ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി

Advertisement

ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം ഭര്‍ത്താവ് ജീവനൊടുക്കി. കിടപ്പുമുറിയില്‍ വെച്ച് ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തിയശേഷം മറ്റൊരു മുറിയില്‍ ഭര്‍ത്താവ് തൂങ്ങി മരിക്കുകയായിരുന്നുവെന്നാണ് പൊലീസ് പറയുന്നത്. എറണാകുളം വരാപ്പുഴയ്ക്ക് അടുത്ത് വഴിക്കുളങ്ങരയിലാണ് സംഭവം. കൈതാരം ഘണ്ടകര്‍ണവേളി സ്വദേശി വിദ്യാധരന്‍ ( 63) ആണ് ഭാര്യ വനജയെ (58) കഴുത്തറുത്ത് കൊന്നശേഷം തൂങ്ങിമരിച്ചത്.
ഇന്ന് രാവിലെ 8.30-ഓടെയാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്. വനജയെ കിടപ്പുമുറിയിലെ കട്ടിലിലും വിദ്യാധരനെ തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. ചോരവാര്‍ന്ന നിലയിലായിരുന്നു വനജയുടെ മൃതദേഹം.
ഇവര്‍ രണ്ടുപേരും മാത്രമാണ് ഇവിടെ താമസിക്കുന്നത്. രണ്ടര വര്‍ഷമായി ഇവിടെയാണ് കഴിയുന്നത്. ഇവരുടെ പെണ്‍മക്കളുടെയും വിവാഹം കഴിഞ്ഞ് ഭര്‍തൃവീടുകളിലാണ്. ഒരു മകള്‍ വീടിന് ഏതാണ്ട് അടുത്തും മറ്റൊരു മകള്‍ ചങ്ങനാശ്ശേരിയിലുമാണ് കഴിയുന്നത്. വിദ്യാധരന്‍ എറണാകുളത്തെ സെക്യൂരിറ്റി സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു. ഭാര്യ നേരത്തെ ഖാദി ബോര്‍ഡുമായി ബന്ധപ്പെട്ട് ജോലി ചെയ്തിരുന്നു. ഭാര്യയ്ക്ക് കഴിഞ്ഞ കുറച്ചുനാളായി കാഴ്ച നഷ്ടപ്പെട്ടിരുന്നു. ഇതേ തുടര്‍ന്ന് മാനസിക ബുദ്ധിമുട്ടുണ്ടായിരുന്നു. പലപ്പോഴായി ഇരുവരും വഴക്കുണ്ടായിരുന്നുവെന്നാണ് നാട്ടുകാര്‍ പറയുന്നത്.