ക്രിക്കറ്റ് പരിശീലകന്‍റെ ലൈംഗിക പീഡനം,വീഴ്ച പറ്റി കെസിഎ,അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയില്‍

Advertisement

തിരുവനന്തപുരം. ക്രിക്കറ്റ് പരിശീലനത്തിലെത്തുന്ന പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പരിശീലകൻ എം മനു ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ നിലപാട് വ്യക്തമാക്കി കേരള ക്രിക്കറ്റ് അസോസിയേഷൻ.മനുവിനെ തിരിച്ചെടുത്തതിൽ വീഴ്ച സംഭവിച്ചിട്ടുണ്ടെന്നും ജാഗ്രത കുറവുണ്ടായെന്നും കെ സി എ. എന്നാൽ മനപ്പൂർവ്വം പരിശീലകനെ സംരക്ഷിച്ചിട്ടില്ലെന്നും കെസിഎ മാധ്യമങ്ങളോട് പറഞ്ഞു.അതേ സമയം കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് ആവശ്യവുമായി അതിജീവിതയുടെ മാതാപിതാക്കൾ ഹൈക്കോടതിയെ സമീപിച്ചു.

‌ കോച്ച് എം മനുവിനെതിരെ പരാതി ഉയർന്ന ഒരു മാസത്തിനു ശേഷം,. മനുഷ്യാവകാശ കമ്മീഷൻ വിശദീകരണം ചോദിച്ചതിനുശേഷമാണ് കേരള ക്രിക്കറ്റ് അസോസിയേഷൻ പ്രതികരണവുമായി രംഗത്തെത്തുന്നത്.അസോസിയേഷന് വീഴ്ച പറ്റിയിട്ടുണ്ട്. അതിൽ നിന്നും ഒഴിഞ്ഞു മാറുന്നില്ല. മനുവിന്റെ പ്രവ്യത്തികൾ ന്യായീകരിക്കാൻ കഴിയുന്നതല്ല.മനുവിനെതിരെ പരാതി വന്നപ്പോൾ അന്വേഷണത്തോട് അസോസിയേഷൻ പൂർണ്ണമായും സഹകരിച്ചിട്ടുണ്ടെന്നും കെസിഎ ഭാരവാഹികൾ.

കാര്യങ്ങൾ അന്വേഷിക്കാതെയും ചില കുട്ടികളുടെയും മാതാപിതാക്കളുടെയും നിർബന്ധത്തിനു വഴങ്ങി മനുവിനെ പരിശീലകനായി നിയമിക്കുകയാണ് ചെയ്തത്. 2012 കേരള ക്രിക്കറ്റ് അസോസിയേഷനിൽ പരിശീലകനായ എത്തിയ മനുവിനെതിരെ നേതൃത്വത്തിന് പരാതി ലഭിച്ചത് കഴിഞ്ഞ ഏപ്രിൽ 19നാണെന്ന് ഭാരവാഹികൾ പറഞ്ഞു. തൊട്ടു പിന്നാലെ വിശദീകരണം തേടിയെങ്കിലും ഇരുപത്തിയൊന്നാം തീയതി മനു രാജി നൽകി.മറ്റ് എവിടെയും ജോലിക്കായി എടുക്കരുതെന്ന് കെസിഎ എല്ലാം ക്രിക്കറ്റ് അസോസിയേഷനെയും രേഖാമൂലം അറിയിച്ചു. നാഷണൽ ക്രിക്കറ്റ് അക്കാദമിയിലെ മനുവിന്റെ കോച്ചിംഗ് ഒരു സർട്ടിഫിക്കറ്റ് റദ്ദാക്കാനും നിർദ്ദേശം നൽകി. അതേ സമയം ഇയാൾക്ക് എതിരായ പോക്സോ കേസ് ക്രൈംബ്രാഞ്ച് അന്വേഷിക്കണമെന്ന് അതിജീവിതയുടെ രക്ഷിതാക്കൾ ആവശ്യമുന്നയിച്ച് ഹൈക്കോടതിയിൽ ഹർജി നൽകി.