തിരുവനന്തപുരം. ആമയിഴഞ്ചാൻ തോട്ടിൽ ശുചീകരണത്തിന് ഇറങ്ങിയ മാരായമുട്ടം സ്വദേശി എൻ ജോയിയെ കാണാതായിട്ട് ഇരുപത്തിനാല് മണിക്കൂർ പിന്നിടുമ്പോള്‍ ഒരിടത്ത് ക്യാമറയില്‍ മനുഷ്യശരീരം കണ്ടതായി സംശയം. എന്‍ഡിആര്‍എഫ് ഉം ഫയർഫോഴ്സ് സ്കൂബ സംഘവും ഇന്ന് ഇതുവരെ നടത്തിയ തിരച്ചിൽ വിഫലമായിരുന്നു. ടണലിനുള്ളിലേക്ക് ക്യാമറ കടത്തിയുള്ള പരീക്ഷണത്തിനിടയിലാണ് മനുഷ്യശരീരമെന്ന് തോന്നുന്ന കാഴ്ച കിട്ടിയത്.പ്രധാന ടണലിന്റെ വലതു വശത്ത് ശരീരം കണ്ടതായാണ് സൂചന.
രണ്ടു വശത്ത് നിന്നും പരിശോധന നടത്തുകയാണെന്നും ജോയിയെ ഉടൻ കണ്ടെത്താനുള്ള പരിശ്രമമാണ് നടത്തുന്നതെന്നും മന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ജോയിക്കായി തുരങ്കത്തിന് പുറത്തും പരിശോധന നടത്തുന്നത് ആലോചിക്കുന്നുണ്ടെന്ന് ഫയർഫോഴ്സ് മേധാവി കെ പത്മകുമാർ പറഞ്ഞു.
ദേശീയ ദുരന്ത പ്രതികരണ സേനയുടെ 30 പേർ അടങ്ങുന്ന സംഘം രാവിലെ ആറര മണിയോടുകൂടി രക്ഷാദൗത്യം ആരംഭിച്ചു.പിന്നാലെ ഫയർഫോഴ്സിന്റെ സ്കൂബ സംഘവും, നഗരസഭയിലെ ശുചീകരണ വിഭാഗം ജീവനക്കാരും രംഗത്ത്. മൂന്നുപേർ ഉൾപ്പെടുന്ന സ്കൂബ സംഘം മൂന്നാം ട്രാക്കിലെ മാൻഹോളിൽ ഇറങ്ങി പരിശോധന നടത്തി.
എൻഡിആർഎഫും ഫയർഫോഴ്സും നഗരസഭയിലെ ജീവനക്കാരും ചേർന്ന് ആമയിഴഞ്ചാൻ തോട്ടിൽ നിന്നുള്ള മാലിന്യം നീക്കുന്നത് ഇന്നും തുടർന്നു. മാലിന്യം നീക്കംചെയ്യാനും നിരീക്ഷിക്കുന്നതിനുമുള്ള
ജൻറോബോട്ടിക്സിൻ്റെ റോബോട്ടിക് മെഷീൻ തുരങ്കത്തിലിറക്കി പരിശോധന നടത്തി.എൻഡിആർഫിലെ മുങ്ങൽ വിദഗ്ധനും മെഷീനൊപ്പം തുരങ്കത്തിനുള്ളിൽ എത്തി.
ഫയർഫോഴ്സിന്റെ സ്കൂബ സംഘം കഴിഞ്ഞദിവസം പരിശോധന നടത്തിയ ആമയിഴഞ്ചാൻ തോടിന്റെ തുരങ്ക മുഖത്ത് കൂടി കയറിയുള്ള പരിശോധന ഇന്നും തുടർന്നു. മലിനജലം ഒഴുകിപ്പോയതിനാൽ പ്ലാസ്റ്റിക് അടക്കമുള്ള മാലിന്യങ്ങൾ ടണലിൽ കട്ട പിടിച്ചിരിക്കുന്നതായി അവർ പറഞ്ഞു. ഇരുവശത്തുനിന്നും ഏതാണ്ട് 70 മീറ്ററോളം പരിശോധന നടത്തിയതായി രക്ഷാപ്രവർത്തകർ പറഞ്ഞു.
രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കുന്നതിനായി മന്ത്രി വി ശിവൻകുട്ടിയുടെ നേതൃത്വത്തിൽ വിവിധ വകുപ്പുകളുടെ സംയുക്ത യോഗം ചേർന്നു.
രക്ഷാദൗത്യം ആരംഭിച്ച 19 മണിക്കൂർ പിന്നിടുമ്പോഴും ജോയി കാണാമറയത്താണ്.