കോഴിക്കോട്. പി എസ് സി നിയമന കോഴ ആരോപണത്തിൽ നേതൃത്വത്തിന് വിശദീകരണം നൽകി സിപിഐഎം കോഴിക്കോട് ടൗൺ ഏരിയ കമ്മിറ്റി അംഗം പ്രമോദ് കോട്ടൂളി. താൻ തെറ്റ് ചെയ്തിട്ടില്ലെന്നും നടപടി ഭയക്കുന്നില്ലെന്നും പ്രമോദ് കോട്ടൂളി പ്രതികരിച്ചു. ചിരിക്കുന്നവരെല്ലാം സുഹൃത്തുക്കൾ അല്ലെന്നും പാർട്ടി നേതൃത്വത്തിന് പ്രമോദിൻ്റെ കുറ്റപ്പെടുത്തൽ.
പിഎസ്‌സി അംഗനി യമനത്തിന് 22 ലക്ഷം രൂപ കോഴ വാങ്ങി എന്ന ആരോപണത്തിൽ ചൊവ്വാഴ്ചയാണ് സിപിഐഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, പ്രമോദ് കോട്ടൂളിയോട് വിശദീകരണം തേടിയത്. പിഎസ്‌സി നിയമനവുമായി ബന്ധപ്പെട്ടാണ് വിശദീകരണം തേടിതയെങ്കിലും, നോട്ടീസിൽ പരാമർശിക്കുന്നത് പ്രമോദ് കോട്ടൂളിയുടെ റിയൽ എസ്റ്റേറ്റ് ബന്ധവും സാമ്പത്തിക ഇടപാടുകളും സംബന്ധിച്ചാണ്. രണ്ടു ദിവസത്തിനുശേഷം ജില്ലാകമ്മിറ്റി ഓഫീസിൽ എത്തി പ്രമോദ് മറുപടി നൽകി. ആരോപണങ്ങൾ തള്ളിയ പ്രമോദ് വസ്തുത പുറത്തുവരണമെന്ന് ആവശ്യപ്പെട്ടു. വീട് ജപ്തി ഭീഷണിയിൽ ആണെന്നും പ്രമോദ്.
ആരോപണം മാധ്യമസൃഷ്ടി മാത്രം എന്നായിരുന്നു സിപിഐഎം നേതാക്കളുടെ പ്രതികരണം. എന്നാൽ മേഖലാ റിപ്പോർട്ടിങ്ങിനിടെ പ്രമോദിനെതിരെ ഒരു വിഭാഗം അന്വേഷണം ആവശ്യപ്പെട്ടതോടെയാണ് ജില്ലാ സെക്രട്ടറി വിശദീകരണം ചോദിച്ചത്. വിശദീകരണക്കുറിപ്പ് പരിശോധിച്ച ശേഷം ശനിയാഴ്ച ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റ് നടപടി സ്വീകരിക്കും.