രൂപ മാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം

Advertisement

കൊച്ചി.രൂപ മാറ്റം വരുത്തുന്ന വാഹനങ്ങൾക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്ന് ഹൈക്കോടതി. ഗതാഗത വകുപ്പ് ജോയിൻ്റ് കമ്മീഷണർക്കാണ് നിർദ്ദേശം നൽകിയത്. വടകര അപകടം, ആകാശ് തില്ലങ്കേരിയുടെ നിയമ ലംഘനം എന്നിവയിൽ സ്വമേധയാ കേസെടുക്കും എന്നും കോടതി വ്യക്തമാക്കി


ആകാശ് തില്ലങ്കേരിയുടെ ഉൾപ്പെടെയുള്ള നിയമലംഘന വീഡിയോകൾ പരിശോധിച്ച ശേഷമാണ് കോടതി കേസെടുക്കുമെന്ന് വ്യക്തമാക്കിയത്. ഇത്തരം ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുന്നതും കുറ്റകരമാണെന്ന് കോടതി വിലയിരുത്തി.
യൂട്യൂബ് മറ്റു സാമൂഹ്യ മാധ്യമങ്ങളും ഇക്കാര്യത്തിൽ ജാഗ്രത പുലർത്തണം. ഇതിൽ കർശന നടപടി സ്വീകരിക്കാൻ ജോയിൻറ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. അതേസമയം ആകാശ് താല്ലങ്കേരിയുടെ നിയമലംഘനം സംബന്ധിച്ച് മാനന്തവാടി ജോയിന്റ് ആർടിഒയ്ക്ക് പരാതി നൽകാൻ പോലീസ് അനുവദിക്കുന്നില്ല എന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അഞ്ചാംമൈലിലെ ഓഫീസ് ഉപരോധിച്ചു

ആകാശ് തില്ലങ്കേരി ഓടിച്ച വാഹനത്തിന്റെ ആർ സി സസ്പെന്റ് ചെയ്യാൻ ആണ് മോട്ടോർ വാഹന വകുപ്പ് നീക്കം. മലപ്പുറം ആർടിഒ ആണ് ഇതിൽ നടപടിയെടുക്കുക.
നേരത്തെ മൂന്നുതവണ ഈ വാഹനത്തിന് നേരെ നിയമലംഘനത്തിന് നടപടി എടുത്തിട്ടുണ്ട്. വാഹനം ഓടിച്ചത് ആരൊക്കെ എന്ന് കണ്ടെത്താൻ പനമരം പ്രദേശത്തെ എ ഐ കാമറകൾ പരിശോധിക്കും.മൊറയൂർ സ്വദേശി സുലൈമാന്റേതാണ് KL 10 BB 3724 എന്ന നമ്പറിലുള്ള ജീപ്പ്