വാർത്താനോട്ടം

Advertisement

2024 ജൂൺ 11 വ്യാഴം

🌴കേരളീയം 🌴

🙏 പകര്‍ച്ചവ്യാധികള്‍ സംസ്ഥാനത്ത് പരക്കെ വ്യാപിക്കുന്നു. 24 മണിക്കൂറിനിടെ 13,756 പേര്‍ പനി ബാധിച്ച് വിവിധ ആശുപത്രികളില്‍ ചികിത്സ തേടി. ഇന്നലെ 225 പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. കേരളം പുറത്ത് വിട്ട കണക്കനുസരിച്ച് 20 പേര്‍ക്ക് എലിപ്പനിയും സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ 37 പേര്‍ക്ക് എച്ച് 1 എന്‍ 1 കേസുകളും സ്ഥിരീകരിച്ചുവെന്നാണ് ആരോഗ്യവകുപ്പ് പുറത്ത് വിട്ട കണക്കുകള്‍.

🙏 തൃശ്ശൂരില്‍ അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു. പാടൂര്‍ സ്വദേശിയായ 7-ാം ക്ലാസ് വിദ്യാര്‍ത്ഥിക്കാണ് സ്ഥിരീകരിച്ചത്.

🙏 സംസ്ഥാനത്ത് രണ്ട് പേര്‍ക്ക് കൂടി കോളറ സ്ഥിരീകരിച്ചു. നെയ്യാറ്റിന്‍കരയിലെ സ്വകാര്യ സ്ഥാപനത്തില്‍ രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്ന രണ്ട് പേരുടെ സാമ്പിളാണ് പോസിറ്റീവായത്. ഇതോടെ മൂന്ന് പേര്‍ക്കാണ് ഈ സ്ഥാപനത്തില്‍ കോളറ സ്ഥിരീകരിച്ചത്.

🙏 വിഴിഞ്ഞം തുറമുഖം യാഥാര്‍ത്ഥ്യമാകുന്നതോടെ രാജ്യത്തെ കണ്ടെയ്‌നര്‍ ബിസിനസ്സിന്റെ കേന്ദ്രമായി കേരളം മാറുമെന്നും അഭിമാനപൂര്‍വ്വം ഈ നേട്ടം നമുക്ക് ഓരോരുത്തര്‍ക്കും ആഘോഷമാക്കാമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍.

🙏 മലബാറില്‍ ജമാഅത്തെ ഇസ്ലാമിയും എസ്.ഡി.പി.ഐയും യു.ഡി.എഫിന് വേണ്ടി പ്രവര്‍ത്തിച്ചുവെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍.

🙏 ഔദ്യോഗിക ക്ഷണമില്ലാത്തതിനാല്‍ വിഴിഞ്ഞം ട്രയല്‍ റണ്‍ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് തിരുവനന്തപുരം ലത്തീന്‍ അതിരൂപത അറിയിച്ചു. നോട്ടീസില്‍ വിശിഷ്ട സാന്നിധ്യമായി തോമസ് ജെ നെറ്റോയുടെ പേര് ഉണ്ടെങ്കിലും ക്ഷണം ഇല്ലാതെയാണ് പേര് ചേര്‍ത്തതെന്ന് ലത്തീന്‍ അതിരൂപത വ്യക്തമാക്കി.

🙏 തൃശൂരിലെ ഹൈറിച്ച് സാമ്പത്തിക തട്ടിപ്പ് കേസില്‍ അറസ്റ്റിലായ കെ.ഡി പ്രതാപനെ ഈ മാസം 17 ന് നേരിട്ട് ഹാജരാക്കണമെന്ന് കോടതി.

🙏 ഐഎസ്ആര്‍ഒ ചാരക്കേസ് സി.ഐ ആയിരുന്ന എസ് വിജയന്‍ കെട്ടിച്ചമച്ചതാണെന്ന് സിബിഐ. നമ്പി നാരായണനെ തെളിവുകളൊന്നുമില്ലാതെയാണ് സിബി മാത്യൂസ് അറസ്റ്റ് ചെയ്തതെന്നും വ്യാജ രേഖകള്‍ ഉണ്ടാക്കിയത് അന്വേഷണ സംഘത്തിലുണ്ടായിരുന്ന സിഐ കെ കെ ജോഷ്വായായിരുന്നുവെന്നും സിബിഐയുടെ കുറ്റപത്രത്തില്‍ പറയുന്നു.

