2024 ജൂലൈ 16 ചൊവ്വ
BREAKING NEWS
👉 ജമ്മു കാശ്മീരിലെ ഡോ ഡാ ജില്ലയിൽ ഭീകരാക്രമണം നാല് സൈനീകർക്ക് വീരമൃത്യു.
👉വെള്ളറടയിൽ സർക്കാർ ഉദ്യോഗസ്ഥനായ ഷാജി (43)നെ സുഹൃത്തിൻ്റെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.
👉പശ്ചിമകൊച്ചിയിൽ കാറ്റും മഴയും തുടരുന്നു
👉കനത്ത മഴയിൽ ആലുവ ശിവക്ഷേത്രം മുങ്ങി
👉 ഡൊണാൾഡ് ട്രംപ് അമേരിക്കൻ പ്രസിഡൻ്റ് തിരഞ്ഞെടുപ്പിൽ മത്സരിക്കും.
👉മൂന്നാർ മാട്ടുപ്പെട്ടി റോഡിലെ മണ്ണിടിച്ചിൽ വാഹനങ്ങൾ ചെളിയിൽ പുതഞ്ഞു.
🌴 കേരളീയം 🌴
🙏 തിരുവനന്തപുരം ആമയിഴഞ്ചാന്‍ തോട് വൃത്തിയാക്കാനായി ഇറങ്ങിയ ജോയിയുടെ മരണത്തില്‍ ഹൈക്കോടതി ഇടപെടല്‍. അമിക്കസ് ക്യൂറിയോട് ആമയിഴഞ്ചാന്‍ തോട് ദുരന്തം സംബന്ധിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ഹൈക്കോടതി ആവശ്യപ്പെട്ടു. പ്രതിഫലമായി അമിക്കസ് ക്യൂറിയ്ക്ക് 1.5 ലക്ഷം രൂപ സംസ്ഥാന സര്‍ക്കാരും മുനിസിപ്പല്‍ കോര്‍പറേഷനും റെയില്‍വേയും ചേര്‍ന്ന് ഈ മാസം 19 ന് മുന്‍പ് നല്‍കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു.
🙏 സംസ്ഥാനത്ത് അതിതീവ്ര മഴ തുടരുന്നു. കണ്ണൂരും കാസര്‍കോടും കോട്ടയത്തും ആലപ്പുഴയിലും മരം വീണ് അപകടങ്ങള്‍. കൊച്ചി നഗരത്തില്‍ റോഡ് ഇടിഞ്ഞുവീണു. ചെമ്പു മുക്കില്‍ നിന്ന് അട്ടിപ്പേറ്റി നഗറിലേക്കുള്ള റോഡാണ് ഇന്നലെ പുലര്‍ച്ചെ ഇടിഞ്ഞത്. രണ്ടുമാസം മുമ്പ് നിര്‍മാണം പൂര്‍ത്തിയാക്കിയ റോഡാണിത്. ആലപ്പുഴയില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രികരായ ദമ്പതികള്‍ക്ക് പരിക്കേറ്റു. കണ്ണൂരും കാസര്‍ഗോഡും കോട്ടയത്തും വീടുകള്‍ തകര്‍ന്നു.
