ആമയിഴഞ്ചാന്‍ തോട് സംഭവം, ഭരണ-പ്രതിപക്ഷ തര്‍ക്കം

Advertisement

തിരുവനന്തപുരം . വലയം ചെയ്യുന്ന മാലിന്യത്തില്‍ വലയുന്ന നഗരം. ആമയിഴഞ്ചാന്‍ തോട്ടില്‍ മാലിന്യം നീക്കം ചെയ്യാനിറങ്ങിയ ജോയി മരണപ്പെട്ടതില്‍ ഭരണ-പ്രതിപക്ഷ തര്‍ക്കം രൂക്ഷം. മഴക്കാലപൂര്‍വ ശുചീകരണം നിയമസഭയില്‍ ഉന്നയിച്ച വിഷയമാണെന്നും സര്‍ക്കാരും നഗരസഭയും എന്തു ചെയ്യുന്നുവെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. മരണത്തിന് ഉത്തരവാദികള്‍ സര്‍ക്കാരും നഗരസഭയും റെയില്‍വേയുമാണെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്‍ എംപി. എന്നാല്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് മന്ത്രി എംബി രാജേഷ് ആരോപിച്ചു. പ്രതിപക്ഷ നേതാവ് പ്രസ്താവന പിന്‍വലിക്കണമെന്ന് മന്ത്രി വി.ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

മഴക്കാല ശുചീകരണ പ്രവര്‍ത്തനം നിയമസഭയില്‍ പ്രതിപക്ഷം ഉന്നയിച്ച വിഷയമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍. സര്‍ക്കാര്‍ നോക്കുകുത്തിയാകുന്നു.
കോര്‍പറേഷനും റെയില്‍വേയും തമ്മിലുള്ള പ്രശ്‌നം സര്‍ക്കാര്‍ തീര്‍പ്പാക്കണം. സംസ്ഥാനത്ത് വകുപ്പുകള്‍ തമ്മില്‍ ഏകോപനമില്ലെന്നും പ്രതിപക്ഷ നേതാവ്.

മാലിന്യനിര്‍മാര്‍ജ്ജനത്തില്‍ അതീവ ഗുരുതരമായവീഴ്ച വരുത്തിയതാണ് രക്ഷാപ്രവര്‍ത്തനത്തിന് പ്രതിസന്ധി സൃഷ്ടിച്ചതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്‍. സെക്രട്ടേറിയറ്റിന്റെ സമീപത്ത് ഇതുപോലൊരു ദുരന്തം ഉണ്ടായി ദിവസങ്ങള്‍ പിന്നിട്ടിട്ടും അവിടെയെത്തി രക്ഷപ്രവര്‍ത്തന പുരോഗതി വിലയിരുത്താന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പ്രസ്താവനയില്‍ ആരോപിച്ചു. എന്നാല്‍ തൊഴിലാളി മരിച്ച സംഭവത്തില്‍ പ്രതിപക്ഷം രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചെന്ന് മന്ത്രി എംബി രാജേഷ്. തിരച്ചില്‍ നടക്കുമ്പോള്‍ പ്രതിപക്ഷ നേതാവ് പറഞ്ഞത് പരിഷ്‌കൃത സമൂഹത്തിന് നല്ലതാണോ എന്ന് ആലോചിക്കണമെന്നും എംബി രാജേഷ്.

രക്ഷാദൗത്യത്തിന് എല്ലാ സാധ്യതകളും ഉപയോഗിച്ചു. രാഷ്ട്രീയ മുതലെടുപ്പിനാണ് പ്രതിപക്ഷ നേതാവ് ശ്രമിക്കുന്നത്. ദുഷ്ടലാക്കോടെയുള്ള പ്രസ്താവന പിന്‍വലിക്കണമെന്നും വി ശിവന്‍കുട്ടി ആവശ്യപ്പെട്ടു.

വെള്ളക്കെട്ട് പരിഹരിക്കുന്നതില്‍ തിരുവനന്തപുരം നഗരസഭയ്ക്ക് ഗുരുതര വീഴ്ചയുണ്ടായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. എല്ലാം റെയില്‍വേയുടെ തലയില്‍ കെട്ടിവയ്ക്കാനാണ് ശ്രമമെന്നും മേയര്‍ക്കെതിരേ കേസ് എടുക്കണമെന്നും കെ സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Advertisement