തനിക്കെതിരെ കേസ് നടത്താന്‍ വിസിമാര്‍ ചെലവിട്ട 1.13 കോടി രൂപ സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശം. വിസി നിയമനം റദ്ദാക്കിയ ഗവര്‍ണറുടെ നടപടിക്കെതിരെയാണ് വിവിധ സര്‍വകലാശാലകളിലെ വൈസ് ചാന്‍സലര്‍മാര്‍ കേസിന് പോയത്. സര്‍ക്കാരിന്റെ ചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും സ്വന്തം ചെലവിലാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു.
സംസ്ഥാന ചരിത്രത്തിലാദ്യമായാണ് ചാന്‍സലറായ ഗവര്‍ണര്‍ വിസിമാര്‍ക്ക് ഇത്തരത്തിലൊരു നിര്‍ദേശം നല്‍കുന്നത്. സംസ്ഥാനത്തെ വിവിധ സര്‍വകലാശാലകളിലെ വിസിമാരുടെ നിയമനം ഗവര്‍ണര്‍ റദ്ദാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് വിസിമാര്‍ ഹൈക്കോടതിയെയും സുപ്രീം കോടതിയെയും സമീപിച്ചത്. സര്‍വകലാശാലകള്‍ക്ക് സര്‍ക്കാര്‍ നല്‍കുന്ന പണം സര്‍വകലാശാലയുടെ ഫണ്ട് ആണ്. അത് ഉപയോഗിച്ച് പൊതുചെലവില്‍ കേസ് നടത്തേണ്ടതില്ലെന്നും വ്യക്തികള്‍ തന്നെയാണ് കേസ് നടത്തേണ്ടതെന്നും ഗവര്‍ണര്‍ പറഞ്ഞു. ഇങ്ങനെ കേസ് നടത്തുന്നത് ചട്ടമനുസരിച്ച് ശരിയല്ലെന്നും അതിനാല്‍ കേസിന് ചെലവഴിച്ച തുക തിരിച്ചടയ്ക്കാനുമാണ് ഗവര്‍ണറുടെ നിര്‍ദേശം. കേസിനായി വിവിധ വിസിമാര്‍ 1.13 കോടി രൂപയാണ് ചെലവിട്ടതെന്നാണ് രാജ്ഭവന്റെ കണ്ടെത്തല്‍.