തിരുവനന്തപുരം. ലോകത്തെ ഏറ്റവും വലിയ കപ്പലിന് പോലും സ്വാഗതമരുളുകയാണ് വിഴിഞ്ഞം.
പതിറ്റാണ്ടുകളുടെ കാത്തിരിപ്പിന് വിരാമം. ഇന്ത്യയിലെ ആദ്യത്തെ മദർപോർട്ടിലേക്ക് സാൻ ഫെർണാണ്ടോ എന്ന കൂറ്റൻ ചരക്ക് കപ്പൽ നങ്കൂരം ഇടുകയാണ്. രാജ്യത്തിൻ്റെ സംസ്ഥാനത്തിന്റെയും സാമ്പത്തിക രംഗത്തെ പുതുയുഗത്തിലേക്കാണ് വിഴിഞ്ഞം വഴി തുറക്കുന്നത്.
അത്യപൂർവ്വമായ ചില പ്രത്യേകതകളാണ് വിഴിഞ്ഞത്ത് തുറമുഖം യാഥാർഥ്യമാകാൻ കാരണമായത്. കടലിന്റെ സ്വാഭാവിക ആഴവും, അന്താരാഷ്ട്ര കപ്പൽ ചാലിലേക്കുള്ള ദൂരവും, അനുയോജ്യമായ കാലാവസ്ഥയും ഒക്കെയാണ് പ്രധാനം. ആ സവിശേഷതകൾ മുന്നിൽ കണ്ടാണ് അദാനി 2015ൽ തുറമുഖം പണിയാൻ സംസ്ഥാന സർക്കാറുമായി കരാർ ഒപ്പിട്ടത്.
വിഴിഞ്ഞം തുറമുഖത്തിൻ്റെ സാധ്യത വർദ്ധിക്കുന്നത് അതിൻ്റെ സ്വാഭാവിക ആഴം. 20 മീറ്റർ സ്വാഭാവിക ആഴം എന്നത് രാജ്യത്ത് ഒരു തുറമുഖത്തും കണാനാകില്ല. ഈ 20 മീറ്റർ കേന്ദ്ര സംസ്ഥാന സർക്കാരുകൾക്ക് നേടിക്കൊടുക്കാൻ പോകുന്നത് കൊടികളും. വൻ വികസനത്തിലേക്കുള്ള അദ്യ ചവിട്ടുപടിയാണ് തലയുയർത്തി നിൽക്കുന്ന ഈ തുറമുഖം.
തുറമുഖം പ്രവർത്തിക്കുന്നതിന് ആവശ്യമായ ക്രൈനുകൾ, മറൈൻ ഓപറേഷന് യൂണിറ്റ്, പുലിമുട്ട്, കണ്ടെയ്നർ ബർത്ത്, കണ്ടൈനർ യാർഡ് തുടങ്ങിയ മുഴുവൻ സൗകര്യങ്ങളും പൂർത്തിയായിട്ടുണ്ട്. ചൈനയിൽ നിന്ന് എത്തിച്ച 31 ക്രെയ്‌നുകളും ഓട്ടോമാറ്റിക്ക് സംവിധാനത്തിലൂടെ പ്രവർത്തിക്കും. സാൻ ഫെർണാണ്ടോയിൽ നിന്ന് ഇന്നുതന്നെ ചരക്കിറക്കി തുടങ്ങും.
രാജ്യത്തെ ഒരു തുറമുഖത്തും മദർഷിപ്പുകൾ അടുക്കാൻ സൗകര്യം ഇല്ല. നിലവിൽ കൊളംബോ, സിംഗപ്പൂർ, ദുബായ് തുറമുഖങ്ങളിലൂടെയാണ് ചരക്ക് നീക്കം. രാജ്യത്തെ വിവിധ തുറമുഖങ്ങളിൽ നിന്ന് ഫീഡർ കപ്പലുകൾ പോയാണ് ചരക്ക് ഇറക്കുകയും കയറ്റുകയും ചെയ്യുന്നത്. ഇനി എല്ലാം നേരിട്ട്.
രാജ്യത്തെ ആദ്യ കണ്ടെയ്നർ ട്രാന്ഷിപ്മെന്റ് തുറമുഖമാണ് വിഴിഞ്ഞം. മദർഷിപ്പിൽ നിന്ന് ഫീഡർ കപ്പലുകളിലേക്കും, ഫീഡർ കപ്പലുകളിൽ നിന്ന് മദർ ഷിപ്പിലേക്കും ചരക്ക് മാറ്റാം എന്നതാണ് പ്രത്യേകത. തുറമുഖത്തേക്ക് ചരക്ക് ഇറക്കുന്നതിന്റെ സമയനഷ്ടവും ചെലവും ഇത് കുറയ്ക്കും.
ട്രയൽ റൺ രണ്ടോ മൂന്നോ മാസം നീളും. പടുകൂറ്റൻ മദർഷിപ്പുകൾ ചരക്കുമായി വന്ന് പോകും. രാജ്യത്തെ മുഴുവൻ തുറമുഖങ്ങൾക്കും വിഴിഞ്ഞം നേട്ടം ഉണ്ടാക്കും. ലോകത്തെ തന്നെ ഏറ്റവും വലിയ കപ്പലിനു പോലും വിഴിഞ്ഞത്ത് എത്താനാകും.