ആമയിഴഞ്ചാൻ തോടിൽ ശുചീകരണ തൊഴിലാളി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ നഗരസഭയും റെയിൽവേയും

Advertisement

തിരുവനന്തപുരം. ആമയിഴഞ്ചാൻ തോടിൽ ശുചീകരണ തൊഴിലാളി അപകടത്തിൽ പെട്ടതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കാതെ നഗരസഭയും റെയിൽവേയും. പരസ്പരം പഴിചാരാൻ മത്സരിക്കുകയാണ് ഇരു കൂട്ടരും. സംഭവത്തിൽ ജില്ലാ കളക്ടറോട് മന്ത്രി വി. ശിവൻ കുട്ടി റിപ്പോർട്ട് തേടി.

ജീവനോപാധിക്കായി തോട് വൃത്തിയാക്കാൻ ഇറങ്ങിയ ഒരു സാധു മനുഷ്യൻ അപകടത്തിൽപ്പെട്ടിട്ടും ഉത്തരവാദികൾ ആരെന്ന തർക്കത്തിലാണ് അധികാരികൾ. അപകടം നടന്ന സ്ഥലം റെയിൽവേയുടെ അധീനതയിലാണ്. അപകടത്തിന് ഉത്തരവാദികൾ റെയിൽവേ എന്നതാണ് നഗരസഭയുടെ നിലപാട്. ജൂൺ 19 നു തന്നെ നഗരസഭ റെയിൽവേയ്ക്ക് തോട് വൃത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് നോട്ടീസ് നൽകിയിരുന്നു.

റെയിൽവേയുടെ ഭാഗത്തുള്ള തോട്ടിൽ നിന്ന് മാലിന്യം നീക്കം ചെയ്യാൻ നഗരസഭയെയോ സർക്കാരിനെയോ അനുവദിക്കാറില്ലെന്ന് മന്ത്രി വി. ശിവൻകുട്ടി കുറ്റപ്പെടുത്തി. അപകടത്തിൽ വിശദമായ അന്വേഷണം നടത്തി മന്ത്രിക്ക് റിപ്പോർട്ട് സമർപ്പിക്കാൻ ജില്ലാ കളക്ടറോട് ആവശ്യപ്പെട്ടു.

മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി തോട് വൃത്തിയാക്കിയത് നഗരസഭ ആണെന്നാണ് റെയിൽവേയുടെ വിശദീകരണം. അപകടത്തിൽപ്പെട്ട ജീവനക്കാരനുമായി ബന്ധമില്ലെന്നും ദക്ഷിണ റെയിൽവേ തിരുവനന്തപുരം ഡിവിഷൻ അറിയിച്ചു. അപകടത്തിൽ നഗരസഭയെ കുറ്റപ്പെടുത്തി ബിജെപി രംഗത്തെത്തി. മാലിന്യ പ്രശ്നം പരിഹരിക്കുന്നതിൽ നഗരസഭ പരാജയപ്പെട്ടെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ പറഞ്ഞു.

Advertisement