അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം, നാളെ കരിദിനം

Advertisement

തിരുവനന്തപുരം.അവകാശ പത്രിക അംഗീകരിക്കണമെന്ന് ആവശ്യപ്പെട്ട് കെഎസ്‌യു നടത്തിയ നിയമസഭാ മാർച്ചിൽ സംഘർഷം. സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ ഉൾപ്പെടെയുള്ളവർക്ക് ലാത്തിച്ചാർജിൽ പരുക്കേറ്റു. പൊലീസ് ആക്രമണത്തിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ ആഹ്വാനം ചെയ്ത് കെ.എസ്‌.യു.

പ്ലസ് വൺ സീറ്റ് എണ്ണം വർദ്ധിപ്പിക്കുക, ഇ- ഗ്രാൻഡ് വിതരണം കൃത്യമാക്കുക, സ്കോളർഷിപ്പുകൾ പുനസ്ഥാപിക്കുക, ബസ് കൺസഷനിൽ കൃത്യമായ ഇടപെടൽ നടത്തുക , ഐടിഐ വിദ്യാർത്ഥികളുടെ പ്രവർത്തി സമയം കുറയ്ക്കുക, ശനിയാഴ്ച പ്രവർത്തി ദിനം ആക്കിയത് പിൻവലിക്കുക, നാലുവർഷ ഡിഗ്രി മുന്നൊരുക്കം ഇല്ലാതെ നടപ്പിലാക്കിയതിന്റെ പിഴവുകൾ പരിഹരിക്കുക, സർക്കാർ കോളജുകളിൽ സ്ഥിരം പ്രിൻസിപ്പൽമാരെ നിയമിക്കുക, നിയമവിദ്യാർത്ഥികളുടെ യൂണിവേഴ്സിറ്റി ഫീസ് വർധന പിൻവലിക്കുക. ഇത്രയും ആവശ്യങ്ങൾ ഉന്നയിച്ച് കെഎസ്‌യു സമർപ്പിച്ച അവകാശ പത്രിക അംഗീകരിക്കണമെന്നതായിരുന്നു സമരാവശ്യം. എസ്എഫ്ഐയുടെ ഗുണ്ടാ പ്രവർത്തനങ്ങൾക്ക് സർക്കാർ കുടപിടിച്ചു കൊടുക്കുകയാണെന്ന് സമരം ഉദ്ഘാടനം ചെയ്ത് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ ആരോപിച്ചു.

പൊലീസിന് നേരെ പ്രവർത്തകർ നിരന്തരം പ്രകോപനം അഴിച്ചുവിട്ടു. കല്ലും കമ്പുകളും എറിഞ്ഞു. ഏഴുതവണ പൊലീസ് പ്രവർത്തകർക്ക് നേരെ ജലപീരങ്കി പ്രയോഗിച്ചു.

എംജി റോഡിൽ വാഹനങ്ങൾ തടയാൻ ശ്രമിച്ച പ്രവർത്തകർക്ക് നേരെ പോലീസ് ലാത്തി ചാർജ് നടത്തി.സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യറിന് ഉൾപ്പെടെ പരുക്കേറ്റു. അലോഷ്യസ് സേവ്യറിനെ ആശുപത്രിയിലേക്ക് മാറ്റിയില്ലെന്ന് ആരോപിച്ച് പ്രവർത്തകർ പ്രതിഷേധിച്ചു.

പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപകമായി കരിദിനം ആചരിക്കാൻ കെ.എസ്‌.യു തീരുമാനിച്ചു.