വിഴിഞ്ഞം ആരുടെ പദ്ധതി

Advertisement

തിരുവനന്തപുരം. വിഴിഞ്ഞം പദ്ധതിയുടെ പിതൃത്വത്തെ ചൊല്ലി രാഷ്ട്രീയ പോര്. സ്വപ്നം തീരമണയുന്നെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രതിപക്ഷ നേതാവിനെ മനപ്പൂർവ്വം ഒഴിവാക്കിയെന്ന ആരോപണവുമായി യുഡിഎഫ്. തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെ പി സി സി അധ്യക്ഷൻ കെ. സുധാകരൻ.

കേരളത്തിൻ്റെ അഭിമാനമായ വിഴിഞ്ഞം തുറമുഖത്ത് സ്വപ്നം തീരമണയുന്നു എന്നായിരുന്നു മുഖ്യമന്ത്രി പിണറായി വിജയൻ്റെ ഫേസ്ബുക്ക് പോസ്റ്റ്. കപ്പൽ സ്വീകരിക്കാനുള്ള എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായും സെപ്റ്റംബർ – ഒക്ടോബർ മാസങ്ങളിലായി കമ്മീഷൻ നടത്തുമെന്നും മന്ത്രി വി.എൻ വാസവൻ പറഞ്ഞു.

സ്വീകരണ ചടങ്ങിൽ പ്രതിപക്ഷ നേതാവിനെ ക്ഷണിക്കാത്തതിനെതിരെ യുഡിഎഫ് നേതാക്കൾ രംഗത്തെത്തി. ക്രെഡിറ്റ് യുഡിഎഫിന് പോകുമെന്ന ഭയം കൊണ്ടാണ് പ്രതിപക്ഷത്തെ മാറ്റിനിർത്തുന്നത് എന്ന് വി.ഡി സതീശൻ നിയമസഭയിൽ പറഞ്ഞു .

പ്രതിപക്ഷ നേതാവിനെ ക്ഷണിക്കേണ്ടത് സാമാന്യ മര്യാദയായിരുന്നെന്ന് രമേശ് ചെന്നിത്തല. ചടങ്ങ് യുഡിഎഫ് ബഹിഷ്കരിക്കില്ലെന്നും രമേശ് ചെന്നിത്തല വ്യക്തമാക്കി.

വിഴിഞ്ഞം തുറമുഖത്തിന് ഉമ്മൻചാണ്ടിയുടെ പേര് നൽകണമെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരൻ ആവശ്യപ്പെട്ടു. ഉമ്മൻചാണ്ടിയുടെ കുഞ്ഞാണ് വിഴിഞ്ഞം തുറമുഖം എന്ന കാര്യത്തിൽ സംശയമില്ലെന്ന് യുഡിഎഫ് കൺവീനർ എം.എം ഹസൻ.

മത്സ്യത്തൊഴിലാളികൾക്ക് നഷ്ടപരിഹാരം ഉറപ്പാക്കാത്തതിനാൽ ചടങ്ങിൽ പങ്കെടുക്കില്ലെന്ന് ശശി തരൂർ എം.പി വ്യക്തമാക്കി. ഉദ്ഘാടന ചടങ്ങിൽ ലത്തീൻ അതിരൂപത ആർച്ച് ബിഷപ്പ് തോമസ് ജെ. നെറ്റോ പങ്കെടുക്കില്ല. എറണാകുളത്ത് മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഉണ്ടെന്നാണ് വിശദീകരണം

Advertisement