സംസ്ഥാനത്ത് അടുത്ത നാല് ദിവസം ശക്തമായ മഴ തുടരാൻ സാധ്യത.
ഇന്ന് അതി തീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.ഇന്ന് 14 ജില്ലകളിലും മഴ മുന്നറിയിപ്പ് നൽകി.മധ്യ കേരളത്തിലും വടക്കൻ കേരളത്തിലും മലയോര മേഖലകളിലും മഴ കനത്തേക്കും. മലപ്പുറം കണ്ണൂർ കാസർഗോഡ് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു. എറണാകുളം ഇടുക്കി തൃശ്ശൂർ പാലക്കാട് കോഴിക്കോട് വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടും
തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ കോട്ടയം ജില്ലകളിൽ യല്ലോ അലർട്ടും പ്രഖ്യാപിച്ചു. മഴക്കൊപ്പം ശക്തമായ കാറ്റിനും ഇടിമിന്നലിനും സാധ്യതയുണ്ട്. അതി തീവ്രമഴയുടെ പശ്ചാത്തലത്തിൽ പൊതുജനങ്ങളും സർക്കാർ സംവിധാനങ്ങളും ജാഗ്രത പാലിക്കണമെന്ന് ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.നാളെയും മറ്റന്നാളും 12 ജില്ലകളിൽ മഴ മുന്നറിയിപ്പ് ഉണ്ട്.ബംഗാൾ ഉൾകടലിലെ ന്യുന മർദ്ദവും, അറബികടലിൽ കേരള തീരത്ത് നിലനിൽക്കുന്ന ന്യുന മർദ്ദ പാത്തിയുടെയും സ്വാധീനത്തിൽ പടിഞ്ഞാറൻ കാറ്റ് ശക്തി പ്രാപിച്ചതാണ് സംസ്ഥാനത്ത് മഴ കനക്കാൻ കാരണം. ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുള്ളതിനാൽ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി.കേരള തമിഴ്നാട് തീരങ്ങളിൽ ഉയർന്ന തിരമാലക്കും കടലാക്രമണത്തിനും സാധ്യതയുള്ളതിനാൽ
മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം.കണ്ണൂർ, കാസറഗോഡ് ജില്ലകളിലെ തീരങ്ങളിൽ പ്രത്യേക ജാഗ്രത ആവശ്യമെന്നും തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, മലപ്പുറം ജില്ലകളിലെ തീരങ്ങളിൽ ജാഗ്രത പാലിക്കണമെന്നും ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചു.