്ദ്ര പെട്രോളിയം പ്രകൃതിവാതക വകുപ്പ് മന്ത്രിക്ക് പ്രതിപക്ഷ നേതാവ് കത്തയച്ചു. 

🙏 മഹാരാഷ്ട്രയിലെ പൂനെയില്‍ മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് രണ്ട് പൊലീസുകാര്‍ മരിച്ചു. ഞായറാഴ്ച രാത്രി നൈറ്റ് പട്രോളിങ് നടത്തുന്നതിനിടെയാണ് പൊലീസുകാര്‍ സഞ്ചരിച്ചിരുന്ന ബൈക്കില്‍ കാര്‍ ഇടിച്ചത്. ഉടന്‍ തന്നെ നാട്ടുകാര്‍ ഇരുവരെയും തൊട്ടടുത്ത ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

🙏 മഴ കനത്തതോടെ മുംബൈ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പ്രവര്‍ത്തനം തടസപ്പെട്ടു.  കാലാവസ്ഥ മോശമായതോടെ  നിരവധി വിമാനങ്ങള്‍ റദ്ദാക്കുകയും വഴിതിരിച്ചുവിടുകയും ചെയ്തു. മുംബൈയില്‍ ഇറങ്ങേണ്ടിയിരുന്ന വിമാനങ്ങള്‍ അഹമ്മദാബാദ്, ഹൈദരാബാദ്, ഇന്‍ഡോര്‍ വിമാനത്താവളങ്ങളിലേക്ക് വഴി തിരിച്ച് വിടുകയും ചെയ്തിട്ടുണ്ടെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോട്ട് ചെയ്യുന്നത്.

🙏 പ്രതിപക്ഷനേതാവ് രാഹുല്‍ ഗാന്ധിയെ ഹിന്ദു പരാമര്‍ശത്തില്‍ പിന്തുണച്ച്  ജ്യോതിര്‍മഠത്തിലെ 46-ാമത് ശങ്കരാചാര്യരായ സ്വാമി അവിമുക്തേശ്വരാനന്ദ. രാഹുല്‍ ഗാന്ധിയുടെ പ്രസംഗം ഹിന്ദുമതത്തെ ആക്ഷേപിക്കുന്നതല്ലെന്ന് സ്വാമി അവിമുക്തേശ്വരാനന്ദ പറഞ്ഞു.

🇦🇴  അന്തർദേശീയം  🇦🇽

🙏 രണ്ടു ദിവസത്തെ റഷ്യന്‍ സന്ദര്‍ശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി റഷ്യയിലെത്തി. മോസ്‌കോ വിമാനത്താവളത്തില്‍ റഷ്യയുടെ ഉപ പ്രധാനമന്ത്രി ഡെനിസ് മന്‍ടുറോവ പ്രധാനമന്ത്രിയെ സ്വീകരിച്ചു. മോസ്‌കോയിലെ പ്രസിഡന്‍ഷ്യല്‍ പാലസില്‍ സ്വകാര്യ അത്താഴ വിരുന്നിനെത്തിയ മോദി റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി കൂടിക്കാഴ്ച നടത്തി.

Advertisement