ധര്‍മ്മടത്ത് പോളി ടെക്നിക്, മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും മന്ത്രി സഭാ തീരുമാനങ്ങള്‍ ഇങ്ങനെ

Advertisement

തിരുവനന്തപുരം. പ്ലസ് വൺ അധിക ബാച്ചുകൾ 2024-25 അദ്ധ്യയന വർഷത്തിൽ പ്ലസ് വൺ പ്രവേശനത്തിന് ഒന്നാം സപ്ലിമെന്ററി അലോട്ട്മെന്റ് ഉൾപ്പെടെയുള്ള മുഖ്യ അലോട്ട്മെന്റുകൾ കഴിഞ്ഞപ്പോഴും പ്രവേശനം ലഭിക്കാത്ത മലപ്പുറം, കാസർകോട് ജില്ലകളിലെ വിദ്യാർത്ഥികളുടെ പ്രവേശനത്തിന് സർക്കാർ സ്കൂളുകളിൽ അധിക ബാച്ചുകൾ അനുവദിക്കും.

ഹ്യുമാനിറ്റീസ് കോമ്പിനേഷനിൽ 59 ബാച്ചുകളും, കോമേഴ്സ് കോമ്പിനേഷനിൽ 61 ബാച്ചുകളും കൂടി ആകെ 120 താൽക്കാലിക ബച്ചുകൾ മലപ്പുറം ജില്ലയിൽ അനുവദിക്കും.

കാസർകോട് ഒരു സയൻസ് കോമ്പിനേഷനും നാല് ഹ്യുമാനിറ്റീസ് ബച്ചുകളും,13 കൊമേഴ്സ് കോമ്പിനേഷനുകളും ഉൾപ്പെടെ ആകെ 18 താൽക്കാലിക ബാച്ചുകൾ അനുവദിക്കും.

പദ്ധതി വിഹിതം ക്രമീകരിക്കും

കേന്ദ്രനടപടികൾ കാരണം ഉണ്ടായ സാമ്പത്തിക ഞെരുക്കത്തിന്റെ പശ്ചാത്തലത്തിൽ പദ്ധതി വിഹിതത്തിൽ ക്രമീകരണം വരുത്തും. 2024-25 സാമ്പത്തിക വർഷത്തെ പദ്ധതി വിഹിതത്തിൽ ആവശ്യമായ ക്രമീകരണം വരുത്താൻ മന്ത്രിസഭാ ഉപസമിതി രൂപീകരിച്ചു. ധനകാര്യം, റവന്യൂ, വ്യവസായം-നിയമം, ജലവിഭവം, ഊർജ്ജം, വനം, തദ്ദേശസ്വയംഭരണം-എക്സൈസ് വകുപ്പ് മന്ത്രിമാരാണ് അം​ഗങ്ങൾ.

തുടർന്നുകൊണ്ടിരിക്കുന്ന പദ്ധതികൾ ഉൾപ്പെടെയുള്ളവയ്ക്ക് വർക്കിംഗ് ഗ്രൂപ്പ് അനുമതി നൽകുന്നതിനു മുമ്പ് പ്രോജക്‌ടിൻ്റെ അനിവാര്യത പരിശോധിക്കും. ഇങ്ങനെ പരിശോധിച്ച് ശുപാർശ നൽകാൻ ചീഫ് സെക്രട്ടറി, ധനകാര്യവകുപ്പ് സെക്രട്ടറി, ആസൂത്രണവ കുപ്പ് സെക്രട്ടറി, ബന്ധപ്പെട്ട വകുപ്പ് സെക്രട്ടറി എന്നിവരുടെ കമ്മിറ്റി രൂപീകരിക്കും.

റവന്യൂ വർദ്ധനവിനുള്ള നിർദ്ദേശങ്ങൾ

വരുമാന വർദ്ധനവിനുള്ള ഫീസുകളുടെ പരിഷ്ക്കരണത്തിനും നോൺടാക്സ് റവന്യൂ വർദ്ധനവിനും ഉള്ള നിർദ്ദേശങ്ങൾ സർക്കാർ പരിശോധിക്കും. ഇതിനുള്ള ശിപാർശകൾ ഓരോ വകുപ്പ് സെക്രട്ടറിമാരും തയ്യാറാക്കി 26.07.2024-നു മുമ്പ് ഉത്തരവ് പുറപ്പെടുവിക്കേണ്ടതാണെന്ന് തിരുമാനിച്ചു.

ഇക്കാര്യത്തിലുള്ള പരാതികൾ പരിഹരിക്കുന്നതിന് ഉദ്യോഗസ്ഥതല സമിതി രൂപീകരിക്കും. കഴിഞ്ഞ ആറുമാസത്തിനുള്ളിൽ നിരക്കുകൾ വർദ്ധിപ്പിച്ചതിന് നിരക്ക് വർദ്ധനവ് വരുത്തില്ല.വിദ്യാർത്ഥികൾ, പട്ടികജാതി-പട്ടികവർഗ വിഭാഗങ്ങൾ എന്നിവർക്ക് നിരക്ക് വർദ്ധനവ് ബാധകമാകില്ല.

വകുപ്പുകളുടെ ഏകോപനത്തിന് നടപടി

സംസ്ഥാനത്തിന്റെ പൊതുവികസനത്തതിന് വിവിധ വകുപ്പുകൾ ഉൾപ്പെടുന്ന പ്രവർത്തനങ്ങൾക്കും പദ്ധതികൾക്കും ശരിയായ ഏകോപനം ഉണ്ടാക്കാൻ നടപടിയെടുക്കും.