🙏 ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപപ്പെട്ടതിന്റെ ഫലമായി സംസ്ഥാനത്ത് ഇന്നും വരും ദിവസങ്ങളിലും അതിശക്ത മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. വടക്കന്‍ കേരള തീരം മുതല്‍ തെക്കന്‍ ഗുജറാത്ത് തീരം വരെ ന്യൂനമര്‍ദ പാത്തി സ്ഥിതിചെയ്യുന്നുണ്ട്. മധ്യ പടിഞ്ഞാറന്‍ ബംഗാള്‍ ഉള്‍ക്കടലില്‍ ഒഡിഷ തീരത്ത് ന്യൂനമര്‍ദവും രൂപപ്പെട്ടു. ഇതിന്റെ ഫലമായി കേരളത്തില്‍ വ്യാപകമായി ഇടിന്നലോടും കാറ്റോടും കൂടിയ അതിശക്തമായ മഴയ്ക്കാണ് സാധ്യത. ഇന്ന് അഞ്ച് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചത്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്. നാളെയും മറ്റന്നാളും കോഴിക്കോട്, കണ്ണൂര്‍, കാസറഗോഡ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
🙏 സംസ്ഥാന സിവില്‍ സപ്ലൈസ് കോര്‍പറേഷന് വിപണി ഇടപെടല്‍ പ്രവര്‍ത്തനങ്ങള്‍ക്കായി 100 കോടി രൂപ അനുവദിച്ചതായി ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ അറിയിച്ചു . നിത്യോപയോഗ സാധനങ്ങള്‍ 35 ശതമാനം വരെ വില കുറച്ച് സപ്ലൈയ്‌കോ സ്റ്റോറുകള്‍ വഴി വിതരണം ചെയ്യുന്നതിനാണ് സഹായം. ഓണത്തിനു മുന്നോടിയായി സാധനങ്ങള്‍ എത്തിക്കുന്ന സപ്ലൈയര്‍മാര്‍ക്ക് നല്‍കുന്നതിനടക്കം ഈ തുക വിനിയോഗിക്കാനാകുമെന്ന് ധനകാര്യ വകുപ്പ് അറിയിച്ചു.
🙏 താമരശ്ശേരിയില്‍ നിന്ന് തട്ടിക്കൊണ്ടുപോയ മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ കണ്ടെത്തി. വയനാട് വൈത്തിരിയില്‍ നിന്നാണ് ഹര്‍ഷാദിനെ കണ്ടെത്തിയത്. തട്ടിക്കൊണ്ടുപോയ സംഘം വൈത്തിരിയില്‍ ഒരു ബൈക്ക് കടയ്ക്ക് സമീപം ഹര്‍ഷാദിനെ ഇറക്കിവിടുകയായിരുന്നു. താമരശ്ശേരിയില്‍ നിന്ന് മൊബൈല്‍ ഷോപ്പ് ഉടമയായ ഹര്‍ഷാദിനെ തട്ടിക്കൊണ്ടുപോയതിന് പിന്നില്‍ 10 അംഗ സംഘമെന്ന് പൊലീസ്.
🙏 സ്വപ്ന സുരേഷിനെ പ്രതിരോധത്തിലാക്കി വ്യാജ സര്‍ട്ടിഫിക്കറ്റ് കേസിലെ രണ്ടാം പ്രതി സച്ചിന്‍ ദാസ് മാപ്പുസാക്ഷിയാക്കണമെന്ന് ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.
🙏 സംസ്ഥാനത്തെ മൂന്നു ജില്ലാ കളക്ടര്‍മാര്‍ക്ക് സ്ഥലംമാറ്റം . തിരുവനന്തപുരം കളക്ടര്‍ ജെറോമിക് ജോര്‍ജ്ജിനെ പിന്നോക്ക ക്ഷേമ ഡയറക്ടറാക്കിയാണ് നിയമിച്ചത്. ഐടി മിഷന്‍ ഡയറക്ടറായ അനു കുമാരിയാണ് പുതിയ തിരുവനന്തപുരം കളക്ടര്‍. കോട്ടയം കളക്ടര്‍ വി വിഘ്നേശ്വരിയെ ഇടുക്കിയിലേക്ക് മാറ്റി. ഇടുക്കി കളക്ടര്‍ ഷീബാ ജോര്‍ജ്ജിനെ റവന്യൂവകുപ്പിലെ അഡീഷണല്‍ സെക്രട്ടറിയായും നിയമിച്ചു. ജോണ്‍ വി സാമുവലാണ് പുതിയ കോട്ടയം കളക്ടര്‍. സപ്ലൈക്കോയില്‍ നിന്നും മാറ്റിയ ശ്രീറാം വെങ്കിട്ടരാമനെ ധനവകുപ്പിന്റെ ജോയിന്റ് സെക്രട്ടറിയായി നിയമനം നല്‍കി.
