തിരുവനന്തപുരം. കലോത്സവത്തിനിടെ വിദ്യാർത്ഥിനിയെ കടന്നുപിടിച്ചെന്ന പരാതിയിൽ കുസാറ്റ് സിൻഡിക്കേറ്റ് അംഗവും സ്റ്റുഡൻറ് വെൽഫെയർ കമ്മറ്റി ഡയറക്ടറുമായ പികെ ബേബിക്കെതിരെ ആഭ്യന്തര പരാതി പരിഹാര സമിതി അന്വേഷണം ആരംഭിച്ചു. കഴിഞ്ഞ മാർച്ചിൽ നടന്ന സംഭവത്തിൽ വിദ്യാർത്ഥിനിയെ സമ്മർദം ചെലുത്തി പരാതിയില്ലാതാക്കാൻ ശ്രമം നടന്നിരുന്നു എന്ന ആരോപണവും ഉയർന്നിട്ടുണ്ട്. ഗുരുതരമായ പരാതി ലഭിച്ച സാഹചര്യത്തിൽ പികെ ബേബിയെ സിൻഡിക്കേറ്റിൽ നിന്നും പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ഗവർണറെ സമീപിക്കാൻ ഒരുങ്ങുകയാണ് ഒരു വിഭാഗം ജീവനക്കാർ ‘
കൊച്ചിൻ ശാസ്ത്ര സാങ്കേതിക സർവ്വകലാശാലയിലെ വിദ്യാർത്ഥികളുടെ ക്ഷേമം ഉറപ്പാക്കേണ്ട സമിതിയുടെ ഡയറക്ടർ ആണ് വിദ്യാർത്ഥിനിയെ കയറി പിടിച്ചുവെന്ന പരാതിയിൽ പ്രതിയായിരിക്കുന്നത്. കഴിഞ്ഞ മാർച്ചിലാണ് പി കെ ബേബിക്കെതിരെ പരാതി ഉയരുന്നത്. കുസാറ്റിൽ വച്ച് നടന്ന കലോത്സവത്തിനിടെ ഗ്രീൻ റൂമിൽ വച്ച് വിദ്യാർത്ഥിനിയെ അപമാനിച്ചു എന്നായിരുന്നു പരാതി. എന്നാൽ ഔദ്യോഗികമായി പരാതി നൽകാതെ പരാതി ഒതുക്കി തീർക്കാൻ ശ്രമം നടന്നിരുന്നു. പാർട്ടി തലത്തിൽ പികെ ബേബിക്കെതിരെ നടപടികളൊന്നും ഉണ്ടാകാതിരുന്നതോടെയാണ് ഇടതുപക്ഷ അനുകൂല സംഘടനയിൽ പെട്ട വിദ്യാർത്ഥിനി രേഖാമൂലം പരാതി നൽകിയത്. നിലവിൽ പികെ ബേബിക്കെതിരെ കളമശ്ശേരി പോലീസും കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ആഭ്യന്തര പരാതി പരിഹാര സമിതി സിൻഡിക്കേറ്റ് അംഗം കൂടിയായ പി കെ ബേബിക്കെതിരെ അന്വേഷണവും ആരംഭിച്ചു.എന്നാൽ ആരോപണ വിധേയൻ സിൻഡിക്കേറ്റ് മെമ്പറും സ്റ്റുഡൻറ് വെൽഫെയർ കമ്മറ്റി ഡയറക്ടർമായി തുടർന്നാൽ പരാതിയിൽ അന്വേഷണം അട്ടിമറിക്കപ്പെടുമെന്ന ആശങ്കയും ശക്തമാണ്. ഈ സാഹചര്യത്തിൽ രണ്ടു പദവികളിൽ നിന്നും പികെ ബേബിയെ പുറത്താക്കണമെന്നാണ് പ്രധാന ആവശ്യം.
കുസാറ്റ് വൈസ് ചാൻസലർ അടക്കം ഇക്കാര്യത്തിൽ മൗനം പാലിക്കുകയാണ്. പി കെ ബേബിക്കെതിരെ നടപടി ഉണ്ടായില്ല എങ്കിൽ ഗവർണറെ നേരിൽകണ്ട് പരാതി നൽകാനാണ് ഒരു വിഭാഗം ജീവനക്കാരുടെ തീരുമാനം.