കോഴിക്കോട്.കൊങ്കൺ പാതയിലെ പെർണം റെയിൽവേ തുരങ്കത്തിൽ മണ്ണിടിഞ്ഞത് മൂലം ട്രെയിൻ ഗതാഗതത്തിൽ നിയന്ത്രണം. കേരളത്തിൽ നിന്നും സർവീസ് ആരംഭിക്കുന്നതും അവസാനിപ്പിക്കുന്നതുമായ പത്തിലധികം ട്രെയിനുകൾ വഴിതിരിച്ചു വിട്ടു. നിയന്ത്രണം മലബാറിലെ യാത്രക്കാരെ കാര്യമായി ബാധിക്കും.
ഇന്നലെ രാത്രിയിലുണ്ടായ കനത്ത മഴയിലാണ് കൊങ്കൺ പാതയിൽ മണ്ണിടിയുകയും വെള്ളക്കെട്ട് രൂപപ്പെടുകയും ചെയ്തത്. ഇതോടെ ട്രെയിൻ ഗതാഗതം പൂർണമായും തടസപ്പെട്ടു. ട്രാക്ക് സാധാരണ നിലയിലാക്കാനുള്ള ശ്രമം തുടരുകയാണ്.
കേരളത്തിൽ നിന്നും ദീർഘ ദൂരങ്ങളിലേക്ക് പോകുന്ന 7 ട്രെയിനുകൾ ഇറോഡ് – പൻവേൽ വഴി തിരിച്ച് വിട്ടു.
19577 തിരുനെൽവേലി – ജാംനഗർ എക്സ്പ്രസ്
16336 നാഗർകോവിൽ – ഗാന്ധിദാം എക്സ്പ്രസ്
12283 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്
22655 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്
12483 കൊച്ചുവേളി – അമൃത്സർ എക്സ്പ്രസ്
12617 എറണാകുളം – നിസാമുദീൻ എക്സ്പ്രസ്
16346 തിരുവനന്തപുരം – ലോകമാന്യതിളക് എക്സ്പ്രസ്
എന്നി ട്രെയിനുകളാണ് തിരിച്ചു വിട്ടത്. ഇവയിൽ പലതും പത്ത് മുതൽ 20 മണിക്കൂർ വരെ വൈകിയാണ് ഓടുന്നത്. വിവിധ ഇടങ്ങളിൽ നിന്നും മലബാർ വഴി തിരികെ എത്തേണ 6 ട്രെയിനുകൾ ഇറോഡ് – പൻവേൽ വഴിയാകും കേരളത്തിലേക്ക് പ്രവേശിക്കുക. ആവശ്യത്തിന് ട്രെയിനുകൾ ഇല്ലാതെ ബുദ്ധിമുട്ടുന്ന മലബാറിലെ യാത്രക്കാരെ നിയന്ത്രണം കാര്യമായി ബാധിക്കുന്നുണ്ട്.