പി എസ് സി കോഴ ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം

Advertisement

കോഴിക്കോട്. പി എസ് സി കോഴ ആരോപണത്തിൽ പ്രതിഷേധം ശക്തമാക്കി പ്രതിപക്ഷം. കോഴിക്കോട് ഡിസിസിയുടെ നേതൃത്വത്തിൽ മൊഫ്യൂസൽ ബസ്റ്റാൻഡിൽ ജനകീയ വിചാരണ നടത്തും. മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ മാഫിയ ബന്ധം അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടാണ് ജനകീയ വിചാരണ നടത്തുന്നത്. പി എസ് സി അംഗത്വത്തിന് കോഴ നൽകിയെന്ന് ആരോപിച്ച് ബിജെപി കോഴിക്കോട് കളക്ടറേറ്റിലേക്ക് മാർച്ച് സംഘടിപ്പിക്കും.

നിയമനങ്ങൾ വിപണിയിൽ വിൽക്കുന്നു എന്ന് ആരോപിച്ച് മുസ്ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ കോഴിക്കോട് ബസ്റ്റാൻഡിൽ വിചാരണ സദസ്സ് നടത്തും. അതേസമയം ആരോപണത്തിലെ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് പ്രമോദ് കൂട്ടുകൂടി ഇന്ന് സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകും. തനിക്ക് എതിരായ കോഴ ആരോപണത്തിലെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്നാണ് ആവശ്യം. തെളിവുകൾ സഹിതം പരാതി നൽകുമെന്ന് പ്രമോദ് ഇന്നലെ അറിയിച്ചിരുന്നു. അതേസമയം 22 ലക്ഷം രൂപ നൽകി എന്ന് പറയുന്ന ശ്രീജിത്ത് ആരോപണം നിഷേധിച്ചു ഇന്നലെ രംഗത്തെത്തിയിരുന്നു. പ്രമോദ് കോട്ടൂളി തൻറെ കയ്യിൽ നിന്നും പണം വാങ്ങിയിട്ടില്ലെന്നും കോഴ കൊടുത്തു ജോലി വാങ്ങേണ്ട അവസ്ഥ തൻറെ കുടുംബത്തിന് ഇല്ലെന്നുമാണ് ശ്രീജിത്ത് 24 നോട് വെളിപ്പെടുത്തിയത്.

Advertisement