🙏 സംസ്ഥാന ധനകാര്യ മേഖലയുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളില്‍ സംയുക്ത നിവേദനം നല്‍കാന്‍ എംപിമാരുടെ യോഗത്തില്‍ തീരുമാനമായി . തിരുവനന്തപുരം തൈക്കാട് ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിളിച്ചു ചേര്‍ത്ത കേരളത്തില്‍ നിന്നുള്ള എംപി മാരുടെ യോഗത്തിലാണ് തീരുമാനം.
🙏 കൊങ്കണ്‍ പാതയിലുണ്ടായ മണ്ണിടിച്ചിലിനെ തുടര്‍ന്ന് നാല് ട്രെയിനുകള്‍ റദ്ദാക്കി. ഒരു ട്രെയിന്‍ പന്‍വേല്‍ വഴി വഴിതിരിച്ചു വിട്ടു. രത്നഗിരി മേഖലയിലെ ട്രാക്കിലേക്കാണ് മണ്ണിടിച്ചിലുണ്ടായത്. മണ്ണ് നീക്കി ട്രെയിന്‍ ഗതാഗതം പുനഃസ്ഥാപിക്കാന്‍ ശ്രമം നടക്കുന്നുണ്ട്.
🙏 പെട്രോള്‍ പമ്പ് ജീവനക്കാരനെ കാറിടിച്ച് കൊല്ലാന്‍ ശ്രമിച്ച ഗ്രേഡ് എ.എസ്.ഐ സന്തോഷ് കുമാറിനെ റിമാന്‍ഡ് ചെയ്തു. 14 ദിവസത്തേക്കാണ് ജുഡീഷ്യല്‍ കസ്റ്റഡി. ഇന്ധനം നിറച്ചതിന്റെ പണം ചോദിച്ചതിന് പമ്പ് ജീവനക്കാരനായ അനിലിനെ കാറിന്റെ ബോണറ്റിലിരുത്തി അര കിലോമീറ്റര്‍ കാറോടിച്ചായിരുന്നു പൊലീസുകാരന്റെ അതിക്രമം.
🙏 മലപ്പുറത്ത് പൊലീസിനെ അക്രമിച്ച കേസില്‍ രണ്ടുപേര്‍ അറസ്റ്റില്‍. പൊതുസ്ഥലത്ത് മദ്യപിച്ചത് ചോദ്യം ചെയ്തതിനാണ് പൊന്നാനി സ്റ്റേഷനിലെ പൊലീസുകാരെ യുവാക്കള്‍ ആക്രമിച്ചത്. സംഭവത്തില്‍ കുറ്റിക്കാട് സ്വദേശികളായ സൂരജ്, ശ്രീകാന്ത് എന്നിവരാണ് അറസ്റ്റിലായത്.
🙏 ആലപ്പുഴയില്‍ താറാവ് അടക്കമുള്ള പക്ഷി വളര്‍ത്തലിന് 2025 വരെ നിരോധനം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന് മന്ത്രി ജെ ചിഞ്ചുറാണി. പക്ഷിപ്പനി വ്യാപകമായി പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തിലാണ് ഇത്തരമൊരു ആലോചന.
🙏 ഡ്രഡ്ജര്‍ അഴിമതി കേസില്‍ മുന്‍ ഡിജിപി ജേക്കബ് തോമസിന് എതിരായ അന്വേഷണ റിപ്പോര്‍ട്ട് മുദ്ര വച്ച കവറില്‍, രണ്ട് ദിവസത്തിനുള്ളില്‍ ഫയല്‍ ചെയ്യാന്‍ സംസ്ഥാന സര്‍ക്കാരിന് സുപ്രീംകോടതി നിര്‍ദ്ദേശം നല്‍കി. കേസ് ഓഗസ്റ്റ് 9 ന് പരിഗണിക്കാനായി മാറ്റി.
🙏 കരാര്‍ കമ്പനിക്കെതിരെ ഇന്ന് മുതല്‍ പ്രതിഷേധം തുടങ്ങുമെന്ന് 108 ആംബുലന്‍സ് ജീവനക്കാര്‍. ഒരു ആശുപത്രിയില്‍ നിന്നും മറ്റൊരു ആശുപത്രിയിലേക്കുള്ള കേസുകള്‍ എടുക്കാതെയാണ് പ്രതിഷേധമാരംഭിക്കുന്നത്. എന്നാല്‍ അടിയന്തിര സര്‍വ്വീസുകളായ റോഡപകടങ്ങളില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും, വീടുകളിലെ രോഗികള്‍ക്കും കുട്ടികള്‍ക്കും സേവനം നല്‍കിക്കൊണ്ടായിരിക്കും പരോക്ഷസമരം നടത്തുന്നത്.
🙏 ‘ഓണത്തിനൊരു മുറം പച്ചക്കറി’ എന്ന പേരില്‍ കൃഷി വകുപ്പ് നടപ്പാക്കുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്ഘാടനം സെക്രട്ടേറിയറ്റ് വളപ്പില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിക്കും. നാളെ രാവിലെ മന്ത്രി പി. പ്രസാദിന്റെ അധ്യക്ഷതയില്‍ സെക്രട്ടേറിയറ്റ് ഉദ്യാനത്തിലാണ് ഉദ്ഘാടന ചടങ്ങ്.
🙏 ജയിലില്‍ കയറി തടവുകാരന്റെ മൊഴി റെക്കോഡ് ചെയ്യാന്‍ ശ്രമിച്ചെന്ന രണ്ട് മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരായ കേസ് ഹൈക്കോടതി റദ്ദാക്കി. 2013 ല്‍ സോളാര്‍ കേസില്‍ പത്തനംതിട്ട ജില്ലാ ജയിലില്‍ കഴിഞ്ഞിരുന്ന ജോപ്പന്റെ മൊഴി മൊബൈല്‍ ഫോണില്‍ റെക്കോര്‍ഡ് ചെയ്യാന്‍ ശ്രമിച്ചെന്ന കേസിലാണ് ടിവി ചാനല്‍ പ്രവര്‍ത്തകര്‍ക്കെതിരെയുളള കേസ് ജസ്റ്റിസ് പിവി
കുഞ്ഞികൃഷ്ണന്‍
റദ്ദാക്കിയത്.
🇳🇪 ദേശീയം 🇳🇪
🙏 ഭരണഘടന അംഗീകരിച്ചതിന്റെ എഴുപത്തഞ്ചാം വാര്‍ഷികം വിപുലമായി ആഘോഷമാക്കാന്‍ തയ്യാറെടുത്ത് കേന്ദ്രസര്‍ക്കാര്‍. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച ജൂണ്‍ 25 ഭരണഘടനാ ഹത്യാ ദിനമാക്കിയുള്ള പ്രഖ്യാപനത്തിന് തൊട്ടുപിന്നാലെയാണ് എഴുപത്തഞ്ചാം വാര്‍ഷികം ആഘോഷമാക്കാനുള്ള നീക്കം.
🙏 രാഹുല്‍ ഗാന്ധിക്കെതിരെ വയനാട്ടില്‍ ആനി രാജ മത്സരിച്ചതില്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ വിമര്‍ശനം. നടപടി രാഷ്ട്രീയ വിവേകമില്ലായ്മയെന്ന് പഞ്ചാബിലെ അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. ഇക്കാര്യത്തിലെ അനൗചിത്യം ചൂണ്ടി കാണിച്ചു തെരഞ്ഞെടുപ്പിന് മുന്‍പ് തന്നെ ദേശീയ നേതൃത്വത്തിന് താന്‍ കത്ത് നല്‍കിയിരുന്നതായി ആനി രാജ യോഗത്തെ അറിയിച്ചു.
🙏 ദില്ലിയില്‍ കേദാര്‍നാഥ് ക്ഷേത്രത്തിന്റെ മാതൃകയില്‍ ക്ഷേത്രം നിര്‍മ്മിക്കുന്നത് അഴിതിക്ക് വഴിയൊരുക്കുമെന്നും കേദാര്‍നാഥ് ക്ഷേത്രത്തില്‍ നിന്നും 228 കിലോ സ്വര്‍ണം കാണാതായെന്നും ജ്യോതിര്‍മഠം ശങ്കരാചാര്യര്‍ അവിമുക്തേശ്വരാനന്ദ സരസ്വതി ആരോപിച്ചു.
