ചേർത്തല. പൂച്ചാക്കലിൽ നടുറോഡിൽ ദളിത് പെൺകുട്ടിക്ക് മർദനമേറ്റ കേസിൽ ഒന്നാം പ്രതി ഷൈജു, സഹോദരൻ രണ്ടാം പ്രതി ശൈലേഷ് എന്നിവർ അറസ്റ്റിൽ.
ഇന്ന് രാവിലെയാണ് ഇവർ അറസ്റ്റിലായത്. പ്രതികളുടെ സിപിഐഎം ബന്ധമാണ് അറസ്റ്റ് വൈകുന്നതിന് കാരണമെന്ന ആക്ഷേപമുയർന്നിരുന്നു. ഇന്ന് നിയമസഭയിൽ MLA കെ കെ രമയുടെ ചോദ്യത്തിനാണ്
മന്ത്രി വീണാ ജോർജ് ഇക്കാര്യം വ്യക്തമാക്കിയത്.ഞായറാഴ്ച വൈകിട്ടോടെയാണ് നടു റോഡിൽ പെൺകുട്ടിയെ ക്രൂരമായ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നത്.
ഇളയ സഹോദരങ്ങളെ മർദിച്ചതിൽ
പോലീസ് സ്റ്റേഷനിൽ പരാതി നൽകി മടങ്ങുമ്പോൾ ആയിരുന്നു പെൺകുട്ടിയെയും സഹോദരങ്ങളേയും നടു റോഡിൽ വച്ച് ആക്രമിച്ചത്. തൈക്കാട്ട് ശരി സ്വദേശി ഷൈജുവും സഹോദരൻ ശൈലേഷും സുഹൃത്തുക്കളും ചേർന്നായിരുന്നു ക്രൂര ആക്രമണം.
പെൺകുട്ടി പൂച്ചാക്കൽ പോലീസിൽ പരാതി നൽകിയെങ്കിലും ആദ്യഘട്ടത്തിൽ പോലീസ് കേസെടുക്കാൻ തയ്യാറായില്ല. പിന്നീട് ദൃശ്യങ്ങൾ പുറത്തായതോടെ ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം പൂച്ചാക്കൽ പോലീസ് ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുക്കുകയായിരുന്നു. പ്രതികൾക്കുള്ള ഉന്നത രാഷ്ട്രീയ ബന്ധമാണ് ഇവർക്കെതിരെ നടപടിയെടുക്കാനും പിന്നീട് അറസ്റ്റ് ചെയ്യാനും പോലീസ് മടിച്ചത് എന്ന ആക്ഷേപമാണ് ഉയരുന്നത്.
ഇന്ന് നിയമസഭയിൽ സ്ത്രീകൾക്കും കുട്ടികൾക്കെതിരെയുള്ള അതിക്രമം തടയണമെന്ന അടിയന്തര പ്രമേയ അവതരണത്തിൽ
കെ കെ രമ എംഎൽഎ പൂച്ചാക്കലിലെ ദളിത് പെൺകുട്ടിക്ക് മർദ്ദനമേറ്റ സംഭവം സഭയിൽ ഉന്നയിച്ചത്. തുടർന്ന് മന്ത്രി വീണാ ജോർജ് ആണ് ഇന്ന് രാവിലെ ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയ വിവരം സഭയിൽ അറിയിച്ചത്.
പട്ടികജാതി പട്ടിക വർഗ പീഡന നിരോധന നിയമ ഉൾപ്പടെ ഉള്ള വകുപ്പുകൾ ചുമത്തിയാണ് കേസ്.
കേസിൽ ഇനി നാലു പേരെ കൂടി പിടികൂടാൻ ഉണ്ട്.
പെണ്‍കുട്ടിയും സഹോദരങ്ങളും മർദ്ദിച്ചു എന്ന് ആരോപിച്ച് ഷൈജു നൽകിയ പരാതിയിലും പോലീസ് ആറു പേർക്കെതിരെ ജാമ്യമില്ല വകുപ്പ് പ്രകാരം കേസെടുത്തിട്ടുണ്ട്