ഇടുക്കി. മുല്ലപ്പെരിയാറിൽ നിന്നും തമിഴ്നാട് വെള്ളം കൊണ്ടു പോകുന്ന ഷട്ടറിനു സമീപം സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ കാട്ടാന കുടുങ്ങി. മണിക്കൂറുകൾക്കുശേഷം കാട്ടാന സ്വമേധയാ നീന്തി കയറി..
രാവിലെ ഏഴുമണിയോടെയായിരുന്നു സംഭവം. പെരിയാർ കടുവാ സങ്കേതത്തിലെ കാട്ടാനയാണ് തമിഴ്നാട് വെള്ളം കൊണ്ടുപോകുന്ന കനാലിൽ അകപ്പെട്ടത്. കനാലിന് കുറുകേ സ്ഥാപിച്ചിരിക്കുന്ന ഗ്രില്ലിൽ തടഞ്ഞുനിന്നതിനാൽ 100 മീറ്റർ മാത്രമാണ് ആന ഒഴുകിയത്. ശക്തമായ വെള്ളമുഴുക്കിൽ ആനയ്ക്ക് തിരിച്ചു നീന്താനും കഴിഞ്ഞില്ല. റിസോർട്ട് ജീവനക്കാരാണ് ആന ഗ്രില്ലിൽ കുടുങ്ങിയ വിവരം വനംവകുപ്പിനെ അറിയിച്ചത്.
ഒരു മണിക്കൂറോളം കാട്ടാന ഗ്രില്ലിൽ തടഞ്ഞുനിന്നു. തുടർന്ന് തേക്കടിയിലെ ഷട്ടർ അടച്ച് തമിഴ്നാട്ടിലേക്കുള്ള വെള്ളത്തിൻറെ ഒഴുക്ക് തടസ്സപ്പെടുത്തിയതോടെ ആന തിരിച്ചു നീന്തി കരയ്ക്ക് കയറി. പെരിയാർ കടുവാ സങ്കേതത്തിലേക്ക് തന്നെ ആന നീങ്ങിയിട്ടുണ്ട്. അപകടത്തിൽ ആനയ്ക്ക് പരിക്കുകൾ ഒന്നുമില്ല എന്നാണ് നിഗമനം.