സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിനായി നേതാക്കൾ പണം വാങ്ങുന്നതായി പരാതി

Advertisement

തിരുവനന്തപുരം. സിപിഐഎമ്മിന് പിന്നാലെ സിപിഐയിലും കോഴ വിവാദം. സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥർക്ക് ഇഷ്ടപ്പെട്ട സ്ഥലങ്ങളിലേക്ക് ട്രാൻസ്ഫറിനാണ് നേതാക്കൾ പണം വാങ്ങുന്നതായി പരാതി. പണം നൽകാൻ തയ്യാറാകാതിരുന്ന സിപിഐ സർവീസ് സംഘടന നേതാവിനെ ഹോസ്ദുർഗിലേക്ക് സ്ഥലം മാറ്റിയതായും പരാതി ഉയർന്നു. പത്തനംതിട്ട എറണാകുളം, ജില്ലകളിലെ ചില മണ്ഡലം സെക്രട്ടറിമാർക്ക് എതിരായാണ് പരാതി. 50000 മുതൽ 100000 രൂപ വരെ ഓരോ ട്രാൻസ്ഫറിനും വാങ്ങുന്നതാണ് ആരോപണം. കോഴ ആരോപണം അന്വേഷിക്കണം എന്ന് കാട്ടി കോന്നി ലോക്കൽ സെക്രട്ടറി സിപിഐ സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകി.

ഭക്ഷ്യ സിവിൽ സപ്ലൈസ് വകുപ്പിൽ ഉദ്യോഗസ്ഥർക്ക് സ്ഥലംമാറ്റം നൽകാമെന്ന് പറഞ്ഞാണ് സിപിഐ നേതാക്കൾ പണം വാങ്ങുന്നതായി പരാതി ഉയർന്നത്. കോന്നി താലൂക്ക് സപ്ലൈ ഓഫീസറുടെ കയ്യിൽ നിന്ന് ഒരു ലക്ഷം രൂപ സ്ഥലം മാറ്റത്തിന് വാങ്ങിയതായും സിപിഐ കോന്നി ലോക്കൽ സെക്രട്ടറി സംസ്ഥാന സെക്രട്ടറി ക്കും, വകുപ്പ് മന്ത്രിക്കും നൽകിയ പരാതിക്കത്തിൽ ആരോപിക്കുന്നു. ഇത്തരത്തിൽ സ്ഥലംമാറ്റത്തിന് പണം നൽകാതിരുന്ന സിപിഐ ജോയിൻറ് കൗൺസിൽ നേതാവിനെ ഹോസ്ദുർഗിലേക്ക് സ്ഥലംമാറ്റി.പിന്നീട് ഇതേ ഉദ്യോഗസ്ഥനെ പാലക്കാട് ജില്ലയിലെ ആലത്തൂരിലേക്ക് സ്ഥലം മാറ്റിയതായും കത്തിൽ പറയുന്നു.പത്തനംതിട്ട എറണാകുളം ജില്ലകളിലെ ചില മണ്ഡലം കമ്മിറ്റി സെക്രട്ടറിമാരാണ് മന്ത്രിമാർക്ക് ഉൾപ്പെടെ നൽകാൻ എന്ന പേരിൽ പണം വാങ്ങുന്നതെന്നും ആരോപണം ഉയരുന്നുണ്ട്.ഇക്കാര്യത്തിൽ അന്വേഷണം വേണമെന്നാവശ്യപ്പെട്ടതാണ് കോന്നി ലോക്കൽ സെക്രട്ടറി സിപിഐ സംസ്ഥാന സെക്രട്ടറിക്ക് കത്ത് നൽകിയത്. അഴിമതി ആരോപണത്തിന്റെ തെളിവുകൾ കൈവശം ഉണ്ട് എന്നും ലോക്കൽ സെക്രട്ടറി പരാതിയിൽ പറയുന്നുണ്ട്. മന്ത്രിമാരെ ഉൾപ്പെടെ അഴിമതിയുടെ നിഴലിൽ നിർത്തിയിരുന്നതാണ് പുതിയ പരാതി.വിഷയത്തിൽ പാർട്ടിതലത്തിൽ അന്വേഷണം ആരംഭിച്ചതായും സൂചനയുണ്ട്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പ് കാലത്ത് ആരോപണ വിധേയനായ നേതാവ് ഉൾപ്പെടെ ഇപ്പോൾ പണം വാങ്ങി എന്ന പരാതിയിൽ ഉൾപ്പെട്ടിട്ടുണ്ട്.