മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു

Advertisement

തിരുവനന്തപുരം. മലബാറിലെ പ്ലസ് വണ്‍ സീറ്റ് പ്രതിസന്ധി പരിഹരിക്കാന്‍ 138 അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിച്ചു. മലപ്പുറത്ത് 120 ബാച്ചുകളും കാസര്‍ഗോഡ് 18 ബാച്ചുകളുമാണ് താല്‍ക്കാലികമായി അനുവദിച്ചത്. എന്നാല്‍ മലബാറിലെ മറ്റു ജില്ലകളില്‍ കൂടി ബാച്ചുകള്‍ അനുവദിക്കണമെന്നും ശാശ്വത പരിഹാരമുണ്ടാക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.

നിയമസഭയില്‍ ചട്ടം 300 അനുസരിച്ച് വിദ്യാഭ്യാസമന്ത്രി വി.ശിവന്‍കുട്ടി നടത്തിയ പ്രത്യേക പ്രസ്താവനയിലാണ് അധിക താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നത് വ്യക്തമാക്കിയത്. മലബാറിലെ സീറ്റ് പ്രതിസന്ധിയെക്കുറിച്ച് പഠിക്കാന്‍ നിയോഗിച്ച രണ്ടംഗ സമിതിയുടേയും പൊതുവിദ്യാഭ്യാസ ഡയറക്ടറുടേയും ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് തീരുമാനം. മലപ്പുറം ജില്ലയില്‍ 74 സര്‍ക്കാര്‍ സ്‌കൂളുകളിലാണ് 120 താത്കാലിക ബാച്ചുകള്‍ അനുവദിച്ചത്.

ഹുമാനിറ്റീസ് കോമ്പിനേഷനില്‍ 59 ബാച്ചുകളും കൊമേഴ്സ് കോമ്പിനേഷനില്‍ 61 ബാച്ചുകളുമാണ് മലപ്പുറത്ത് അനുവദിച്ചത്. കാസര്‍ഗോഡ് ജില്ലയില്‍ ഒരു സയന്‍സ് ബാച്ചും നാല് ഹുമാനിറ്റീസ് ബാച്ചുകളും 13 കൊമേഴ്സ് ബാച്ചുകളും ഉള്‍പ്പടെയാണ് 18 ബാച്ചുകള്‍ അനുവദിച്ചത്. ബാച്ചുകള്‍ അനുവദിച്ചതിനെ സ്വാഗതം ചെയ്യൃന്നുവെന്നും മലബാറിലെ സീറ്റ് ക്ഷാമം പരിഹരിക്കാന്‍ ഇതു പര്യാപ്തമല്ലെന്നും പ്രതിപക്ഷം.

138 താല്‍ക്കാലിക ബാച്ചുകള്‍ അനുവദിക്കുന്നതിന് ഒരു വര്‍ഷം പതിനാല് കോടി തൊണ്ണൂറ് ലക്ഷത്തി നാല്‍പതിനായിരം രൂപയുടെ അധിക സാമ്പത്തിക ബാധ്യതയുണ്ടാകും.
ഇതോടെ പ്ലസ് വണ്‍ പ്രവേശനം സംബന്ധിച്ച പ്രശ്‌നങ്ങള്‍ പൂര്‍ണമായും പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷയെന്ന് മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു

Advertisement