ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്ന് രമേശ് നാരായണന്‍

Advertisement

നടന്‍ ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിച്ചിട്ടില്ലെന്ന് സംഗീത സംവിധായകന്‍ രമേശ് നാരായണന്‍. എം.ടി.വാസുദേവന്‍ നായരുടെ ഒന്‍പത് കഥകളെ ആസ്പദമാക്കി ഒരുങ്ങുന്ന ആന്തോളജി ചിത്രം ‘മനോരഥങ്ങളു’ടെ ട്രെയിലര്‍ ലോഞ്ചിനിടെ നടന്ന സംഭവത്തിലാണ്, രമേഷ് നാരായണന്റെ പ്രതികരണം.
തിങ്കളാഴ്ച നടന്ന ചടങ്ങില്‍, രമേഷ് നാരായണന് പുരസ്‌കാരം നല്‍കാന്‍ ആസിഫ് അലിയെ സംഘാടകര്‍ ക്ഷണിച്ചു. എന്നാല്‍ ആസിഫില്‍ നിന്നും പുരസ്‌കാരം സ്വീകരിക്കാന്‍ മടിച്ച രമേശ് നാരായണന്‍, പകരം സംവിധായകന്‍ ജയരാജിനെ വേദിയിലേക്ക് വിളിച്ചുവരുത്തി ജയരാജില്‍ നിന്നും പുരസ്‌കാരം ഏറ്റുവാങ്ങുകയായിരുന്നു. ഇതിന് പിന്നാലെ വ്യാപക വിമര്‍ശനമാണ് രമേഷ് നാരായണനെതിരെ ഉയര്‍ന്നത്.
സംഭവം വിവാദമായതിന് പിന്നാലെയാണ് രമേഷ് നാരായണന്റെ പ്രതികരണം. ആസിഫ് അലിയെ കരുതിക്കൂട്ടി അപമാനിക്കാന്‍ ശ്രമിച്ചിട്ടില്ലെന്നാണ് രമേഷിന്റെ വിശദീകരണം. ‘ആസിഫിന് അങ്ങനെ തോന്നിയെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഒരിക്കലും ഞാന്‍ കരുതിക്കൂട്ടി ആസിഫിന്റെ കൈ തട്ടിമാറ്റുകയിട്ടില്ല. എന്റെ മനസില്‍ ജയരാജ് കൂടി അവിടെ വരണമെന്നുണ്ടായിരുന്നു. അത്ര മാത്രമേ ഉണ്ടായിരുന്നുള്ളു.
ആസിഫിന്റെ കൈ തട്ടി മാറ്റിയെന്ന് തോന്നിയിട്ടുണ്ടെങ്കില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു. ഓരാളെയും അതിക്ഷേപിക്കാനോ വിഷമിപ്പിക്കാനോ ഞാന്‍ ഉദ്ദേശിച്ചിട്ടില്ല. ആസിഫ് അലിയാണ് അവാര്‍ഡ് തരുന്നതെന്ന കാര്യം എനിക്ക് അറിയില്ല, എനിക്ക് അത് മനസിലായില്ല. ആ സമയത്തെ ശബ്ദങ്ങള്‍ക്കിടയില്‍ അനൗണ്‍സ്‌മെന്റ് ഞാന്‍ കേട്ടില്ല,’ രമേഷ് നാരായണ്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ പരക്കെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ആസിഫിനോട് പൊതുവേദിയില്‍ മോശമായി പെരുമാറിയ രമേഷ് നാരായണന്‍ മാപ്പു പറയണമെന്നാണ് സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ആവശ്യം ഉയര്‍ന്നത്.

Advertisement