🙏 ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച് താഴ്ചയിലേക്ക് മറിഞ്ഞ് മുംബൈയില്‍ അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഡോംബിവ്‌ളിയിലെ കേസര്‍ ഗ്രാമത്തില്‍ നിന്ന് പന്തര്‍പുരിലേക്ക് പോകുകയായിരുന്ന ബസാണ് മുംബൈയിലെ എക്‌സ്പ്രസ് ഹൈവേയ്ക്ക് സമീപത്ത് വെച്ച് അപകടത്തില്‍ പെട്ടത്.
🙏 ബസ് ചാര്‍ജ് വര്‍ധന നടപ്പാക്കാന്‍ കര്‍ണാടക ആര്‍ടിസി തയാറെടുക്കുന്നതിടെ പ്രതികരണവുമായി ഗതാഗത മന്ത്രി രാമലിംഗ റെഡ്ഡി. ശക്തി പദ്ധതി നഷ്ടത്തിലേക്ക് നയിച്ചിട്ടില്ലെന്നും പകരം പ്രതിവര്‍ഷം 20 ലക്ഷം യാത്രക്കാരെ കര്‍ണാടക സ്റ്റേറ്റ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ എത്തിക്കുകയാണ് ചെയ്തതെന്നും രാമലിംഗ റെഡ്ഡി പറഞ്ഞു.
🙏 കോളേജ് വിദ്യാര്‍ഥികള്‍ക്ക് വിചിത്രമായ ‘ഉപദേശ’വുമായി മധ്യപ്രദേശിലെ ഗുണ മണ്ഡലത്തില്‍നിന്നുള്ള ബി.ജെ.പി. എം.എല്‍.എ പന്നാലാല്‍ ശാക്യ. ഡിഗ്രിയെടുക്കുന്നതുകൊണ്ട് ഒരു കാര്യവുമില്ലെന്നും ജീവിക്കാനായി വിദ്യാര്‍ഥികള്‍ മോട്ടോര്‍ സൈക്കിള്‍ പഞ്ചര്‍ റിപ്പയര്‍ കട തുടങ്ങണമെന്നാണ് എം.എല്‍.എ വിദ്യാര്‍ഥികളോട് പറഞ്ഞത്. തന്റെ മണ്ഡലത്തിലെ ‘പ്രധാനമന്ത്രി കോളേജ് ഓഫ് എക്‌സലന്‍സി’ന്റെ ഉദ്ഘാടനച്ചടങ്ങിനിടെയാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
🙏 അദാനി ഹിന്‍ഡന്‍ബെര്‍ഗ് കേസിലെ വിധിയില്‍ പുന:പരിശോധന ഇല്ലെന്ന് സുപ്രീം കോടതി. സുപ്രീംകോടതി അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിക്കണമെന്നാവശ്യവും തള്ളുകയായിരുന്നു. ഓഹരി വിപണിയുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് കൃത്രിമത്വം കാട്ടിയെന്നാണ് ഹിന്‍ഡന്‍ബെര്‍ഗ് റിപ്പോര്‍ട്ട്. സെബിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കേന്ദ്രം നടപടി സ്വീകരിക്കണമെന്നുമായിരുന്നു കോടതി നിര്‍ദേശം.
🙏 വ്യാജ സര്‍ട്ടിഫിക്കറ്റ്
ആരോപണത്തില്‍ മൗനം ഭേദിച്ച് മഹാരാഷ്ട്രയിലെ വിവാദ ഐ.എ.എസ്. ട്രെയിനി പൂജ ഖേദ്കര്‍. തനിക്കെതിരായ ആരോപണങ്ങള്‍ അന്വേഷിക്കുന്ന കേന്ദ്ര സമിതിക്ക് മുമ്പാകെ മൊഴി നല്‍കുമെന്നും അതോടെ സത്യം വിജയിക്കുമെന്നും പൂജ പറഞ്ഞു. സര്‍വീസില്‍ പ്രവേശിക്കാനായി സമര്‍പ്പിച്ച ഒ.ബി.സി. സര്‍ട്ടിഫിക്കറ്റും ഭിന്നശേഷിക്കാരിയാണെന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റും വ്യാജമാണെന്നാണ് പൂജ ഖേദ്കറിനെതിരായ ആരോപണം.