🙏 ഐഎസ്ആര്‍ഒ ചാരക്കേസില്‍ സത്യം ഒരു നാള്‍ പുറത്തുവരുമെന്ന് ഉറപ്പായിരുന്നുവെന്ന് നമ്പി നാരായണന്‍. താന്‍ ജീവിച്ചിരിക്കുമ്പോള്‍ തന്നെ സത്യം പുറത്ത് വന്നതില്‍ സന്തോഷമെന്നും നമ്പി നാരായണന്‍ പറഞ്ഞു. ചാരക്കേസിന്റെ കാലത്ത് എല്ലാ മാധ്യമങ്ങളും തനിക്കെതിരെ നിന്നു.

🙏 ചാന്‍സിലര്‍ക്കെതിരെ കേസ് നടത്തുന്ന വിസിമാര്‍ സ്വന്തം ചെലവില്‍ കേസ് നടത്തണമെന്ന് ചാന്‍സിലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വ്യക്തമാക്കി. ഗവര്‍ണര്‍ക്ക് എതിരെ കേസ് നടത്താന്‍ ഉപയോഗിച്ച സര്‍വ്വകലാശാല ഫണ്ട് തിരിച്ചടക്കണമെന്ന് ചൂണ്ടിക്കാട്ടി വിസിമാര്‍ക്ക് ഗവര്‍ണര്‍ നോട്ടീസ് അയച്ചു.

🙏 സര്‍ക്കാര്‍ അനുതിയില്ലാതെ വിദേശ യാത്ര നടത്തിയതിന് ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാറിന് ചീഫ് സെക്രട്ടറി ഡോക്ടര്‍ വി വേണുവിന്റെ മുന്നറിയിപ്പ്. ഇത്തരം പ്രവൃത്തികള്‍ ആവര്‍ത്തിക്കരുതെന്ന് ചീഫ് സെക്രട്ടറി , എഡിജിപി താക്കീത് നല്‍കി. ലോക്‌സഭാ തിരഞ്ഞെടുപ്പിനു പിന്നാലെ 10 ദിവസത്തേക്ക് സിംഗപ്പൂരിലേക്കായിരുന്നു യാത്ര.

🙏 രാജ്യാന്തര അവയവക്കടത്ത് കേസില്‍ പ്രതി സജിത് ശ്യാമിന്റെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി. പ്രതിയെ ജാമ്യത്തില്‍ വിട്ടാല്‍ സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും പ്രതിക്കെതിരെ നിലനില്‍ക്കുന്നത് ഗുരുതരമായ ആരോപണമാണെന്നും കോടതി പറഞ്ഞു.

🙏 ആരാണ് രാജ്യത്ത് മുസ്ലിം രാഷ്ട്രവാദം ഉന്നയിക്കുന്നതെന്ന് പറയാനുള്ള ഉത്തരവാദിത്വം കെകെ ശൈലജ കാണിക്കണമെന്ന് ലീഗ് ജനറല്‍ സെക്രട്ടറി പിഎംഎ സലാം. ഹിന്ദു രാഷ്ട്ര വാദം ഉന്നയിക്കുന്നവരെ എതിര്‍ക്കുന്നതിനൊപ്പം മുസ്ലിം രാഷ്ട്ര വാദം ഉന്നയിക്കുന്നവരെയും എതിര്‍ക്കണമെന്ന സിപിഎം കേന്ദ്ര കമ്മിറ്റിയംഗം കെകെ
ശൈലജയുടെ നിയമസഭയിലെ പ്രസ്താവനക്കെതിരെയാണ് സലാമിന്റെ വിമര്‍ശനം.

🙏 പിഎസ്സി അംഗത്വം ലഭിക്കുന്നതിന് കോഴയായി വാങ്ങിയ 20 ലക്ഷം രൂപ പ്രമോദ് കോട്ടൂളി തിരിച്ച് നല്‍കിയെന്ന് ആരോപണം ഉന്നയിച്ച ഡോക്ടറുടെ ഭര്‍ത്താവ് പറഞ്ഞു. പണം തിരികെ കിട്ടിയതിനാല്‍ പരാതി ഇല്ലെന്നും ഡോക്ടറുടെ ഭര്‍ത്താവ് പൊലീസിന് മൊഴി നല്‍കി.

🙏 പീരുമേട് നിയമസഭാ മണ്ഡലത്തില്‍ വാഴൂര്‍ സോമന്റെ തെരെഞ്ഞെടുപ്പ് ശരിവച്ച ഹൈക്കോടതി വിധിക്ക് എതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. യുഡിഎഫ് സ്ഥാനാര്‍ത്ഥി സിറിയക് തോമസ് ആണ് ഹര്‍ജി ഫയല്‍ നല്‍കിയത്.

🇳🇪 ദേശീയം 🇳🇪

🙏 നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ച ഒറ്റപ്പെട്ട സംഭവമാണെന്നും, വ്യാപക ചോര്‍ച്ച ഉണ്ടായിട്ടില്ലെന്നും സുപ്രീംകോടതിയില്‍ കേന്ദ്രവും എന്‍ടിഎയും. പരീക്ഷയുടെ പരിശുദ്ധിയെ ബാധിച്ചിട്ടില്ലെന്നും പരീക്ഷ ഫലം റദ്ദാക്കേണ്ടതില്ലെന്നും എന്‍ടിഎ നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

🙏 പാചകവാതക ഉപഭോക്താക്കള്‍ക്ക് മസ്റ്ററിങിന്റെ പേരില്‍ ബുദ്ധിമുട്ട് ഉണ്ടാക്കില്ലെന്ന് പ്രതിപക്ഷ നേതാവിന്റെ കത്തിന് കേന്ദ്ര പെട്രോളിയം മന്ത്രിയുടെ ഉറപ്പ്. ആധാര്‍ മസ്റ്ററിങിന്റെ പേരില്‍ പാചകവാതക ഉപഭോക്താക്കള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കില്ലെന്നാണ് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി വ്യക്തമാക്കിയത്.

🙏 ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്റെ ഭാഗമായി ലഡാക്ക് അതിര്‍ത്തി മഞ്ഞുമലകളിലേക്ക് പോയ മൂന്ന് സൈനികരുടെ മൃതദേഹങ്ങള്‍ മാസങ്ങള്‍ക്ക് ശേഷം ഇന്ത്യന്‍ സൈന്യം കണ്ടെത്തി. സൈനികരുടെ മൃതദേഹങ്ങള്‍ ഓപ്പറേഷന്‍ ആര്‍ ടി ജി ദൗത്യത്തിലൂടെയാണ് കണ്ടെത്തിയത്.

🙏 മുംബൈയില്‍ ആഡംബരക്കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ച കേസില്‍ മുഖ്യപ്രതിയായ മിഹിര്‍ ഷായുടെ പെണ്‍സുഹൃത്തിനെ കസ്റ്റഡിയിലെടുക്കുമെന്ന് പോലീസ്. വളരെ ചുരുങ്ങിയ സമയത്തിനുള്ളില്‍ ഇവരെ മിഹിര്‍ 40 തവണേ വിളിച്ചതായാണ് പോലീസ് പറയുന്നത്.

🙏 ജമ്മു കശ്മീരിലെ ഉദ്ദംപൂരില്‍ പൊലീസ് പോസ്റ്റിന് നേരെ ഭീകരര്‍
വെടിവെച്ചു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. ബസന്ത് ഗഡിലാണ് ആക്രമണം നടന്നത്. ഭീകരര്‍ പൊലീസുകാര്‍ക്ക് നേരെ വെടിവെക്കുകയായിരുന്നു. പിന്നാലെ സുരക്ഷ സേന തിരിച്ചടിച്ചു. ആക്രമണം നടത്തിയവര്‍ക്കായി മേഖലയില്‍ തെരച്ചില്‍ തുടരുകയാണ്.

🏏 കായികം 🏏

🙏 സിംബാവേക്കെതി
രെയുള്ള ടി20 പരമ്പരയിലെ മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യക്ക് 23 റണ്‍സിന്റ വിജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 66 റണ്‍സെടുത്ത ശുഭ്മാന്‍ ഗില്ലിന്റേയും 49 റണ്‍സെടുത്ത റിതുരാജ് ഗെയ്ക്ക്വാദിന്റേയും മികവില്‍ 4 വിക്കറ്റ് നഷ്ടത്തില്‍ 182 റണ്‍സെടുത്തു. ഇതോടെ അഞ്ച് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1 ന് മുന്നിലെത്തി

🙏 തൊണ്ണൂറാം മിനിറ്റില്‍ പകരക്കാരന്‍ ഒലി വാറ്റ്കിന്‍സ് നേടിയ ഗോളില്‍ നെതര്‍ലന്‍ഡ്‌സിനെ തകര്‍ത്ത് ഇംഗ്ലണ്ട് യൂറോ കപ്പ് ഫൈനലില്‍. ഞായറാഴ്ച രാത്രി നടക്കുന്ന ഫൈനലില്‍ സ്‌പെയിനാണ് ഇംഗ്ലണ്ടിന്റെ എതിരാളികള്‍.

Advertisement