ഐഎസ്ആര്‍ഒ ചാരക്കേസ് സിഐ ആയിരുന്ന എസ്. വിജയന്റെ സൃഷ്ടിയാണെന്ന് സിബിഐ. തെളിവുകളൊന്നുമില്ലാതെയാണ് ശാസ്ത്രജ്ഞനായ നമ്പി നാരായണനെ അറസ്റ്റ് ചെയ്തതെന്നും സിബിഐ പറയുന്നു. കോടതിയില്‍ സമര്‍പ്പിച്ച ഗൂഢാലോചന കുറ്റപത്രത്തിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്.
മാലദ്വീപ് സ്വദേശിനി മറിയം റഷീദയെ അന്യായമായി തടങ്കലില്‍ വയ്ക്കുകയും ഇന്റലിജന്‍സ് ബ്യൂറോയെ ചോദ്യം ചെയ്യാന്‍ അനുവദിക്കുകയും ചെയ്തു. മറിയം റഷീദക്കെതിരെ തെളിവുകളില്ലാതെ വഞ്ചിയൂര്‍ സ്റ്റേഷനില്‍ കേസെടുപ്പിച്ചു. കുറ്റസമ്മതം നടത്താനായി മറിയം റഷീദയെ കസ്റ്റഡിയില്‍ വച്ച് പീഡിപ്പിച്ചു.
ഹോട്ടല്‍ മുറിയില്‍ വച്ച് കടന്ന് പിടിച്ചത് മറിയം റഷീദ എതിര്‍ക്കുകയും തുടര്‍ന്നുളള പ്രകോപനവുമാണ് കേസിന് പിന്നിലെന്നാണ് സിബിഐ കുറ്റപത്രത്തില്‍ പറയുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലുള്ളപ്പോള്‍ പോലും ഐബി ഉദ്യോഗസ്ഥര്‍ നിയമവിരുദ്ധമായി ചോദ്യം ചെയ്തു. വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സി ഐ കെ.കെ. ജോഷ്വ ആയിരുന്നു. സിബി മാത്യൂസിന് വേണ്ടിയാണ് ഇങ്ങനെ കൃത്രിമരേഖ ചമച്ചതെന്നാണ് കണ്ടെത്തല്‍.
ഐബി മുന്‍ ഉദ്യോഗസ്ഥന്‍ ജയപ്രകാശ് കസ്റ്റഡിയില്‍ വെച്ച് നമ്പി നാരായണനെ മര്‍ദിച്ചുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.ചാരവൃത്തി നടത്തിയെന്ന് എഴുതി ചേര്‍ത്ത കേസില്‍ ഒരു തെളിവുമില്ല. പ്രതി ചേര്‍ത്തവരുടെ വീട്ടില്‍ നിന്നും ഒന്നും കണ്ടെത്തിയില്ല.
മുന്‍ എസ്പി എസ് വിജയന്‍, മുന്‍ ഡിജിപി സിബി മാത്യൂസ്, മുന്‍ ഡിജിപി ആര്‍ ബി ശ്രീകുമാര്‍, മുന്‍ സിഐ കെകെ ജോഷ്വാ, മുന്‍ ഐബി ഉദ്യോഗസ്ഥന്‍ ജയപ്രകാശ് എന്നിവരാണ് കേസിലെ പ്രതികള്‍. എഫ്ഐആറില്‍ ഉണ്ടായിരുന്ന മറ്റു ഉദ്യോഗസ്ഥരെ ഒഴിവാക്കി.എഫ്ഐആറില്‍ 18 പ്രതികളാണ് ഉണ്ടായിരുന്നത്. ഗൂഢാലോചന, സ്ത്രീകളോട് മോശമായി പെരുമാറുക, തടഞ്ഞു വയ്ക്കുക, മര്‍ദ്ദിക്കുക തുടങ്ങിയ വകുപ്പുകളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിട്ടുളളത്.