🇦🇽 അന്തർദേശീയം 🇦🇴
🙏 അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഡോണള്‍ഡ് ട്രംപിനെ ഔദ്യോഗികമായി പ്രഖ്യാപിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടി. പാര്‍ട്ടിയുടെ ദേശീയ കണ്‍വന്‍ഷനിലായിരുന്നു പ്രഖ്യാപനം. വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥിയായി ഒഹായോയില്‍നിന്നുള്ള സെനറ്റര്‍ ജെ.ഡി.വാന്‍സിനെയും പ്രഖ്യാപിച്ചു.
🙏 പാകിസ്താന്‍ മുന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ നേതൃത്വം നല്‍കുന്ന പിടിഐയെ നിരോധിക്കാന്‍ ഒരുങ്ങി ഭരണകൂടം. പിടിഐയെ നിരോധിക്കാനും സ്ഥാപകന്‍ ഇമ്രാന്‍ ഖാന്‍, മുന്‍ പ്രസിഡന്റ് ആരിഫ് അല്‍വി, മുന്‍ ദേശീയ അസംബ്ലി ഡെപ്യൂട്ടി സ്പീക്കര്‍ ഖാസിം സൂരി എന്നിവര്‍ക്കെതിരെ രാജ്യദ്രോഹ കുറ്റമടക്കം ചുമത്തി നടപടികളെടുക്കാനും തീരുമാനിച്ചതായി വാര്‍ത്താ വിനിമയ വകുപ്പ് മന്ത്രി അത്താവുള്ള തരാര്‍ അറിയിച്ചു.
🙏 ഡൊണാള്‍ഡ് ട്രംപിനെ വധശ്രമത്തില്‍ നിന്ന് രക്ഷിച്ചത് ‘ഭഗവാന്‍ ജഗന്നാഥ’നാണെന്ന വാദവുമായി കൃഷ്ണഭക്തരുടെ അന്താരാഷ്ട്ര സംഘടനയായ ഇസ്‌കോണ്‍. കൊല്‍ക്കത്ത ഇസ്‌കോണ്‍ വൈസ് പ്രസിഡന്റ് രാധാറാം ദാസാണ് ഇക്കാര്യം പറഞ്ഞത്. വധശ്രമത്തില്‍നിന്ന് ട്രംപ് തലനാരിഴയ്ക്ക് രക്ഷപ്പെട്ടതിനെ ‘ദൈവീകമായ ഇടപെടല്‍’ എന്ന് വിശേഷിപ്പിച്ച അദ്ദേഹം 1976 ജൂലായില്‍ ന്യൂയോര്‍ക്കില്‍ നടന്ന രഥയാത്രയെ സഹായിച്ചതിന് പ്രത്യുപകാരമായാണ് ഭഗവാന്‍, ട്രംപിന്റെ ജീവന്‍ രക്ഷിച്ചതെന്നും കൂട്ടിച്ചേര്‍ത്തു.
⚽ കായികം ⚽
🙏 അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് പടിയിറങ്ങി അര്‍ജന്റീനയുടെ സൂപ്പര്‍താരം എയ്്ഞ്ചല്‍ ഡി മരിയ. കോപ്പ അമേരിക്കയില്‍ കൊളംബിയയെ തകര്‍ത്ത് അര്‍ജന്റീന 16-ാം കിരീടം നേടിയപ്പോള്‍, അത് 11-ാം നമ്പറുകാരന്റെ പടിയിറങ്ങല്‍ കൂടിയായിരുന്നു. കോപ്പ കഴിയുന്നതോടെ അന്താരാഷ്ട്ര ഫുട്‌ബോളില്‍നിന്ന് വിരമിക്കുമെന്ന് ഡി മരിയ നേരത്തേ അറിയിച്ചിരുന്നു.