തിരുവനന്തപുരം . വിഴിഞ്ഞം തുറമുഖം തുറക്കുമ്പോള്‍ പദ്ധതിയില്‍ ഒരുപോലെ അവകാശവാദം ഉന്നയിക്കുകയാണ് എല്‍.ഡി.എഫും യു.ഡി.എഫും. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്ക് തുടക്കമിട്ടതെന്ന് യു.ഡി.എഫും തറക്കില്ലിട്ടതുകൊണ്ട് മാത്രം കപ്പലോടില്ലെന്ന് എല്‍.ഡി.എഫും വാദിക്കുന്നു.
ഏറ്റവും വലിയ പദ്ധതിയായ വിഴിഞ്ഞം തുറമുഖത്ത് ആദ്യ വാണിജ്യക്കപ്പല്‍ അടുക്കുമ്പോഴും പദ്ധതിയുടെ പിതൃത്വത്തെച്ചൊല്ലി തര്‍ക്കം ഒഴിയുന്നില്ല. നീണ്ട 70 വര്‍ഷമാണ് വിഴിഞ്ഞം തുറമുഖത്തിന്റെ സാധ്യതകളെക്കുറിച്ച് സംസ്ഥാനത്തെ ഭരണാധികാരികള്‍ പഠിച്ചുകൊണ്ടേയിരുന്നത്. ഉടന്‍ യാഥാര്‍ഥ്യമാകുമെന്ന പ്രതീതി ചില സര്‍ക്കാരുകളുണ്ടാക്കിയെങ്കിലും ഫലവത്തായില്ല.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് പദ്ധതിക്കായി നിര്‍ണായക നീക്കം നടത്തിയതെന്നും തടസങ്ങളെല്ലാം മറികടന്ന് പദ്ധതിയെ യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിച്ചത് ഉമ്മന്‍ചാണ്ടി സര്‍ക്കാരാണെന്നുമാണ് യു.ഡി.എഫ് നിലപാട്. പദ്ധതിക്കുള്ള കേന്ദ്രാനുമതി, പാരിസ്ഥിതികാനുമതി, ആഗോള ടെണ്ടര്‍ എന്നിവയെല്ലാം നടന്നത് ഈ കാലത്താണ്. അന്ന് പദ്ധതിക്കെതിരെ 6000 കോടിയുടെ അഴിമതി ഉന്നയിക്കുകയാണ് എല്‍.ഡി.എഫും സി.പി.ഐ.എമ്മും ചെയ്തതെന്നും യു.ഡി.എഫ് ആരോപിക്കുന്നു. ഇതില്‍ അന്വേഷണകമ്മിഷനെപോലും നിയോഗിക്കേണ്ടി വന്നു.
എന്നാല്‍ പദ്ധതി യാഥാര്‍ത്ഥ്യമാക്കിയത് എല്‍.ഡി.എഫ് സര്‍ക്കാരിന്റെ ഇച്ഛാശക്തിയുടെ ഫലമായിട്ടാണെന്നാണ് എല്‍.ഡി.എഫ് വാദം. ഉമ്മന്‍ചാണ്ടിയുടെ കാലത്താണ് പദ്ധതി തുടങ്ങിയതെന്ന വാദം തെറ്റ്. ഇ.കെ.നായനാര്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് ആദ്യമായി വിഴിഞ്ഞം പദ്ധതിക്കായി കമ്മറ്റിയെ നിയോഗിച്ചതെന്നും ആദ്യ ടെണ്ടര്‍ നല്‍കിയത് വി.എസ് സര്‍ക്കാരാണെന്നുമാണ് ഇവരുടെ വാദം. തുറമുഖം യാഥാര്‍ത്ഥ്യമാക്കാനുള്ള നടപടികള്‍ സ്വീകരിച്ചത് 2016ല്‍ അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാരാണെന്നും പദ്ധതിയുടെ പുര്‍ത്തീകരണം ഇടതുസര്‍ക്കാരിന്റെ പ്രഖ്യാപിത ലക്ഷ്യമാണെന്നുമാണ് എല്‍.ഡി.എഫ് വാദം.