നെഹ്റുട്രോഫി: ക്യാപ്റ്റന്‍സ് മീറ്റ് ജൂലൈ 29ന്

Advertisement

ആലപ്പുഴ: ആഗസ്റ്റ് 10 -ാം തീയതി നടക്കുന്ന 70-ാമത് നെഹ്രു ട്രോഫി ജലോത്സവ മത്സര വള്ളംകളിക്ക് മുന്നോടിയായുള്ള ക്യാപ്റ്റന്‍സ് മീറ്റിംഗ്’ ജൂലൈ 29 ന് നടക്കും. തിങ്കളാഴ്ച വൈ.എം.സി.എ പാലത്തിന് സമീപമുള്ള ഹാളില്‍ രാവിലെ 10 മണിക്ക് ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗ്ഗീസ് ഉദ്ഘാടനം നിര്‍വഹിക്കും. ഈ വര്‍ഷത്തെ ജലോല്‍സവത്തിന്റെ നിബന്ധനകളും, നിര്‍ദ്ദേശങ്ങളും അറിയിക്കും. എല്ലാ ടീമുകളെയും പരിചയപ്പെടുത്തും. യോഗത്തില്‍ ഈ വര്‍ഷം നെഹ്രുട്രോഫി ജലോത്സവത്തിന് ആലപ്പുഴ റവന്യൂ ഡിവിഷന്‍ ഓഫീസില്‍ നിന്നും രജിസ്ട്രേഷന്‍ ഫോം കൈപ്പറ്റിയിരിക്കുന്ന എല്ലാ ചൂണ്ടന്‍ വളളങ്ങളുടെയും മറ്റ് കളി വളളങ്ങളുടെയും ക്യാപ്റ്റന്‍മാരും ലീഡിംഗ് ക്യാപ്റ്റന്‍മാരും നിര്‍ബന്ധമായും പങ്കെടുക്കണം. നെഹ്‌റുട്രോഫി ജലോത്സവത്തില്‍ പങ്കെടുക്കുന്നതിനുള്ള രജിസ്ട്രേഷന്‍ ഉറപ്പിക്കുന്നത് ക്യാപ്റ്റന്‍സ് മീറ്റിംഗില്‍ ക്യാപ്റ്റനും ലീഡിംഗ് ക്യാപ്റ്റനും ഹാജരായി ഉദ്യോഗസ്ഥരുടെ സാന്നിദ്ധ്യത്തില്‍ സൂഷ്മപരിശോധനയ്ക്ക് ശേഷം മാത്രമായിരിക്കും. യോഗത്തില്‍ പങ്കെടുക്കാത്ത വള്ളങ്ങളുടെ ക്യാപ്റ്റനും ലീഡിംഗ് ക്യാപ്റ്റനും ഉണ്ടെങ്കില്‍ ആ ക്ലബുകളുടെ ബോണസില്‍ 50 ശതമാനം കുറവു വരുത്തുന്നതാണ്. മത്സരത്തില്‍ പങ്കെടുക്കുന്ന ചുണ്ടന്‍ വള്ളങ്ങളിലെ തുഴച്ചില്‍കാര്‍ക്കുള്ള ഫോം ആലപ്പുഴ സബ് കളക്ടറുടെ കാര്യാലയത്തില്‍ നിന്നും വിതരണം ചെയ്യും. ഈ ഫോം പൂരിപ്പിച്ച് ജൂലൈ മാസം 29-ാം തീയതിയ്ക്കു മുമ്പ് ആലപ്പുഴ, ബോട്ട് ജെട്ടിക്ക് എതിര്‍ വശത്തുള്ള മിനി സിവില്‍സ്റ്റേഷന്‍ അനക്‌സിന്റെ രണ്ടാം നിലയിലുള്ള ആലപ്പുഴ, ഇറിഗേഷന്‍ ഡിവിഷന്‍, എക്‌സിക്യൂട്ടീവ് എഞ്ചിനീയറുടെ കാര്യാലയത്തില്‍ എത്തിക്കണമെന്ന് ആലപ്പുഴ, ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

Advertisement