വകുപ്പുകൾ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കുന്നതിനും സമയബന്ധിതമായി തീരുമാനങ്ങളെടുക്കുന്നതിനും ഏകോപനങ്ങൾക്കുമായി ധനകാര്യമന്ത്രി, റവന്യൂവകുപ്പുമന്ത്രി, നിയമ വകുപ്പുമന്ത്രി എന്നിവരുൾപ്പെടുന്ന ഒരു മന്ത്രിസഭാ ഉപസമിതി രൂപീകരിക്കും. ഏത് വകുപ്പിൻ്റെ വിഷയമാണോ പരിഗണനയ്ക്ക് എടുക്കുന്നത്, ആ വകുപ്പ് മന്ത്രിയെ യോഗത്തിലേക്ക് പ്രത്യേകക്ഷണിതാവായി ഉൾപ്പെടുത്തും. ചീഫ് സെക്രട്ടറിയായിരിക്കും കമ്മിറ്റി സെക്രട്ടറി. കമ്മിറ്റി യോ​ഗം ചേർന്ന് ശിപാർശകൾ നൽകും. ഉപസമിതി ശിപാർശകൾ മുഖ്യമന്ത്രിയുടെ അനുമതിയോടെയാണ് നടപ്പാക്കുക.

ശമ്പളപരിഷ്ക്കരണം

ഓയിൽഫാം ഇന്ത്യാ ലിമിറ്റഡിലെ ജീവനക്കാർക്ക് 11-ാം ശമ്പളപരിഷ്ക്കരണ ആനുകൂല്യങ്ങൾ 1.07.2019 പ്രാബല്യത്തിൽ അനുവദിച്ചു നൽകും.

മിൽമ ജീവനക്കാരുടെ ശമ്പളം പരിഷ്കരിക്കും.

പിണറായിയിൽ പോളിടെക്നിക്ക്

ധർമ്മടം മണ്ഡലത്തിലെ പിണറായി എഡ്യൂക്കേഷൻ ഹബ്ബിൽ Artifical Intelligence & Machine Learning (Computer Science), Embedded System (Electronics), Automobile Engineering (Mechanical), Construction Technology (Civil) എന്നീ കോഴ്സുകളോടുകൂടി സർക്കാർ പോളിടെക്നിക്ക് കോളേജ് ആരംഭിക്കും.

പ്രിൻസിപ്പൽ – ഒന്ന്, വകുപ്പ് മേധാവി – നാല്, അസിസ്റ്റന്റ് പ്രൊഫസർ – നാല്, വർക്ക് ഷോപ്പ് സൂപ്രണ്ട് – ഒന്ന്, ഡെമോൺസ്ട്രേറ്റർ ഇൻ എഞ്ചിനിയറിങ്ങ് – നാല്, വർക്ക് ഷോപ്പ് ഇൻസ്ട്രക്ടർ മെക്കാനിക്കൽ – ഒന്ന്, ഇൻസ്ട്രക്ടർ ഇൻ ഫിസിക്കൽ എഡ്യൂക്കേഷൻ – ഒന്ന്, സീനിയർ സൂപ്രണ്ട് – ഒന്ന്, ഹെഡ് അകൗണ്ടന്റ് – ഒന്ന്, ക്ലർക്ക് – മൂന്ന്, അറ്റന്റർ ​ഗ്രേഡ് ടു – രണ്ട്, ലൈബ്രേറിയൻ – ഒന്ന്, ഓഫീസ് അറ്റന്റന്റ് – രണ്ട്, വാച്ച്മാൻ രണ്ട്, കാഷ്വൽ സ്വീപ്പർ രണ്ട് എന്നിങ്ങനെ തസ്തികകളും സൃഷ്ടിക്കും.

സൗജന്യ നിരക്കിൽ ഭൂമി

പാർലമെന്ററികാര്യ ഇൻസ്റ്റിറ്റ്യൂട്ടിന് സ്വന്തമായി കെട്ടിടം നിർമ്മിക്കുന്നതിന് തിരുവനന്തപുരം വഞ്ചിയൂർ വില്ലേജിൽ സൗജന്യ നിരക്കിൽ ഭൂമി അനുവദിക്കും.

ടെണ്ടർ അം​ഗീകരിച്ചു

ആലപ്പുഴ നെടുമുടി – കരുവാറ്റ റോഡിലെ മുതലക്കുറിശ്ശിക്കൽ പാലത്തിന്റെ പ്രവൃത്തിയുമായി ബന്ധപ്പെട്ട് ക്ഷണിച്ച ടെണ്ടർ അംഗീകരിച്ചു.

ചട്ടങ്ങളിൽ ഇളവ്

കൊല്ലം ചെങ്കോട്ട (ദേശീയപാത 744) എറണാകുളം ബൈപ്പാസ് ( ദേശീയപാത 544) എന്നിവയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് നിർമ്മാണ വസ്തുക്കളായ കരിങ്കൽ ഉൽപനങ്ങൾ, മണ്ണ് എന്നിവയുടെ ഇനത്തിൽ സർക്കാരിന് ലഭിക്കേണ്ട റോയൽറ്റി ഒഴിവാക്കാൻ തീരുമാനിച്ചു. പൊതുതാൽപര്യം മുൻനിർത്തി 2015ലെ കെഎംഎംസി ചട്ടങ്ങളിൽ ഇളവു വരുത്തി നിബന്ധനകൾക്ക് വിധേയമായാണ് ഒഴിവാക്കുക.

Advertisement