തിരുവനന്തപുരം. വിഴിഞ്ഞത്തെ ആദ്യ മദർഷിപ്പ് സാൻ ഫർണാണ്ടോ ഇന്ന് മടങ്ങിയേക്കില്ല. കൂടുതൽ സമയമെടുത്താണ് നിലവിൽ കപ്പലിൽ നിന്ന് കണ്ടയ്നർ ഇറക്കുന്നത്. 1960 കണ്ടയ്നറുകളും ഇറക്കാൻ നിശ്ചയിച്ചതിലും കൂടുതൽ സമയം എടുത്തേക്കും. ഫീഡർ കപ്പലുകൾ വരുന്ന സമയത്തിലും മാറ്റം ഉണ്ടാകാനണ് സാധ്യത. ഇന്ന് വൈകിട്ട് കപ്പൽ തുറമുഖം വിടാൻ ആയിരുന്നു തീരുമാനിച്ചിരുന്നത്
ഇന്ന് ഉച്ചയോടെ മുഴുവൻ കണ്ടയ്നുകളും ഇറക്കി യൂറോപ്പിലേക്ക് തിരിക്കുന്നതായിരുന്നു സാൻ ഫെർണാണ്ടോയുടെ ഷെഡ്യൂൾ. എന്നാൽ തുറമുഖത്തെ ഓരോ ക്രെയിനുകളും പരിശോധിച്ച് കൂടുതൽ സമയം എടുത്താണ് ഓരോ കണ്ടയ്നറുകളും ഇറക്കുന്നത്. കണ്ടയ്നറുകൾ ഇറക്കി കപ്പൽ തുറമുഖം വിടാൻ നാളെയാകും എന്നാണ് സൂചന. മദർഷിപ്പ് തുറമുഖത്ത് ഇറക്കുന്ന കണ്ടയ്നറുകൾ കൊൽക്കത്ത, മുമ്പൈ , ഗുജറാത്ത് തുറമുഖങ്ങളിലേക്കാണ് കൊണ്ട് പോകേണ്ടത്.
ഇതിനായി നാളെയും മറ്റന്നാളും മുന്ദ്ര, കൊളമ്പോ തുറമുഖങ്ങളിൽ നിന്ന് ഫീഡർ കപ്പലുകൾ എത്തും എന്നാണ് അറിയിച്ചിരുന്നത്. എന്നാൽ മദർഷിപ്പ് തിരിച്ച് പോകാൻ വൈകുന്നത് ഫീഡർ കപ്പലുകളെയും വൈകിപ്പിക്കും. ലോകത്തിലെ ഏറ്റവും വലിയ ഷിപ്പിംഗ് കമ്പനിയായ എംഎസ് സി യുടെ 400 മീറ്റർ മദർ ഷിപ്പും രണ്ടാഴ്ച്ചക്കുള്ളിൽ വിഴിഞ്ഞത്തു എത്തുമെന്ന് തുറമുഖ അധികൃതർ അറിയിച്ചു.